Wednesday, September 19, 2018

ഭൌതികമായ ഈ ലോകത്തില്‍ കാണപ്പെടുന്ന ഓരോന്നിലും അടങ്ങിയിട്ടുള്ളത് ബ്രഹ്മത്തിന്‍റെ അംശം തന്നെയാണ്. ഈ കാണായതിന്‍റെയൊക്കെ അന്തരാര്‍ത്ഥങ്ങളിലേക്കിറങ്ങി ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ബ്രഹ്മം തന്നെയെന്നു മനസ്സിലാക്കാം. നമുക്ക് ഗോചരമായിട്ടുള്ള ഓരോന്നിന്‍റെയും തനതു സ്വഭാവം നഷ്ടമായാല്‍ കാഴ്ച ഒരിടത്തു തന്നെ ഉറയ്ക്കുന്നത് പോലെ എന്‍റെ ഉള്ളം നിന്നില്‍ തന്നെ സ്ഥിരമാകണം.
ഒരു സാധാരണ വ്യക്തിയുടെ ചിന്തകള്‍ ഈ പ്രകൃതിയില്‍ തനിക്കു ചുറ്റും കാണുന്ന നാമരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ദര്‍ശന ഘട്ടം മുതല്‍ പരംപൊരുളിലേക്കുള്ള യാത്രയിലെ ഓരോ ഘട്ടത്തിലും ഈ നാമ രൂപങ്ങളുടെ വാസ്തവം തിരിച്ചറിഞ്ഞ് അതിലെ യഥാര്‍ത്ഥ സ്വത്വം ബ്രഹ്മം തന്നെ എന്ന് ഉറയ്ക്കാന്‍ തുടങ്ങും. അങ്ങനെ നമ്മുടെ മനസ്സ് ബ്രഹ്മത്തില്‍ തന്നെ കേന്ദ്രീകരിക്കപ്പെടും. നമുക്ക് ചുറ്റും കാണപ്പെടുന്ന ഇതൊരു വസ്തുവിന്‍റെയും അടിസ്ഥാന ഘടകം തന്മാത്രയാണ് എന്നും അതിനെ വിഘടിപ്പിച്ചാല്‍ അതിനുള്ളില്‍ ഇലക്ട്രോണ്‍, പ്രോടോണ്‍, ന്യൂട്രോണ്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും നമുക്കറിയാം. അവയുടെയും ആഴങ്ങളിലേക്കിറങ്ങി ചെന്നാല്‍ ഒരു പക്ഷെ സാന്ദ്ര ഘനമാര്‍ന്ന ബോധം തന്നെയാവാം അവശേഷിക്കുന്നതെന്ന് ഇപ്പോള്‍ ചില ശാസ്ത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നു. മണ്ണായാലും മരമായാലും മനുഷ്യനായാലും ഇതിനു മാറ്റം വരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഏതു വസ്തുവിന്‍റെയും ഏറ്റവും ആഴങ്ങളിലേക്ക് കടന്നു ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കാം.
ശാസ്ത്രത്തിനു അതിനപ്പുറം കടക്കാന്‍ കഴിയുന്നില്ല. അത് തന്നെയാണ് നവജ്യോതിശ്രീ കരുണാകരഗുരു പറഞ്ഞിട്ടുള്ളത്, 'ശാസ്ത്രം എവിടെ ചെന്ന് മുട്ടുന്നുവോ അവിടെയാണ് ദൈവം ഇരിക്കുന്നത്' എന്ന്.
GURUDEVAN

No comments: