Monday, September 17, 2018

ഭാരതത്തില്‍ മൂന്നുതരം അദ്വൈതദര്‍ശനങ്ങളാണ് ഉണ്ടായത്. ശങ്കരാചാര്യരുടെ ദശോപനിഷത്തുക്കള്‍, ബാദരായണന്റെ ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവ ചേര്‍ത്ത പ്രസ്ഥാനത്രയിയെ അവലംബിച്ചു കൊണ്ട്, മുന്നോട്ടു വെച്ച വിവര്‍ത്തനാധിഷ്ഠിത അദ്വൈതമാണ് ഒന്ന്. മറ്റൊന്ന് താന്ത്രികന്മാരുടെ പരിണാമാധിഷ്ഠിത അദ്വൈതം ആണ്. മൂന്നാമത്തേതാണ് സ്വാതന്ത്ര്യാധിഷ്ഠിത കാശ്മീരശൈവാദ്വൈതം. ഈ കാശ്മീരശൈവപഥത്തിന്റെ ആചാര്യന്‍ ആയി കരുതിവരുന്നത് ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വസുഗുപ്തനെ ആണ്. ഇദ്ദേഹത്തിനെ പ്രേരിപ്പിച്ചത് ആഗമശാസ്ത്രത്തിന്റെയും ശിവസൂത്രത്തിന്റെയും കര്‍ത്താവായ ശിവ-ശ്രീകണ്ഠന്‍ ആണത്രേ. ശിവസൂത്രം ഇദ്ദേഹത്തിന് വെളിപ്പെട്ടുകിട്ടിയതാണെന്നു കരുതിവരുന്നു. കാശ്മീരശൈവപ്രസ്ഥാനത്തിന് ആഗമശാസ്ത്രം, സ്പന്ദശാസ്ത്രം, പ്രത്യഭിജ്ഞാശാസ്ത്രം എന്ന മൂന്നു വിഭാഗങ്ങള്‍ ഉണ്ട്. മാലിനീവിജയം, സ്വച്ഛന്ദം, വിജ്ഞാനഭൈരവം, ഉച്ഛുഷ്മഭൈരവം, ആനന്ദഭൈരവം, മൃഗേന്ദ്രം, നേത്രം, നൈശ്വാസം, സ്വായംഭുവം, രുദ്രയാമളം എന്നിവയാണ് പ്രധാന ആഗമശാസ്ത്രങ്ങള്‍. 
വസുഗുപ്തന്റെ സ്പന്ദകാരികാ (സ്പന്ദസൂത്രം), ഇതിനു ശിഷ്യനായ കല്ലടന്‍ രചിച്ച വൃത്തി എന്നിവ രണ്ടും ചേര്‍ത്ത് സ്പന്ദസര്‍വസ്വം എന്നു പറഞ്ഞുവരുന്നു. ഇതാണ് സ്പന്ദശാസ്ത്രത്തിന്റെ മുഖ്യഗ്രന്ഥങ്ങള്‍. സ്പന്ദകാരികയ്ക്ക് സ്പന്ദനിര്‍ണയം, ക്ഷേമരാജന്റെ സ്പന്ദസന്ദോഹം (ഇദ്ദേഹം ശിവസൂത്രം, സ്വച്ഛന്ദതന്ത്രം മുതലായവയ്ക്കും വ്യാഖ്യാനം എഴുതിയിട്ടുണ്ട്), രാമകണ്ഠന്റെ സ്പന്ദവിവൃതി, ഉല്‍പലവൈഷ്ണവന്റെ പ്രദീപികാ തുടങ്ങിയ പല വ്യാഖ്യാനങ്ങളും ഉണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം തന്നെ 11-12 ശതകങ്ങളില്‍ എഴുതപ്പെട്ടവയാണെന്നു കരുതിവരുന്നു. 
വസുഗുപ്തന്റെ ശിഷ്യനായ സോമാനന്ദന്‍ (ഒന്‍പതാം ശതകത്തിന്റെ അവസാനം) ആണ് പ്രത്യഭിജ്ഞാപദ്ധതിയുടെ ആചാര്യന്‍. ശിവദൃഷ്ടി എന്ന പ്രസിദ്ധഗ്രന്ഥം ഇദ്ദേഹത്തിന്റേതാണ്. സോമാനന്ദശിഷ്യനായ ഉത്പലന്‍ ഈശ്വരപ്രത്യഭിജ്ഞാ (പ്രത്യഭിജ്ഞാസൂത്രം) എന്ന ഗ്രന്ഥത്തിലുടെ ശിവദൃഷ്ടിയെ വിശദമാക്കുന്നു. ഇതിന് ഉത്പലന്‍ ഒരു വൃത്തിയും രചിച്ചിട്ടുണ്ട്. അഭിനവഗുപ്തന്‍ പ്രത്യഭിജ്ഞാവിമര്‍ശിനീ (ലഘുവൃത്തി), പ്രത്യഭിജ്ഞാവിവൃതിവിമര്‍ശിനീ (ബൃഹദ്വൃത്തി) എന്ന രണ്ടു വൃത്തികളും രചിച്ചിട്ടുണ്ട്. മഹാപണ്ഡിതനും
 സിദ്ധനുമായ അഭിനവഗുപ്തനാണ് തന്ത്രാലോകം, തന്ത്രസാരം, പരാത്രീശികാവിവരണം, പരമാര്‍ഥസാരം, സ്‌തോത്രങ്ങള്‍ എന്നിവയിലൂടെ കാശ്മീരശൈവസിദ്ധാന്തത്തിന്റെ സമഗ്രമായ ദര്‍ശനം യുക്തിബദ്ധമായി പ്രകാശിപ്പിച്ചത്. അഭിനവഗുപ്തന്റെ ഭാഷ്യങ്ങള്‍ക്ക് ഭാസ്‌കരീ എന്ന ഒരു നല്ല ടീകയുമുണ്ട്. തന്ത്രാലോകത്തിന് ജയരഥന്റെ വിസ്തൃതവ്യാഖ്യാനമുണ്ട്. ക്ഷേമരാജന്റെ പ്രത്യഭിജ്ഞാഹൃദയവും ഈ മാര്‍ഗത്തിന്റെ മറ്റൊരു പ്രധാനഗ്രന്ഥമാണ്. വിജ്ഞാനഭൈരവതന്ത്രവും ശ്രദ്ധേയമാണ്.
തമിഴകത്തെ ശൈവപഥത്തെ ശൈവസിദ്ധാന്തം എന്നും പറയുന്നു. മേല്‍പ്പറഞ്ഞ ഇരുപത്തിഎട്ട് ശൈവാഗമങ്ങളേയും അംഗീകരിക്കുന്ന ഇക്കൂട്ടര്‍ അവയിലെ കാമികാഗമത്തിനു മുന്‍തൂക്കം നല്‍കുന്നു എന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. നായന്‍മാര്‍ എന്ന് അറിയപ്പെടുന്ന ശൈവസിദ്ധന്മാരുടെ അനുഭൂതി തുളുമ്പുന്ന ഭക്തിഗീതങ്ങള്‍ തമിഴകത്തെ ഈ ശൈവസമ്പ്രദായത്തിന് ദാര്‍ശനികവും അനുഷ്ഠാനപരവുമായ അടിത്തറ നല്‍കി. നമ്പി ആണ്ടര്‍ നമ്പി (11 സി.ഇ.) ആണത്രെ ഈ ശൈവപഥത്തിന്റെ അതിവിപുലമായ സാഹിത്യത്തിന് ഇന്നു കാണുന്ന ഘടന ഏകിയത്. 
മെയ്ക്കണ്ടരുടെ ശിവജ്ഞാനബോധം (പതിമൂന്നാം ശതകത്തിന്റെ ആദ്യപകുതി) ആണത്രെ ഈ ശൈവസിദ്ധാന്തത്തിന്റെ ആദ്യത്തെ ചിട്ടപ്പെടുത്തിയ കൃതി. ഏതാനും സൂത്രങ്ങള്‍ അടങ്ങിയ ഒരു ലഘുഗ്രന്ഥമാണിത്. സംസ്‌കൃതം മൂലത്തില്‍ നിന്നും പരിഭാഷപ്പെടുത്തിയതാകാമെന്നു ഭട്ടാചാര്യ പറയുന്നു. ഓരോ സൂത്രത്തിനും അതിനെ വിശദീകരിക്കുന്ന വാര്‍ത്തികങ്ങള്‍ ഇതില്‍ നല്‍കിയിരിക്കുന്നു. രൗരവാഗമത്തിലേതാണ് ഈ സൂത്രങ്ങള്‍ എന്ന് ഇതിന്റെ വ്യഖ്യാതാവായ ശിവജ്ഞാനമുനിവരര്‍ സ്ഥിരീകരിക്കുന്നു. അരുള്‍നന്ദിയുടെ ശിവജ്ഞാനസിദ്ധിയര്‍ എന്ന കൃതി മറ്റൊരു പ്രമാണഗ്രന്ഥമാണ്. ഉണ്മെയ്‌വിളക്കം ഉമാപതിശിവാചാര്യരുടെ ശിവപ്രകാശം, സങ്കല്‍പ്പനിരാകരണം, ഉണ്മെയ് നേര്‍ വിളക്കം എന്നിവയും പ്രധാനപ്പെട്ടവയാണ്.
വേദത്തിലെ രുദ്രശിവസങ്കല്‍പ്പത്തെ ഭണ്ഡാര്‍ക്കര്‍ തന്റെ വൈഷ്ണവിസം, ശൈവിസം ആന്‍ഡ് അദര്‍ മൈനര്‍ റിലിജിയസ് സിസ്റ്റംസ് എന്ന പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഋഗ്വേദം, യജുര്‍വേദം, അഥര്‍വവേദം, ഐതരേയബ്രാഹ്മണം, തൈത്തിരീയസംഹിത, വാജസനേയി സംഹിത, ശതപഥബ്രാഹ്മണം, കൗഷീതകീ ബ്രാഹ്മണം, ആശ്വലായനഗൃഹ്യസൂത്രം, പാരസ്‌കരഗൃഹ്യസൂത്രം, ഹിരണ്യകേശീ ഗൃഹ്യസൂത്രം, ശ്വേതാശ്വതരോപനിഷത്, അഥര്‍വശിരോപനിഷത്, ഭഗവദ്ഗീത, മുണ്ഡകോപനിഷത്, കേനോപനിഷത്, ശതരുദ്രീയം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ച് രുദ്രശിവകല്‍പനയുടെ വൈദികവിശ്വാസപദ്ധതിപ്രകാരമുള്ള വികാസപരിണാമങ്ങളെ അദ്ദേഹം വിവരിക്കുന്നു. രുദ്രനെ പ്രീതിപ്പെടുത്താനുള്ള വൈദികശൂലഗവയാഗത്തെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. ഈ യാഗത്തില്‍ ഒരു കാളയെ വിധിപ്രകാരം കൊന്ന് അതിന്റെ വപ മന്ത്രപുരസ്സരം ഹോമിക്കുമത്രെ.
 പതഞ്ജലിയുടെ കാലത്തു തന്നെ ശിവന്‍, സ്‌കന്ദന്‍, വിശാഖന്‍ എന്നീ ദേവതാസങ്കല്‍പ്പങ്ങളുടെ പ്രതിമകള്‍ നിര്‍മിക്കപ്പെട്ടിരുന്നു എന്നു ഭണ്ഡാര്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു. ശിവഭാഗവതന്മാര്‍ എന്ന ശൈവമാര്‍ഗികളേയും പതഞ്ജലി പറയുന്നുണ്ട്. ശിവഭാഗവതന്‍ ശിവന്റെ പ്രതീകമായി ഗദ (ലകുടം, ലഗുഡം, ലകുലം) കൊണ്ടുനടന്നിരുന്നുവത്രേ. മഹാഭാരതത്തില്‍ രുദ്രശിവന്‍, പാശുപതസമ്പ്രദായം, ലിംഗാരാധന എന്നിവയെ വിവരിക്കുന്നുണ്ട്.
 ഹിന്ദുക്കളുടെ ആദികാലത്തെ ആരണ്യകതലത്തിലുള്ള ഗോത്രജീവിതത്തില്‍ ഉരുത്തിരിഞ്ഞ ശിവനെന്ന ഒരു ദേവതാസങ്കല്‍പ്പം പില്‍ക്കാലത്ത് വൈദികവും വൈദികേതരവുമായ നിരവധി വിശ്വാസപദ്ധതികളുടെ കേന്ദ്രബിന്ദുവായി മാറിയതെങ്ങിനെ എന്നു പഠിക്കുന്നത് രസകരം തന്നെ. ഇതുപോലെയാണ് മറ്റു ഹിന്ദുവിശ്വാസപദ്ധതികളും ഇന്നത്തെ നിലയിലെത്തിയത്. സിന്ധു- സരസ്വതീ നാഗരികതയില്‍ വൈദികമുള്‍പ്പടെ ഇവയില്‍ പലതിന്റെയും ആദിമമാതൃകകള്‍ (പ്രോട്ടോടൈപ്പ്) കണ്ടെത്തിക്കഴിഞ്ഞതിനാല്‍ ഇവയെക്കുറിച്ചുള്ള ഗവേഷണം ഇന്നു സാധിക്കും. 
ആത്മാവ്, മരണം, മരണാനന്തരജീവിതം, പുനര്‍ജന്മം മുതലായവയെ കേന്ദ്രീകരിച്ചുള്ള ആരണ്യകഗോത്രവിശ്വാസങ്ങളും ചടങ്ങുകളും പില്‍ക്കാലങ്ങളില്‍ പരിഷ്‌ക്കരിക്കപ്പെട്ട് ഇന്നു നാം കാണുന്ന വൈദികപദ്ധതി രൂപപ്പെട്ടു. ഇപ്രകാരം ആത്മാവ്, ജനനപ്രക്രിയ, രതിജന്യസുഖം മുതലായവയുമായി ബന്ധപ്പെട്ട ജ്ഞാനവിജ്ഞാനങ്ങളേയും ചടങ്ങുകളേയും ശരീരഘടനയേയും, പ്രാണമനോബുദ്ധിതത്വങ്ങളേയും എല്ലാം ബന്ധപ്പെടുത്തിക്കൊണ്ടുള്ള തന്ത്ര, യോഗ, വൈദ്യപദ്ധതികളുടെയും മറ്റും അതിപ്രാചീനകാലം തൊട്ടുള്ള ഉല്‍ഭവ, പരിണാമ, പരിഷ്‌കാരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഈ ഹിന്ദുവിശ്വാസപദ്ധതികളില്‍ സംസ്‌കൃതഭാഷയില്‍ ആദ്യം സാഹിത്യം ഉണ്ടായ വൈദികപദ്ധതിക്കും വ്യവസ്ഥിതിക്കും പില്‍ക്കാലങ്ങളില്‍ രാജകീയപിന്തുണയും സുരക്ഷയും (റോയല്‍ പേറ്റ്രണേജ്) കിട്ടിയതിനാല്‍ ഭാരതത്തിലെ ചില ഇടങ്ങളില്‍ പ്രാമുഖ്യവും സ്വാധീനവും ലഭിച്ചു എന്നു മാത്രം.

No comments: