അക്ഷരത്തെക്കുറിച്ചുള്ള വിവരണം തുടരുന്നു
യോ വാ ഏതദക്ഷരം ഗാര്‍ഗ്യ വിദിത്വാസ്മിംല്ലോകേ ജുഹോതി...
ഈ അക്ഷരത്തെ അറിയാതെ ഈ ലോകത്തില്‍ അനേകായിരം വര്‍ഷങ്ങള്‍ ഹോമിക്കുകയോ യജിക്കുകയോ തപസ്സിരിക്കുകയോ ചെയ്താലും ആ കര്‍മങ്ങളുടെയെല്ലാം ഫലം അവസാനമുള്ളതായിത്തീരും. ആരാണോ ഈ അക്ഷരത്തെ അറിയാതെ ഈ ലോകത്തില്‍ നിന്നും മരിച്ചു പോകുന്നത് അയാള്‍ കൃപണനാണ്. പിന്നെ ആരാണോ ഈ അക്ഷരത്തെ അറിഞ്ഞതിന് ശേഷം ഈ ലോകത്തില്‍ നിന്ന് പോകുന്നത് അയാള്‍ ബ്രാഹ്മണനാകുമെന്ന് യാജ്ഞവല്‍ക്യന്‍ ഗാര്‍ഗിയോട് പറഞ്ഞു.
അക്ഷരത്തിന്റെ അസ്തിത്വത്തെപ്പറ്റി മറ്റൊരു വിവരണം കൂടി നല്‍കുകയാണ് ഇവിടെ. കര്‍മം കൊണ്ട് സംസാരം നശിക്കില്ല. അക്ഷരത്തെപ്പറ്റിയുള്ള ജ്ഞാനം അഥവാ ആത്മജ്ഞാനം ഉണ്ടാകുമ്പോഴേ സംസാരമില്ലാതാകൂ... ജ്ഞാനമില്ലാതെ കര്‍മത്തില്‍പ്പെട്ട് മരിച്ചു പോയാല്‍ വീണ്ടും സംസാരം തന്നെ. ജനന മരണ ചക്രത്തില്‍ പെടും. അങ്ങനെയുള്ളവനാണ് കൃപണന്‍.
അക്ഷരമായതിനെ അറിഞ്ഞ ശേഷം മരിക്കുന്നവര്‍ ബ്രാഹ്മണനാണ്. അയാള്‍ ബ്രഹ്മവുമായി ഒന്നായി ചേരുന്നു. സംസാരത്തില്‍ നിന്നും മുക്തിയെ നേടുന്നു.
തദാ ഏതദക്ഷരം ഗാര്‍ഗ്യ ദൃഷ്ടം ദൃഷ്ടൃ, അശ്രുതം ശ്രോതൃ...
അങ്ങനെയുള്ള ഈ അക്ഷരം ആരാലും കാണാനാകാത്തതും എന്നാല്‍ ദൃഷ്ടി സ്വരൂപമായതിനാല്‍ സ്വയം കാണുന്നവനുമാണ്. ആരാലും കേള്‍ക്കാത്തവനും എന്നാല്‍ ശ്രുതി സ്വരൂപമായതിനാല്‍ സ്വയം കേള്‍ക്കുന്നവനുമാണ്. ആരാലും മനനം ചെയ്യാത്തവനും മനഃസ്വരൂപമായതിനാല്‍ സ്വയം മനനം ചെയ്യുന്നവനുമാണ്. ആരാലും അറിയാത്തവനും വിജ്ഞാന സ്വരൂപമായതിനാല്‍ സ്വയം അറിയുന്നവനുമാണ്. ഈ അക്ഷരത്തില്‍ നിന്ന് അന്യമായി വേറെ ദ്രഷ്ടാവോ ശ്രോതാവോ മന്ത്രാവോ വിജ്ഞാതാവോ ഇല്ല. ഈ അക്ഷരത്തിലാണ് ആകാശം പോലും ഓത പ്രോതമായിരിക്കുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ ഗാര്‍ഗിയോട് പറഞ്ഞു.
ഗാര്‍ഗി നേരത്തെ ചോദിച്ചതിനുളള ഉത്തരം ഈ മന്ത്രത്തോടെ വിവരിച്ച് നിര്‍ത്തുന്നു. അവ്യാകൃതമായ ആകാശത്തിനും കാരണമായത് അക്ഷരമാണ് എന്ന് ഉറപ്പിക്കുകയാണിതില്‍. അക്ഷരം, അന്തര്യാമി, ജീവന്‍ എന്നിങ്ങനെ ചൈതന്യത്തെ മൂന്നായി പറയുന്നു. മായയ്ക്ക് അധീനമായി ഉപാധിയില്‍ പ്രകാശിക്കുന്നത് ജീവന്‍. അനന്തരം അനശ്വരമായ ജ്ഞാനശക്തിയാകുന്ന ഉപാധിയില്‍ പ്രകാശിക്കുന്നത് അന്തര്യാമി അഥവാ ഈശ്വരന്‍. ഉപാധികളില്ലാത്ത സച്ചിദാനന്ദസ്വരൂപം അക്ഷരബ്രഹ്മം.
വ്യാകൃതങ്ങള്‍ക്കും അവ്യാകൃതങ്ങള്‍ക്കും ഉണ്‍മയും ശക്തിയും ലഭിക്കുന്നത് അക്ഷര ബ്രഹ്മത്തില്‍ നിന്നാണ്. ഇതാണ് സാക്ഷാല്‍ അപരോക്ഷ ബ്രഹ്മം. നേരത്തേ സത്യ സ്യ സത്യം എന്ന് വിശേഷിപ്പിച്ചിരുന്നു. അന്തര്യാമിയെ പറഞ്ഞപ്പോള്‍ പല്ലിംഗമായും അക്ഷരത്തെ പറഞ്ഞപ്പോള്‍ നപുംസകത്തിലുമാണ് വിശേഷിപ്പിച്ചത്.
സാ ഹോവാച, ബ്രാഹ്മണാ ഭഗവന്തസ്തദേവ ബഹുമന്യേധ്വം...
യാജ്ഞവല്‍ക്യന്റെ ഉത്തരം കേട്ട് തൃപ്തയായ ഗാര്‍ഗി മറ്റുള്ള ബ്രാഹ്മണരോട് പറഞ്ഞു. ബ്രാഹ്മണരേ ഇദ്ദേഹത്തില്‍ നിന്ന് നമസ്‌കാരം കൊണ്ട് മോചനം കിട്ടുക എന്നത് തന്നെ വലിയ കാര്യമായി കരുതുവിന്‍. നിങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ക്കും ബ്രഹ്മവാദത്തില്‍ ഇദ്ദേഹത്തെ ജയിക്കുവാനാവില്ല.
യാജ്ഞവല്‍ക്യനേക്കാള്‍ വലിയൊരു ബ്രഹ്മജ്ഞന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഗാര്‍ഗി സമ്മതിക്കുകയാണിവിടെ. എല്ലാ ബ്രാഹ്മണരും ഇത് അംഗീകരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് പറഞ്ഞ് ഗാര്‍ഗിയും പിന്‍വാങ്ങി.
ഇതോടെ എട്ടാം ബ്രാഹ്മണം തീര്‍ന്നു.
സ്വാമി അഭയാനന്ദ, ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment