ഒരുവന് സ്വപ്നസമയത്ത് ജാഗ്രതാവസ്ഥയിലെ കാര്യങ്ങളെപ്പറ്റി തീരെ അറിവില്ലാത്തതുപോലെ ജീവന് തന്റെ അവസ്ഥയെപ്പറ്റി ശരിയായ ധാരണ ഇല്ലാതാവുന്നു. ജീവന്‍ പത്തിന്ദ്രിയങ്ങളും, പഞ്ചപ്രാണനും മനസുമടങ്ങിയ സൂക്ഷ്മശരീരത്തോട് താദാത്മ്യഭാവം പ്രാപിച്ച് കര്‍മ്മങ്ങളോടും അനുഭവങ്ങളോടും മമതയിലാവുന്നു. അതിനാല്‍ ജീവന്‍ സൂക്ഷ്മശരീരത്തോടൊപ്പം ഒരോ ജന്മവും കടന്നുപോവുന്നു. അഹംബോധത്തോടെ സൂക്ഷ്മശരീരത്തോട് ആസക്തിയുണ്ടാവുന്നതു മൂലമാണ് ദുഃഖമുണ്ടാകുന്നുത്. എന്നാല്‍ അജ്ഞാനിയായ ജീവന്‍ ഇതു മനസിലാക്കുന്നില്ല. അങ്ങനെ കൂടുതല്‍ കര്‍മ്മങ്ങള്‍ കൊണ്ട് ദുഃഖമകറ്റാന്‍ ശ്രമിക്കുന്നു. ഇങ്ങനെയത് തുടര്‍ച്ചയായി പോകുന്നു. അജ്ഞതമൂലമുളള ഈ വൃഥാ താദാത്മ്യഭാവം എല്ലാവരേയും കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ആര്‍ക്കും ഒരു നിമിഷവും കര്‍മ്മരഹിതമായി കഴിയാന്‍ സാദ്ധ്യമല്ലതന്നെ. ഈ സൂക്ഷ്മശരീരം, ശുക്ലാണ്ഡങ്ങളുടെ സഹായത്താല്‍ ഭൗതീകശരീരമുണ്ടാക്കുന്നു. ജീവന്റെ നിസ്സഹായാവസ്ഥ, സ്വയം ദ്രവ്യങ്ങളുമായിട്ടുളള ഏകതാഭാവം കൊണ്ടു തോന്നുന്നതാണ്. എന്നാല്‍ ജീവന്‍ ഭഗവാനിലേക്ക് തിരിഞ്ഞു ഭക്തിയുളവാവുമ്പോള്‍ ഇതിനവസാനമാവുന്നു. ഇതാണ് കര്‍മ്മസിദ്ധാന്തം.
No comments:
Post a Comment