Sunday, October 14, 2018

തത്ത്വജ്ഞാനാവാപ്തിക്ക് ലോകത്ത് സകല ജീവികള്‍ക്കും തടസ്സമായി നില്‍ക്കുന്നത് നാക്കും ഉപസ്ഥവുമാണെന്നാണ് ആചാര്യമതം. സ്ത്രീകളുടെ സ്മരണം മുതല്‍ സംസര്‍ഗം വരെയുള്ള എട്ടുവിധ മൈഥുനവും ത്യജിക്കലാണ് ബ്രഹ്മചര്യമെന്ന് ശ്രീ ശങ്കരാചാര്യസ്വാമികള്‍ സര്‍വവേദാന്തസിദ്ധാന്തസംഗ്രഹത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനസ്സിന്റെ പരിശുദ്ധത ആര്‍ജിക്കാന്‍ ഇതു നമ്മെ സഹായിക്കുന്നു- ''സ്മരണം ദര്‍ശനം സ്ത്രീണാം ഗുണകര്‍മ്മാനുകീര്‍ത്തനം സമീചീനത്വധീസ്താസു പ്രീതിഃ സംഭാഷണം മിഥഃ സഹവാസശ്ച സംസര്‍ഗോ അഷ്ടധാ മൈഥുനം വിദുഃ ഏതദ്വിലക്ഷണം ബ്രഹ്മചര്യം ചിത്തപ്രസാദനം'' ബ്രഹ്മചാരികള്‍ തന്നെ രണ്ടുവിധമുണ്ട്. നൈഷ്ഠികനും ഉപകുര്‍വ്വാണനും. ജ്ഞാനാര്‍ജ്ജനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ജീവിതകാലം അവിവാഹിതനായി കഴിയുന്നു നൈഷ്ഠിക ബ്രഹ്മചാരി. കുറേക്കാലം ഗുരുകുലത്തില്‍ വസിച്ച് ബ്രഹ്മചര്യം അനുഷ്ഠിച്ചശേഷം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാന്‍ പോകുന്നവന്‍ ഉപകുര്‍വ്വാണന്‍. സ്ത്രീകളിലും ഇപ്രകാരം രണ്ടുവിധമുള്ള ബ്രഹ്മചാരിണികള്‍ ഒരുകാലത്ത് ഉണ്ടായിരുന്നെന്നും അവര്‍ക്കും ബ്രഹ്മചര്യം അനുവദനീയമായിരുന്നെന്നും ശാസ്ത്രം പറയുന്നു. ഭര്‍ത്താവ് മരിച്ചാല്‍ പതിവ്രതയായ സ്ത്രീ ബ്രഹ്മചര്യത്തില്‍ നിഷ്ഠയോടുകൂടിയിരുന്നാല്‍ ബ്രഹ്മപ്രാപ്തിയെന്ന് അഭിജ്ഞമതം. ഗൃഹസ്ഥനായാലും ബ്രഹ്മചര്യം പാലിക്കണമെന്ന് ശാസ്ത്രവിധിയുണ്ട് - ''സന്താനാര്‍ത്ഥം ച മൈഥുനം'' സത്പുത്രനുണ്ടാകാന്‍ വേണ്ടിമാത്രം പത്‌നീ സ്വീകരണം ശാസ്ത്രം വിധിച്ചിട്ടുള്ളു. ആ നിയമം പാലിക്കുന്നവനേയും ബ്രഹ്മചാരിയായി കണക്കാക്കണമെന്നാണ് മഹാഭാരതം. (ഗൃഹസ്ഥാശ്രമത്തിലും ബ്രഹ്മചര്യം പാലിക്കേണ്ടതുണ്ടെന്ന് താല്‍പര്യം). ഇങ്ങനെയായാല്‍ ജനസംഖ്യാപ്പെരുപ്പം രാഷ്ട്രത്തിന് വെല്ലുവിളി ഉയര്‍ത്തുകയുമില്ല. മനുഷ്യര്‍ എല്ലാവരും തന്നെ ഗൃഹസ്ഥന്മാരായിക്കൊള്ളണമെന്ന് ഹിന്ദുമതത്തിനഭിപ്രായമില്ല. ഹിന്ദുമതം രണ്ടാശ്രമങ്ങള്‍ക്കാണ് പ്രാധാന്യം വിധിക്കുന്നത് ഒന്ന് ബ്രഹ്മചര്യാശ്രമം, മറ്റൊന്ന് സന്ന്യാസാശ്രമം. ''ബ്രഹ്മചര്യം പരിസമാപ്യ ഗൃഹീ ഭവേത്, ഗൃഹീ ഭൂത്വാ വനീ ഭവേത്, വനീ ഭൂത്വാ പ്രവ്രജേത്, യദി യാ ഇതരഥാ ബ്രഹ്മചര്യാദേവ പ്രവ്രജേത്, ഗൃഹാദ്വാ വനാദ്വാ''. ബ്രഹ്മചര്യം അവസാനിപ്പിച്ചിട്ട് ഗൃഹസ്ഥനാകണം. ഗൃഹസ്ഥനായശേഷം വനസ്ഥനാകണം. വനസ്ഥനായശേഷം സന്ന്യസിക്കണം. ഈ ക്രമത്തില്‍ നിന്ന് ഭിന്നമായി വ്യക്ത്യാശ്രിതമായി ബ്രഹ്മചര്യത്തില്‍നിന്നുതന്നെയും സന്ന്യാസിക്കാവുന്നതാണ്. ഗൃഹസ്ഥാശ്രമത്തില്‍നിന്നോ വാനപ്രസ്ഥത്തില്‍ നിന്നുപോലും വേണമെങ്കില്‍ സന്യസിക്കാം. ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചിട്ട് ജീവിതാവസാനംവരെ ഗൃഹസ്ഥാശ്രമത്തില്‍ കഴിഞ്ഞുകൊണ്ടുതന്നെ മരിക്കണമെന്ന് ശാസ്ത്രവിധിയല്ല. യഥാര്‍ത്ഥത്തില്‍ ഓരോമനുഷ്യരും രണ്ട് ആശ്രമങ്ങള്‍ അഥവാ നാലാശ്രമങ്ങളില്‍ക്കൂടിയോ കടന്ന് ബ്രഹ്മഭാവത്തെ പ്രാപിക്കുകയെന്നതാണ് നാം കൈവരിക്കേണ്ട ലക്ഷ്യം. എന്നാല്‍ ഇന്ന് ബഹുഭൂരിപക്ഷം ജനങ്ങളും ഈ താത്ത്വിക ജ്ഞാനത്തിന്റെ അഭാവത്താല്‍ അമൃതത്വപ്രാപ്തിക്കുപകരം ഗൃഹസ്ഥാശ്രമത്തില്‍ കഴിഞ്ഞുകൊണ്ട് മരണത്തെ വരിക്കുന്നതിന്റെ ഫലമായി ജനിമരണരൂപമായ സംസാരം ആവര്‍ത്തിക്കപ്പെടുന്നവരായിത്തീരുന്നു. പുണ്യം, കീര്‍ത്തി, ദീര്‍ഘായുസ്സ് എന്നിവയെ ഉണ്ടാക്കുന്നതും ഇഹലോകത്തിനും പരലോകത്തിനുമുള്ള രസായനമായതും അത്യന്തം നിര്‍മ്മലവുമായ ബ്രഹ്മചര്യത്തെ ഞങ്ങള്‍ അനുമോദിക്കുന്നുവെന്ന് അഷ്ടാംഗഹൃദയം - ''ധര്‍മ്മ്യം യശസ്യമായുഷ്യം ലോകദ്വയരസായനം അനുമോദാമഹേ ബ്രഹ്മചര്യമേകാന്ത നിര്‍മ്മലം'' ബ്രഹ്മചര്യം ശരിയായി രക്ഷിക്കുന്നവര്‍ ദീര്‍ഘായുഷ്മാന്മാരും ദൃഢഗാത്രന്മാരും തേജസ്വികളും മഹാവീര്യവാന്മാരുമായിത്തീരുന്നു. ശാസ്ത്രങ്ങള്‍ പ്രധാനമായി വിധിക്കുന്ന ബ്രഹ്മചര്യത്തിന്റെ അഭാവമാണ് ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന സകല കുഴപ്പങ്ങള്‍ക്കും കാരണം. ജനങ്ങള്‍ സദാചാരനിഷ്ഠ ഇല്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു. ത്യാഗസന്നദ്ധത, സഹനശക്തി ഒക്കെ വാക്കുകളില്‍മാത്രം ഒതുങ്ങുന്നു. കാപട്യവും താന്‍ പോരിമയും അത്യുച്ചകോടിയില്‍ വിരാജിക്കുന്നു. നിത്യബ്രഹ്മചാരികളായ ശ്രീശുകന്‍, ഭീഷ്മദേവന്‍, ശ്രീശങ്കരന്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍ ശ്രീവിവേകാനന്ദന്‍ തുടങ്ങിയ മഹാപുരുഷന്മാര്‍ക്ക് ജന്മം നല്‍കിയ ഭാരതാംബയ്ക്ക് ഇന്നും തുണയായി വര്‍ത്തിക്കുന്നത് ആ മനീഷികളുടെ ഓജസ്സും തേജസ്സുമാണ്. ബ്രഹ്മചര്യത്തിലാണ് ഭാരതത്തിന്റെ രക്ഷ. ധര്‍മ്മാനുശാസകനാണ് ധര്‍മ്മശാസ്താവ് അഥവാ അയ്യപ്പന്‍. ബ്രഹ്മം ലക്ഷ്യവും ധര്‍മ്മം മാര്‍ഗവുമാകണം. അയ്യപ്പധര്‍മ്മം- ഹിന്ദുധര്‍മ്മത്തെ ഊട്ടിയുറപ്പിക്കാനായി നാം ഓരോരുത്തരും നിലകൊള്ളണം. ഭാരത സംസ്‌കൃതിയെ കാത്തുസൂക്ഷിക്കുകയെന്നതാണ് നമ്മുടെ കര്‍ത്തവ്യം. സനാതനങ്ങളായ ധര്‍മ്മതത്ത്വങ്ങളെ അടിസ്ഥാനമാക്കി ജീവിച്ച ആചാര്യന്മാരേയും അവരുടെ ഉപദേശങ്ങളെയും ഉള്‍ക്കൊള്ളുന്നതുകൊണ്ട് ഭാരതീയ ധര്‍മ്മത്തിന് സനാതന ധര്‍മ്മമെന്ന പേരുണ്ടായി

No comments: