Sunday, October 14, 2018

*രാസലീല 37*

തന്ന പ്രസീദ പരമേശ്വര മാ സ്മ ഛിന്ദ്യാ
ആശാം ഭൃതാം ത്വയി ചിരാദരവിന്ദനേത്ര

ഹേ അരവിന്ദനേത്രാ താമരക്കണ്ണാ തന്ന: പ്രസീദ ഞങ്ങളോട് പ്രസന്നനാണ്. എത്ര കാലായിട്ട് ഞങ്ങൾ ആ പ്രിയം അവിടുത്തെ പാദത്തിൽ വെച്ച് കൊണ്ട് ഇരിക്കുന്നു അപ്പോ നമുക്കൊന്നും ഭക്തിയില്ലല്ലോ. ഗോപസ്ത്രീകൾക്ക് മാത്രമാണ് എന്ന് വിചാരിക്കണ്ട. നമ്മളുടെ എല്ലാ പ്രിയവും ഭാര്യയോട് കുട്ടികളോട് ബന്ധുക്കളോട് ഒക്കെ ശ്രദ്ധിച്ചാൽ ആ പ്രിയത്തിന്റെ സോഴ്സ് ഭഗവാനാണ് അതുകൊണ്ട് നമ്മള് എല്ലാക്കാലത്തിലും പ്രിയത്തിനെ പല വസ്തുക്കളിൽ അന്വേഷിച്ച് കൊണ്ടിരിക്കയാണ്. നമ്മളും നമ്മളറിയാതെ ഭഗവാനെ തന്നെയാണ് അന്വേഷിച്ച് കൊണ്ടിരിക്കണത്. ഓരോ വസ്തുവിലും. പക്ഷേ അന്വേഷിച്ച് കഴിയുമ്പോൾ അവിടെ കാണാനേ ഇല്ല്യ. പിന്നെ വേറെ ഒരിടത്ത് അന്വേഷിക്കും. ഏതെങ്കിലും ഒന്ന് നിത്യ പ്രിയം തരുമോ എന്ന് നമ്മളറിയാതെ അന്വേഷിച്ച് കൊണ്ടിരിക്കണുണ്ട്. അതുകൊണ്ട് നമ്മളും എത്രയോ കാലായി ഭഗവാനെ ആരാധിക്കുന്നവർ തന്നെയാണ്. അറിഞ്ഞു കൊണ്ട് അത് തുടങ്ങുമ്പോൾ നമ്മള് അദ്ധ്യാത്മ മാർഗ്ഗത്തിലേക്ക് വന്നു. അത്രേയുള്ളൂ.
തന്ന പ്രസീദ പരമേശ്വര മാ സ്മ ഛിന്ദ്യാ
ആശാം ഭൃതാം ത്വയി ചിരാദ് അരവിന്ദനേത്രാ
അപ്പോ ഭഗവാൻ പറയാണ്. ശരി എന്നിൽ ആശ വെച്ച് കൊള്ളുക. തിരിച്ചു പോകൂ. വീട്ടില് പോയി ഭക്തി ചെയ്തു കൊള്ളുക. അപ്പോ ഗോപികകൾ പറയാണ് ഞങ്ങളെങ്ങനെ പോകും. ഒന്നാമത് പോകണമെങ്കിൽ മനസ്സ് കൊണ്ട് ചിന്തിക്കണം. പിന്നെ കാല് ചലിക്കണം. പിന്നെ വീട്ടില് ചെന്ന് കൈയ് പ്രവർത്തിക്കണം. ഇതൊന്നും പറ്റില്ല്യ ഇപ്പഴത്തെ സ്ഥിതിയിൽ. എന്താന്ന് വെച്ചാൽ ഏതൊരു മനസ്സാണോ ഗൃഹകൃത്യങ്ങളിൽ ഞങ്ങളെ പ്രവേശിപ്പിക്കണത് ആ ചിത്തത്തിനെ അവിടുന്ന് അപഹരിച്ചുവല്ലോ.

ചിത്തം സുഖേന ഭവതാപഹൃതം ഗൃഹേഷു
യന്നിർവിശത്യുത കരാവപി ഗൃഹ്യകൃത്യേ
പാദൗ പദം ന ചലതസ്തവ പാദമൂലാ
ദ്യാമാ കഥം വ്രജമഥോ കരവാമ കിം വാ

ചിത്തം സുഖേന ഭവതാപഹൃതം വളരെ എളുപ്പത്തിൽ ഭഗവദ്സുഖാനുഭവത്തിനെ കൊടുത്തിട്ട് ഭഗവാൻ ഇവരുടെ ചിത്തത്തിനെ അപഹരിച്ചൂന്നാണ്. എത്ര ഭാഗ്യം. നമ്മുടെ ചിത്തം എന്തൊക്കെ സാധനങ്ങള് ചെറിയ ചെറിയ സാധനങ്ങള് ഒക്കെ അപഹരിച്ചിട്ട് അതിൽ നിന്ന് വിടാൻ കഴിയാതെ നില്കണു.

 ഉപനിഷത്തില് വാമദേവൻ എന്ന ഋഷി പറയണു ആയിരം ആയിരം ചങ്ങലകൾ കെട്ടി ഞാൻ മുകളിലേക്ക് പറക്കണമെന്ന് വിചാരിച്ചു. വിവേകം വൈരാഗ്യം എന്ന ചിറകുകൾ വെച്ച് മൂകളിലേക്ക് പൊന്താൻ  ശ്രമിക്കുന്തോറും ആയിരം ആയിരം ചങ്ങലകൾ എന്നെ ചോട്ടിലേക്ക് വലിക്കുകയായിരുന്നു. അതോരാന്നായി വെട്ടി വെട്ടി ഞാൻ ആകാശത്തിലേക്ക് പറന്നു എന്ന് വാമദേവൻ എന്ന ഋഷി അമ്മയുടെ  ഗർഭത്തിൽ കിടക്കുമ്പോൾ പറഞ്ഞു.

 അതുപോലെ ആയിരം ആയിരം  വസ്തുക്കൾ  അല്പാല്പവസ്തുക്കള് നമ്മളുടെ പ്രിയത്തിനെ അപഹരിച്ചു വെച്ച് കൊണ്ട് സത്സംഗത്തിൽ പ്രിയം വരണില്ല്യ. നാമജപത്തിൽ പ്രിയം വരണില്ല്യ ഭഗവദ് കഥാശ്രവണത്തിലോ ഭഗവദ് ധ്യാനത്തിലോ പ്രിയം ഇല്ല്യ ചെറിയ ചെറിയ വസ്തുക്കളൊക്കെ മതി നമ്മളെ വഴി തെറ്റിക്കാനായിട്ട്. തിരക്കിട്ട് അമേരിക്കയിൽ നിന്ന് ഗുരുവായൂരിലേക്ക് വരും. ഗുരുവായൂരിൽ വന്നു ഗുരുവായൂരപ്പനെ കാണുന്നതിനു പകരം വളയും പ്ലാസ്റ്റിക് മോതിരവും ഫോട്ടോയും ഒക്കെ വാങ്ങിക്കൊണ്ട് അവിടങ്ങനെ ചുറ്റിത്തിരിഞ്ഞിട്ട് എന്തെങ്കിലുമൊക്കെ പറഞ്ഞ് തിരിച്ചു പോവും. ചെറിയ സാധനങ്ങള് മതി നമ്മളെ ഭഗവാനിൽ നിന്ന് അകറ്റാൻ. അതിനാരെയും കുറ്റം പറയാനുമില്ല്യ. എന്താന്ന്വാച്ചാൽ നമ്മളുടെ വാസനയ്ക്കനുസരിച്ച് ലോകത്തിൽ ഏതേത് വസ്തുക്കൾ കാണുന്നുവോ അതിലൊക്കെ ചെന്നു പറ്റിക്കൂടും. ഇങ്ങനെ പറ്റിക്കൂടുമ്പോൾ നമ്മൾ തന്നെ അറിയണു ഭഗവാൻ നമ്മളെ ആകർഷിക്കുന്നതു പോരാ. ലോകവസ്തുക്കൾ കൂടുതൽ കൂടുതൽ ആകർഷിക്കണു.
ഭഗവാനോടുള്ള ആകർഷണത്തിന്റെ ബലം പോരാ എന്ന് കാണുമ്പോൾ തുക്കാറാം ഒരു അഭംഗത്തിൽ പറയണു ഹേ പാണ്ഡുരംഗാ നാമം ജപിക്കുമ്പോൾ എനിക്ക് ഉറക്കം വരണുവല്ലോ എന്ന് പറഞ്ഞു കരയ്യാ. ഭഗവാനോട് തന്നെ പറഞ്ഞു കരയുകയല്ലാതെ വേറെ വഴിയില്ല്യ.
ശ്രീനൊച്ചൂർജി
 *തുടരും....*

No comments: