Monday, September 10, 2018

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
Tuesday 11 September 2018 2:49 am IST
ജ്ഞാനമാണ് ഉള്ളിലെ പ്രകാശം. അതു ശക്തിയാണ്. വിഷയാസക്തിയോടുള്ള അളവറ്റ മമതാബന്ധംകൊണ്ട് ആ പ്രകാശത്തിനു മങ്ങലേല്‍ക്കുന്നു. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ വിഷയാസക്തിമൂലമാണ് ജ്ഞാനത്തിന്റെ തേജസ്സും ശക്തിയും ജീവന് അനുഭവിക്കാന്‍ കഴിയാതിരിക്കുന്നത്. വാസനകള്‍ നിര്‍മാര്‍ജിതമാകുന്നതുവരെ അതീവജാഗ്രതയോടുകൂടിയിരിക്കണം. 
 വിഷയാസക്തമായജീവിതം ചളി നിറഞ്ഞ കുളമാണ്. അതില്‍നിന്നും ഒരുവന്‍ നേടുന്ന സുഖം പങ്കിലമാണ്, മിഥ്യാരൂപമാണ്, ചഞ്ചലമാണ്. എന്നാല്‍ ജ്ഞാനമാകട്ടെ അമൃതംതന്നെയാണ്. ഈശ്വരദര്‍ശനത്തിന്റ ആനന്ദം നിത്യവും ശുദ്ധവും സീമാതീതവുമാണ്. ഹൃദയസ്ഥിതമായ ഈശ്വരചൈതന്യത്തെ സാക്ഷാത്കരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം അടിമുടി തേജോനിര്‍ഭരമാകും. പിന്നെ നിങ്ങള്‍ക്ക് അസത്യവുമായി ബന്ധപ്പെടാന്‍ സാദ്ധ്യമല്ല. നിങ്ങള്‍ക്കു ഒരു ദുഷ്ടവിചാരത്തെപ്പോലും പുലര്‍ത്താന്‍ കഴിയുകയില്ല. അധാര്‍മികമായ പ്രവൃത്തി ഒരിക്കലും ചെയ്യാന്‍ പറ്റുകയില്ല. നിങ്ങള്‍ ധര്‍മമാര്‍ഗത്തില്‍ സ്ഥിരപ്രതിഷ്ഠനാകും. 
ഒരുവന്‍ തനിക്കു കിട്ടുന്ന ആനുകൂല്യത്തിനും സഹായത്തിനും സമസൃഷ്ടികളോടു നന്ദിയുള്ളവനായിരിക്കണം. അതാണ് മനുഷ്യത്വം. സകലജീവികളും അജ്ഞതയില്‍ ഉഴലുന്നു. ഒരുവന് മറ്റൊരുവനെ (ഈ സംസാരചക്രത്തില്‍നിന്നും) രക്ഷിക്കാന്‍ ത്രാണിയില്ല. ഈശ്വരന്‍ മാത്രമാണ് രക്ഷകന്‍. ഈശ്വരജ്ഞാനം നിങ്ങളില്‍ സഹജമായിട്ടുണ്ട്. നിങ്ങള്‍ അനുഭവിക്കേണ്ടത് ഈശ്വരപ്രേമത്തിന്റെ വര്‍ണനാതീതമായ ആനന്ദനിര്‍വൃതിയും, അനവദ്യ മാധുര്യവുമാണ്. ആ ആനന്ദം അതുല്ല്യമാണ്. പ്രേമസാഗരത്തിന്റെ ആ അതുല്യതയും ആനന്ദവും അമ്മ നേരിട്ടനുഭവിച്ചിട്ടുണ്ട്. അല്ലയോ കുട്ടികളേ, നിങ്ങളും ആ അമൃതഭക്തിയുടെ ആനന്ദം അനുഭവിക്കണം. ഭക്തി ഈശ്വരനില്‍ നിന്നും ലഭിക്കുന്ന അമൂല്യ വരദാനമാണ്. പ്രപഞ്ചാധിനാഥനുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന പരമശക്തമായ പ്രവാഹമാണ് ഭക്തി.
സമ്പാ: കെ.എന്‍.കെ. നമ്പൂതിരി

No comments: