ഉപനിഷത്തിലൂടെ -257
Tuesday 11 September 2018 2:48 am IST
ബൃഹദാരണ്യകോപനിഷത്ത്- 56
ഏഴാം ബ്രാഹ്മണം
അരുണന്റെ മകനായ ഉദ്ദാലകനാണ് പിന്നീട് ചോദ്യമുന്നയിച്ചത്.
ഞാനും കൂട്ടുകാരും മദ്രദേശത്ത് കപിയുടെ മകനായ പതഞ്ചലന്റെ വീട്ടില്‍ താമസിച്ച് യജ്ഞശാസ്ത്രം പഠിക്കുകയായിരുന്നു. അയാളുടെ ഭാര്യ ഗന്ധര്‍വനാല്‍ ആവേശിക്കപ്പെട്ടവളായിരുന്നു. ഞങ്ങള്‍ ഗന്ധര്‍വ നോട് ചോദിച്ചു. നീ ആരാണ് എന്ന്. അയാള്‍ പറഞ്ഞു ഞാന്‍ അഥര്‍വന്റെ പുത്രനായ കബന്ധനാണ്.
അയാള്‍ പതഞ്ചലനോടും യജ്ഞം ചെയ്യുന്നവരോടും ചോദിച്ചു. ഈ ജന്മവും പരലോകവും (വരും ജന്മവും) എല്ലാ ജീവജാലങ്ങളും കെട്ടിയിടപ്പെട്ടത് ഏത് സൂത്രത്തിലാണ് (ചരടിലാണ്)?
പതഞ്ചലന്‍ തനിക്ക് ഉത്തരമറിയില്ല എന്ന് പറഞ്ഞു.
ഈ ലോകത്തെയും പരലോകത്തേയും എല്ലാ ഭൂതങ്ങളേയും ഉള്ളിലിരുന്ന് നിയന്ത്രിക്കുന്ന അന്തര്യാമിയെ അറിയാമോ എന്ന് ഗന്ധര്വന് വീണ്ടും പതഞ്ചലനോടും യാജ്ഞികരോടും ചോദിച്ചു.
അറിയില്ലെന്ന് അവര്‍ പറഞ്ഞു. സൂത്രത്തേയും അന്തര്യാമിയേയും അറിയുന്നയാള്‍ ബ്രഹ്മത്തെ അറിയുന്നവനാണ്. അയാള്‍ ലോകങ്ങളേയും ദേവന്മാരേയും വേദങ്ങളേയും ഭൂതങ്ങളേയും ആത്മാവിനേയും സര്‍വതിനേയും അറിയുന്നവനാണ് എന്ന് ഗന്ധര്വന് അവര്‍ക്ക് പറഞ്ഞു കൊടുത്തു.
അങ്ങനെ സൂത്രത്തേയും അന്തര്യാമിയേയും പറ്റിയുള്ള വിജ്ഞാനം എനിക്കറിയാം. ആ വിജ്ഞാനം നേടാതെയാണ് നീ ബ്രഹ്മജ്ഞന്മാര്ക്കുള്ള പശുക്കളെ കൊണ്ടുപോകുന്നതെങ്കില്‍ നിന്റെ തലതെറിച്ചു പോകുമെന്ന് ഉദ്ദാലകന് യാജ്ഞവല്ക്യനോട് പറഞ്ഞു.
ആ സൂത്രത്തേയും അന്തര്യാമിയേയും എനിക്കറിയാമെന്ന് യാജ്ഞവല്ക്യന് പറഞ്ഞു.
എനിക്കറിയാം എന്ന് ആര്‍ക്കും പറയാം. അറിയാമെങ്കില്‍ അറിയുന്നത് പോലെ പറയണമെന്ന് ഉദ്ദാലകന് ആവശ്യപ്പെട്ടു.
ബ്രഹ്മലോകങ്ങള്ക്കും ഉള്ളിലുള്ള സൂത്രാത്മാവിനേയും അന്തര്യാമിയേയും പറ്റിയാണ് ഇനി വിശദമാക്കുന്നത്. ആചാര്യോപദേശത്താല് നേടേണ്ടതാണത്. അതിനാണ് വിജ്ഞാനത്തെ സ്തുതിച്ചുള്ളതായ ഇത്തരമൊരു ചരിതത്തെ പറഞ്ഞത്.
സൂത്രാത്മാവിനെയും അന്തര്യാമിയേയും അറിയുന്നയാള്‍ പരമാത്മാവിനേയും വിവിധ ലോകങ്ങളേയും അഗ്നി മുതലായ ദേവതമാരേയും എല്ലാത്തിനും പ്രമാണമായ വേദങ്ങളേയും ബ്രഹ്മാവുള്‍പ്പടെയുള്ള എല്ലാ ഭൂതങ്ങളേയും കര്തൃത്വഭോക്തൃത്വങ്ങളോട് കൂടിയ ആത്മാവിനേയും എല്ലാ ലോകത്തേയും അറിയുമെന്നാണ് സ്തുതിച്ച് പറഞ്ഞത്.
സ ഹോ വാച, വായുര്വ്വൈ ഗൗതമ തത്സൂത്രം, വായുനാ വൈ ഗൗതമ
സൂത്രേണായം ലോകഃ...
യാജ്ഞവല്ക്യന് പറഞ്ഞു. ഗൗതമ, വായുവാകുന്നു ആ സൂത്രം. വായുവാകുന്ന സൂത്രം കൊണ്ടാണ് ഈ ലോകവും പരലോകവും എല്ലാ ഭൂതങ്ങളും കെട്ടിയിടപ്പെട്ടിരിക്കുന്നത്. അതിനാലാണ് മരിച്ചയാളെപ്പറ്റി ഇയാളുടെ അവയവങ്ങള്‍ അയഞ്ഞ് പോയി എന്ന് പറയുന്നത്. വായുവാകുന്ന സൂത്രം കൊണ്ടാണ് എല്ലാം കെട്ടിയിടപ്പെട്ടിരിക്കുന്നത് എന്നറിയുക. ഇത് കേട്ട ഗൗതമനായ ഉദ്ദാലകന് അത് ശരിയെന്ന് സമ്മതിച്ചു.
വായു എന്ന് പറഞ്ഞത് സമഷ്ടിപ്രാണനായ ഹിരണ്യഗര്‍ഭനെയാണ്. അതിന്റെ വ്യഷ്ടിരൂപമാണ് ലിംഗാത്മാവ്. പത്ത് ഇന്ദ്രിയങ്ങള്‍, 5 പ്രാണങ്ങള്‍ മനസ്സ്, ബുദ്ധി എനിങ്ങനെ 17 എണ്ണം കൂടിയതാണ് സൂക്ഷ്മരൂപമായ ലിംഗാത്മാവ്. ദേഹത്തില്‍ നിന്ന് ലിംഗാത്മാവ് പോകുമ്പോഴാണ് മരിച്ചു എന്ന് പറയുന്നത്. ചരട് പൊട്ടുമ്പോള്‍ മാലയിലെ മണികള്‍ ഊര്‍ന്ന് പോകും പോലെ അവയവങ്ങള്‍ ആയിത്തീരുന്നു.
ഈ ജന്മത്തേയും അടുത്തതിനേയും ലിംഗാത്മാവാണ് കൂട്ടിയിണക്കുന്നത്. വായു സാമാന്യമായ ഈ സൂത്രം സാമാന്യ രൂപത്തില്‍ ഭൂമി മുതലായവയെ നിലനിര്‍ത്തുന്നു. വിശേഷ രൂപത്തില്‍ കാര്യകാരണസംഘാതത്തെയും നില നിര്‍ത്തുന്നു. എന്നാല്‍ ഇനി അന്തര്യാമിയെക്കുറിച്ച് പറയൂ എന്ന് ഗൗതമന് ആവശ്യപ്പെട്ടു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്, തിരുവനന്തപുരം
No comments:
Post a Comment