Monday, September 17, 2018

ശിഷ്യന്റെ അജ്ഞാനം നീങ്ങി, ജ്ഞാനം ഉദിക്കുന്നതുവരെ, ഗുരു വീണ്ടും വീണ്ടും ഉപദേശിക്കുകയും സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയും വേണം. അതിന് തയാറാവാത്ത വ്യക്തി ഗുരുസ്ഥാനത്ത് ഇരുന്ന് ഉപദേശിക്കരുത്. ഈ ഗുരുധര്‍മം ഭഗവാന്‍ പ്രാവര്‍ത്തികമാക്കുന്നു.
ഞാന്‍ ഉപദേശിച്ച ഈ ഗീതാശാസ്ത്ര ഗുഹ്യതമാണ്, അജ്ഞാനത്തെ നശിപ്പിക്കുന്നതുമാണ്- അതുകൊണ്ട്- ''പാര്‍ഥ, ഏതത് ശ്രുതം കച്ചിത്''- പാര്‍ഥ നീ ഈ ശാസ്ത്രം കേട്ടുവോ? വെറുതെ കേട്ടതേയുള്ളോ?
ത്വയാ ഏകാഗ്രേണ 
ചേതസാ ശ്രുതം കച്ചിത്!
നീ മനസ്സ് ഏകാഗ്രമാക്കി നിര്‍ത്തി, മറ്റെങ്ങും പോകാതെ, യുക്തിയുക്തമായി ചിന്തിച്ചു തന്നെയാണോ കേട്ടത്? നീ അത് ബുദ്ധിയില്‍ ഉള്‍ക്കൊണ്ടുവോ, ഇല്ലയോ? അതോ കൊടുംകാട്ടില്‍ ചെന്ന് വിലപിച്ചതുപോലെയായി, എന്റെ ഉപദേശം ''ഇല്ലല്ലോ?'' 
തേ അജ്ഞാനസമ്മോഹഃ പ്രനഷ്ടഃ കച്ചില്‍?
അജ്ഞാനംകൊണ്ടു ഉണ്ടായതിന്റെ വിപരീതബുദ്ധി അല്ലെങ്കില്‍ മനസ്സിന്റെ വ്യാകുലമായ അവസ്ഥ നശിച്ചോ? വീണ്ടും സമ്മോഹം ഉണ്ടാവാത്തവിധം പ്രകര്‍ഷേണ നശിച്ചോ?
ഹേ, പാര്‍ഥ!- ശോകവും മോഹവും സ്ത്രീകളുടെ ജന്മസ്വഭാവമാണ്. നീ പുരുഷനാണ്. അതിനാല്‍ ശോകവും മോഹവും പോയിക്കാണും എന്നു വിചാരിക്കുന്നു. ഇല്ലെങ്കില്‍ ഞാന്‍ വീണ്ടും പറയാം. പൃഥയുടെ പുത്രനായ നിനക്ക് ശാസ്ത്രാര്‍ഥം മനസ്സിലാക്കാന്‍ കഴിയുന്നതുവരെ ഞാന്‍ ഉപദേശിക്കാന്‍ തയാറാണ്. പറഞ്ഞോളൂ! മടിക്കേണ്ട, ''ത്വം മേഭൃത്യഃ സുഹൃത് സഖാ'' -നീ എന്റെ ഭൃത്യനും സുഹൃത്തും സഖാവുമല്ലേ?
ഗീതോപദേശത്തിന്റെ ഉദ്ദേശ്യം (18-ല്‍ 72)
അര്‍ജുനന്് ഭഗവാന്‍ ഈ ഗീതാശാസ്ത്രം ഉപദേശിച്ചത്, ''ധര്‍മസംസ്ഥാപനാര്‍ഥായ'' എന്ന അവതാരലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിയാണ്. കുരുക്ഷേത്രത്തില്‍ യുദ്ധത്തിനായി നില്‍ക്കുന്ന നിമിഷം വരെ അര്‍ജുനന്, ഈ ധര്‍മസമ്മോഹം ഉണ്ടായില്ല;  ഗുരുക്കളെയും ബന്ധുക്കളെയും വധിച്ചാല്‍ പാപവും നരകവും എന്ന സംശയവും ഉണ്ടായില്ല. പെട്ടെന്നാണ് അവര്‍ അര്‍ജുനന്റെ മനസ്സില്‍ ആവേശിച്ചത്. ''ശോകസംവിഗ്നമാസനാ''യതും വില്ലും ശരവും വലിച്ചെറിഞ്ഞതും തേര്‍ത്തടത്തില്‍ ഇരുന്നതും. കരയാന്‍ തുടങ്ങിയതും വളരെപ്പെട്ടെന്നാണ്. എന്താണ് കാരണം?
ഭഗവാന്റെ ഇച്ഛതന്നെയാണ്. ജനങ്ങളെ സര്‍വസമര്‍പ്പണരൂപവും ശരണാഗതിരൂപവുമായ ഭക്തിയോഗം പഠിപ്പിക്കണം. അര്‍ജുനന്‍ വഴിയാണ് അതു സാധിക്കേണ്ടത്. അതിനുവേണ്ടി, അര്‍ജുനനെ ഉപദേശ സ്വീകരണത്തിന് യോഗ്യനാക്കണം. അര്‍ജുനന് സംശയം വന്നാലല്ലേ. ഉപദേശിക്കാന്‍ കഴിയൂ? ഭഗവാന്റെ
''കച്ചിദജ്ഞാനസമ്മോഹഃ പ്രനഷ്ടസ്‌തേ''
എന്ന ചോദ്യത്തില്‍ ഈ വസ്തുതയും ഉള്‍ക്കൊള്ളുന്നു എന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

No comments: