Tuesday, June 26, 2018

വെളിച്ചം ഇരുട്ടിനെ അറിയുന്നില്ല. ഇരുട്ടില്‍ നിന്ന്‌ ഉണ്ടായതല്ല വെളിച്ചം. സത്യം അസത്യത്തെ അറിയുന്നില്ല. ശരീരം അസത്യം, ആത്മാവ്‌ സത്യം. അതിനാല്‍ അസത്യമായ ശരീരത്തിന്‌ സത്യമായ ആത്മാവിനെ സൃഷ്ടിക്കാനും അറിയുവാനും കഴിയുകയില്ല. ജനനവും മരണവും ശരീരത്തെ സംബന്ധിച്ച്‌ സത്യമായി തോന്നുന്നു. എന്നാല്‍ അത്‌ ആത്മാവിനെ സംബന്ധിച്ച്‌ ഒരു അസത്യപ്രസ്താവന മാത്രമാണ്‌. ആത്മാവിന്‌ ജനിക്കാനോ മരിക്കാനോ കഴിയുകയില്ല. ആന്തരിക സ്ഥിതി മനസിലായിപ്പോയ മഹാത്മാക്കള്‍ക്ക്‌ മാറ്റമില്ലാത്ത നിശ്ചലമായ ഒരു സത്തയാണ്‌ 'അത്‌' എന്നതില്‍ സംശയമില്ല. അയാള്‍ ആത്മാവില്‍ വര്‍ത്തിക്കുന്നു; അല്ല ആത്മാവായ ആനന്ദ വസ്തുവായിത്തന്നെ ഇരിക്കുന്നു. ആനന്ദത്തിന്റെ ശരീരാദികള്‍ ആവശ്യമില്ല തന്നെ. ഉറക്കത്തിലെ സുഖത്തിന്‌ ആര്‍ക്കും മറ്റുവസ്തുക്കളോ സ്വന്തം ശരീരമോ ആവശ്യമായി വരുന്നില്ലല്ലോ. അതുപോലെ ആത്മജ്ഞാനിക്ക്‌, സാക്ഷാത്കൃനായവന്‌ ആനന്ദത്തിന്‌ മറ്റൊരു വസ്തുവേണ്ടേ വേണ്ട. സ്വയം തന്റെ ആത്മാവിന്റെ ശുദ്ധമായ നിര്‍മ്മലനിലയെ വിശ്വസിക്കാനും അംഗീകരിക്കാനും അറിയാനും കഴിയാത്തവന്റെ ജീവിതം അസന്തുഷ്ടവും പ്രയോജനരഹിതവുമാണ്‌. ശവത്തെ സ്നേഹിച്ചുകൊണ്ട്‌ ഒരുവിന്‍ എത്രകാലം ജീവിച്ചാലും പ്രതികരണമില്ലാത്തതുപോലെയാണ്‌ അത്‌. മറ്റുള്ളവരുടെ നാവിലൂടെ സംസാരിക്കുന്നവരും അന്യന്റെ തലയെടുത്ത്‌ ചിന്തിക്കുന്നവരുമാണ്‌ അധികം പേരും. ബാഹ്യമായ പാതയിലൂടെ സഞ്ചരിക്കുന്ന വരെല്ലാം മറ്റുള്ളവരുടെ ആശയങ്ങളാല്‍ ചോദിതരായി അതിനെ അനുകരിക്കുന്നു. ബാഹ്യമായ ആഡംബരങ്ങളിലും അതിന്റെ ആഗ്രഹങ്ങളിലും അവന്റെ പാതയുടെ ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ആന്തരിക പാത സ്വയം സഞ്ചരിക്കുവാനുള്ളതാണ്‌. അവിടെ നാനാത്വമായ ജീവിതത്തെ കരുപ്പിടുപ്പിക്കുകയാഠണെന്ന വ്യാജേന മറ്റുള്ളവര്‍ നല്‍കിയ ആശയങ്ങളെ മുഴുവനും പൂറം തള്ളി വേണം സഞ്ചരിക്കാന്‍.
എല്ലാ മനുഷ്യരുടെയും കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌ ദേഹത്തിലല്ല. ദേഹത്തിലൂടെ പ്രകടമാകുന്നതിന്‌ മുമ്പ്‌ അത്‌ മാനസികമായി ആരംഭിക്കുന്നു. അതിന്‌ മുന്‍പ്‌ അത്‌ ഉള്ളിലെ ചേതനയായി ഇരുന്ന്‌ ആശയങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട്‌ ഓരോരുത്തരിലും ഒരു പോലെയിരിക്കുന്നു. ഒരു വിധത്തിലും അതിന്‌ ആശയങ്ങള്‍ മുദ്ര ഉണ്ടാക്കുന്നില്ല. ഉള്ളിലെ തിരകളെ, സങ്കല്‍പ വികല്‍പ്പങ്ങളെ ബോധപൂര്‍വ്വം സൃഷ്ടിക്കുകയും, സൃഷ്ടിക്കാതിരിക്കുകയും ചെയ്യാന്‍ ഒരാളിന്‌ കിഴയണം. വിവേകിയായ ഒരു മനുഷ്യന്‍ മനസ്സിന്റെ പിന്നിലല്ല; അതിന്‌ മുന്നിലാണ്‌. എന്നുപറഞ്ഞാല്‍ മനസ്സ്‌ ഉദയമാകുന്നതിന്‌ മുന്നേയുള്ള അയാളുടെ സ്വച്ഛനിലയെക്കുറിച്ച്‌ പൂര്‍ണ്ണമായും അയാള്‍ ബോധവാനാണ്‌. സാക്ഷാത്കൃതനായ ഒരാളിന്‌ അയാളുടെ ചിന്തകളെയും വാക്കുകളെയും നോക്കിക്കാണാനുള്ള സാവകാശം ഉണ്ടാകുന്നു.
ഒരു വസ്തുവിനെ കേന്ദ്രീകരിച്ചല്ലാതെ, ഒരു നിറം സ്വന്തമായി നിലനില്‍ക്കുന്നില്ല. അതുപോലെ മനസ്സിനെ കേന്ദ്രീകരിച്ചാണ്‌ ഇവിടെ രണ്ടാമതൊരു സംഭവം ഉണ്ട്‌ എന്ന്‌ തോന്നുന്നത്‌. അത്‌ തന്റെ വകയോ മനസ്സിന്റെ വകയോ എന്ന്‌ അറിയണം. താന്‍ മനസ്സല്ല എങ്കില്‍ മനസ്സിന്റെ വക തന്റേതല്ല. തന്റേത്‌ എന്ന്‌ ഉണ്ടെങ്കില്‍ അത്‌ മനസ്സിന്റെ വിഷയ രൂപത്തിലുള്ള പരിണാമാവസ്ഥയാണ്‌. അപ്പോള്‍ വിഷയരൂപം തന്റേതാണ്‌ എങ്കില്‍ അതന്‌ അന്തഃകരണത്തില്‍ നിലനില്‍പ്പുണ്ടോ എന്നറിയണം അന്തഃകരണത്തില്‍ ഒരു വസ്തുവിനും നിലനില്‍പില്ല.
ഭൗതികമായ തകര്‍ച്ച ഒരുവനെ ആത്മീയനാക്കുന്നു എന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. എന്നാല്‍ അത്‌ ശരിയല്ല. എന്റെ മാനസികമായ തകര്‍ച്ച ആത്മീയത അന്വേഷിക്കുന്നില്ല. മനസ്സും ശരീരവും കൂടി സൃഷ്ടിച്ച ആത്മീയത അന്വേഷിക്കുന്നില്ല. മനസ്സും ശരീരവും കൂടി സൃഷ്ടിച്ച കര്‍മ്മങ്ങളില്‍ നിന്നും സ്ഥൂലമായി എന്തെല്ലാമോ നേടി എന്നും അത്‌ തന്റേതാണ്‌ എന്നും അത്‌ തന്നെ സുഖിപ്പിക്കും എന്നും മറ്റുമുള്ള ഭാവനകളെല്ലാം തെറ്റാണ്‌. അതിനാലാണ്‌ അത്‌ തകര്‍ന്നുപോകുന്നത്‌. കശീരത്തിനുമപ്പുറം ശരിയായത്‌ ഉണ്ട്‌. അത്‌ എപ്പോഴും അതായി തന്നെ മാറ്റമില്ലാതെയുണ്ട്‌.
- സ്വാമി ശാന്താനന്ദഗിരി 

No comments: