ബ്രഹ്മാവ് പറഞ്ഞു:
ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു പ്രഭോ. മൃദുലപാദങ്ങളോടെ ഒരു കയ്യില്‍ വടിയും ഓടക്കുഴലും പിടിച്ച് മറ്റേ കയ്യില്‍ ചോറുരുളയും വച്ചു നില്‍ക്കുന്ന അവിടുത്തെ രൂപത്തെ ഞാന്‍ നമിക്കുന്നു. അവിടുത്തെ മഹിമയെ വര്‍ണ്ണിക്കാന്‍ എനിക്കാവില്ലതന്നെ. അവിടുത്തെ പൊരുളറിയുന്നവന്‍ അങ്ങയില്‍മാത്രം പരമഭക്തിയുളളവനത്രെ. പലേ ആത്മീയമാര്‍ഗ്ഗങ്ങളിലും വിഹരിച്ച് അവിടുത്തോടുളള ഭക്തിയെ അവഗണിക്കുന്നുവര്‍ വൈക്കോല്‍ മെതിക്കുന്നതു പോലെ വിഫലപ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഭക്തിയാകട്ടെ പല മടങ്ങ് അനുഗ്രഹദായകമത്രെ. അവിടുത്തെ ഭക്തന് അങ്ങ് അതീന്ദ്രിയമായ പ്രഭാവത്തെ കാണിച്ചു കൊടുക്കുന്നു. നാമരൂപനിബദ്ധമല്ലാത്തതത്രേ അവിടുത്തെ പൊരുള്‍. ആവശ്യപ്പെടാതെ തന്നെ ഭക്തന് മുക്തിപദം ലഭിക്കുന്നു.
അഹങ്കാരത്തെ വെല്ലാന്‍ ഭക്തിക്കു മാത്രമെ സാധിക്കൂ. അവിടുത്തെ മോഹിപ്പിക്കാന്‍ ശ്രമിച്ച ഞാന്‍ എത്ര വിഡ്ഢി. ഞാന്‍ ഈ ഭൂഗോളത്തെ നിയന്ത്രിക്കാന്‍ കടമപ്പെട്ട വെറുമൊരു ഭൂതസംഗ്രഹശരീരം മാത്രം. അങ്ങോ, അവിടുത്തെ ശരീരത്തിലെ രോമകൂപങ്ങളില്‍നിന്നും അനേകമനേകം ഭൂഗോളങ്ങള്‍ അണുക്കള്‍പോലെ നിരന്തരം കടന്നുപോകുന്നു. അവിടുന്ന് എല്ലാത്തിന്റേയും പരമാത്മാവായ നാരായണനത്രെ. (നര എന്നാല്‍ ജീവികളുടെ കൂട്ടം. അയനം എന്നാല്‍ ആത്മാവ്). അവിടുന്ന് നിയന്താവത്രെ (അയനം എന്നാല്‍ പ്രേരകന്‍ എന്നും അര്‍ത്ഥം). അവിടുന്നുതന്നെ സാക്ഷിയും (അയതേ എന്നാല്‍ അറിയുന്ന). അവിടുന്ന് നരന്റെ വസ്തുക്കളില്‍ നിവസിക്കുന്നുതുകൊണ്ട് നാരായണന്‍ . എന്നാല്‍ ഇവയെല്ലാം പരമസത്യമല്ല തന്നെ. ഇവയൊക്കെ അവിടുത്തെ വെറുമൊരു ലീലമാത്രം. എനിക്കുതന്നെ അവിടുന്നു സ്വയം വെളിപ്പെടുത്തിയപ്പോഴല്ലാതെ അവിടുത്തെ നാരായണനായി സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ല.. എന്നാല്‍ അങ്ങ് അമ്മ യശോദയ്ക്ക് അവിടുത്തെ വായ്ക്കുള്ളില്‍ വിശ്വം മുഴുവന്‍ കാണിച്ചു കൊടുത്തു. ആദ്യമേ തന്നെ അവിടുന്നു മാത്രമേ ഉണ്ടായിരുന്നുളളൂ. ഞാന്‍ പൈക്കുട്ടികളെയും ഗോപബാലന്മാരെയും ഒളിപ്പിച്ചപ്പോഴും അവിടുന്നുതന്നെയാണ് അവരെല്ലാമായിരുന്നത്. ഇപ്പോഴും അവിടുന്നുമാത്രമേയുളളു. എല്ലാ സമയത്തും അവിടുന്നു മാത്രമേ നിലനില്‍ക്കുന്നുളളൂ. വിശ്വം പ്രകടിതമാണെങ്കിലും അല്ലെങ്കിലും. അവിടുത്തെ മായാശക്തിയാല്‍ അവിടുന്നുതന്നെയാണ് എല്ലാ ദേവതകളായും നിലകൊളളുന്നത്. അവിടുന്ന് സ്വയം ദിവ്യന്മാരായും മനുഷ്യരായും ഉപമനുഷ്യരായും അവതരിക്കുന്നു. ഈ മായാവിശ്വം സത്യമായി തോന്നുന്നത് അത് അവിടുത്തെ ആശ്രയിച്ചിരിക്കുന്നുതുകൊണ്ടും അവതാരങ്ങള്‍ അങ്ങില്‍ സംഭവിക്കുന്നതുകൊണ്ടുമത്രെ. ബന്ധവും മുക്തിയുമെല്ലാം വെറും വാക്കുകളാണ്. ഇരുട്ടും വെളിച്ചവും സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെയത്രെ അത്.
അതുകൊണ്ട് ഭഗവാനേ, ഈ ജന്മത്തിലും വരും ജന്മങ്ങളിലും അങ്ങില്‍ പരമഭക്തിയുണ്ടാവാന്‍ അനുഗ്രഹിച്ചാലും. ഞാനീ ഗോകുലത്തില്‍ ഏതൊരു ജീവിയായും ജനിക്കാനിടവരട്ടെ. അങ്ങനെ അവിടുത്തെ പാദരേണുക്കളില്‍ എനിക്കു മുങ്ങാനിടവരട്ടെ. അവിടുത്തെ അറിയാം എന്നു പറയുന്നവര്‍ അങ്ങനെ പറഞ്ഞു കൊളളട്ടെ. എന്നാല്‍ അവിടുന്ന് മനോവാക്കുകള്‍ക്കതീതനാണെന്ന് എനിക്കറിയാം.
ബ്രഹ്മദേവന്‍ കൃഷ്ണനോട് യാത്രപറഞ്ഞു പോയി. കൃഷ്ണന്‍ യമുനാതീരത്ത് തന്റെ കൂട്ടുകാര്‍ വനഭോജനം നടത്തുന്നയിടത്തു ചെന്നു. എല്ലാവരും സമ്മോഹിതാവസ്ഥയില്‍ നിന്നുണര്‍ന്നു. അന്നു വൈകുന്നേരം കൂട്ടുകാര്‍ ഗ്രാമത്തില്‍ തിരിച്ചു ചെന്ന് കൃഷ്ണന്‍ വലിയൊരു സര്‍പ്പത്തെ കൊന്നുവെന്ന വാര്‍ത്ത എല്ലാവരേയും അറിയിച്ചു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
No comments:
Post a Comment