Monday, September 17, 2018

പന്തിരുകുലത്തില്‍ പാക്കനാര്‍ക്കുള്ള പെരുമയ്ക്ക് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. പാക്കനാര്‍ ഒരിക്കല്‍ തന്റെ മാടത്തിലിരിക്കുമ്പോള്‍ മുമ്പിലുള്ള വഴിയിലൂടെ കുറച്ച് ബ്രാഹ്മണര്‍ പോകുന്നതു കണ്ടു. പാക്കനാര്‍ അവരെ വന്ദിച്ച ശേഷം എങ്ങോട്ടാണ് യാത്രയെന്ന് അന്വേഷിച്ചു. ഞങ്ങള്‍ കാശിയില്‍ ഗംഗാസ്‌നാനത്തിന് പോവുകയാണെന്ന് ബ്രാഹ്മണര്‍ പറഞ്ഞു. എങ്കില്‍ അടിയന്റെ വടി കൂടി ഒന്നു ഗംഗയില്‍ മുക്കി കൊണ്ടുവരാമോ എന്നു ചോദിച്ചു പാക്കനാര്‍. അതിനെന്താ മുക്കിക്കൊണ്ടു വരാമല്ലോ, അതെന്തിനാണെന്ന് അറിയാമോയെന്ന് ബ്രാഹ്മണര്‍ തിരക്കി. അതെല്ലാം തിരികെയെത്തുമ്പോള്‍ അറിയിക്കാമെന്നായിരുന്നു പാക്കനാരുടെ മറുപടി.
കാശിയിലെത്തി വടി, ഗംഗയില്‍ മുക്കിയ വേളയില്‍ വടി ആരോ വെള്ളത്തിനടിയിലേക്ക് വലിക്കുന്നതായി ബ്രാഹ്മണര്‍ക്കു തോന്നി. വടി വെള്ളത്തിലേക്ക് താണുപോയി. ബ്രാഹ്മണര്‍ക്ക് അത് വളരെ സങ്കടമുണ്ടാക്കി. തിരികെച്ചെല്ലുമ്പോര്‍ പാക്കനാരോട് എന്തു പറയുമെന്നോര്‍ത്ത് അവര്‍ വിഷമിച്ചു. ഉണ്ടായതെന്തെന്ന് പാക്കനാരെ  അറിയിക്കാനുറച്ചു. കുളിച്ചു കയറി വിശ്വനാഥക്ഷേത്ര ദര്‍ശനം നടത്തി. പിന്നെയും കുറേ പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. 
യാത്ര കഴിഞ്ഞ് മടങ്ങിയ ബ്രാഹ്മണര്‍ പാക്കനാരുടെ വീട്ടുപടിക്കലെത്തി. അവരെക്കണ്ട പാക്കനാര്‍ താന്‍ കൊടുത്തുവിട്ട വടിയെവിടെയെന്ന് അന്വേഷിച്ചു. വടി നഷ്ടപ്പെട്ട കഥ, സങ്കടത്തോടെ ബ്രാഹ്മണര്‍ വിവരിച്ചു. ഗംഗയിലാണു പോയതെങ്കില്‍ നിവൃത്തിയുണ്ടെന്നു പറഞ്ഞ പാക്കനാര്‍ അദ്ദേഹത്തിന്റെ പടിക്കലുള്ള കുളക്കരയില്‍ ചെന്ന് 'വടി ഇങ്ങോട്ടു കാണട്ടെ'  എന്നു പറഞ്ഞു. ഉടനെ കുളത്തില്‍ നിന്ന് ആ വടി പൊങ്ങി വന്നു.  വെള്ളമായി ലോകമെങ്ങും കാണുന്നതെന്തും ഗംഗയാണെന്നും ഗംഗാസ്‌നാനത്തിന് കാശിയില്‍ പോകേണ്ടതില്ലെന്നും തങ്ങളെ ബോധ്യപ്പെടുത്താനാണ് പാക്കനാര്‍ വടി കൊടുത്തു വിട്ടതെന്ന് ബ്രാഹ്മണര്‍ക്ക് മനസ്സിലായി. തങ്ങളുടെ അന്ധതയില്‍ അവര്‍ ലജ്ജിച്ചു. പാക്കനാരുടെ ദിവ്യത്വം ബ്രാഹ്മണര്‍ക്ക്  ബോധ്യപ്പെട്ടു. അവര്‍ അദ്ദേഹത്തെ ശ്ലാഘിച്ചു. 
ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്ക് 'തമ്പ്രാക്കള്‍' എന്ന പേര് സിദ്ധിച്ചത് പാക്കനാരില്‍ നിന്നാണ്. തമ്പ്രാക്കള്‍ക്ക,് ഒരിക്കല്‍ ഒരു രാജാവിന്റെ ഹിരണ്യഗര്‍ഭം കഴിഞ്ഞ് പോകുമ്പോള്‍ സ്വര്‍ണം കൊണ്ടുള്ളൊരു പശുവിനെ ലഭിച്ചു. ഭൃത്യന്മാര്‍ കെട്ടിയെടുത്തു കൊണ്ടു പോകുന്ന പശുവിനെ കണ്ട പാക്കനാര്‍, ''ചത്ത പശുവിന്റെ അവകാശം അടിയനാണ്. അത് അടിയന് വേണം'' എന്ന് തമ്പ്രാക്കളോട്  ആവശ്യപ്പെട്ടു. ഇത് ചത്തതല്ല, ജീവനുള്ളതാണെന്നായി തമ്പ്രാക്കള്‍. ജീവനുള്ളതാണെങ്കില്‍ കെട്ടിയെടുക്കേണ്ടതില്ലല്ലോ എന്നു  പാക്കനാര്‍ പറഞ്ഞതു കേട്ട തമ്പ്രാക്കള്‍ പശുവിനെ അവിടെ നിര്‍ത്താന്‍ ഭൃത്യരോട് ആവശ്യപ്പെട്ടു. തണ്ടും കയറും അഴിച്ചു മാറ്റി ഭൃത്യര്‍ പശുവിനെ താഴെ നിര്‍ത്തി. തമ്പ്രാക്കള്‍ കുറച്ചു പുല്ലു പറിച്ചെടുത്ത് കാട്ടി പശുവിന് മുമ്പേ നടന്നു. ജീവനില്ലാത്തതാണെങ്കിലും തമ്പ്രാക്കളുടെ തപഃ ശക്തികൊണ്ട് സ്വര്‍ണപ്പശു പിന്നാലെ നടന്നു. ഇതു കണ്ട പാക്കനാര്‍, ' എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ് തമ്പ്രാക്കള്‍'  എന്നു പറഞ്ഞു. തമ്പുരാക്കള്‍ എന്നത് പാക്കനാര്‍ പറഞ്ഞപ്പോള്‍ തമ്പ്രാക്കള്‍ എന്നായി മാറിയതാണെന്നു പറയപ്പെടുന്നു.

No comments: