Monday, October 22, 2018

രാസലീല 45*
കാ സ്ത്ര്യംഗ തേ കളപദായത മൂർച്ഛിതേന
സമ്മോഹിതാ ആര്യചരിതാന്ന ചലേത് ത്രിലോക്യാം
ഏത് സ്ത്രീ. സ്ത്രീ എന്ന്വാച്ചാൽ എല്ലാ ജീവനും സ്ത്രീകളാണ്. ഈ മധുരഭാവത്തിൽ പുരുഷനും സ്ത്രീയാണ്. ചൈതന്യമഹാപ്രഭു ന്റെ ശിഷ്യനായ ഒരു സ്വാമി വൃന്ദാവനത്തിൽ ഇരിക്കുമ്പോൾ മീര അവിടെ ചെല്ലുന്നു. മീരയെ കാണില്ല്യ ന്ന് പറഞ്ഞു. സ്ത്രീകളെ നോക്കില്ല്യ ന്ന് വ്രതം എടുത്തിരിക്ക്യാണ്. അപ്പോ മീര ആ ആശ്രമത്തിന് മുമ്പില് നില്ക്കുമ്പോൾ ശിഷ്യൻ വന്നു പറഞ്ഞു ഞങ്ങളുടെ ഗുരു സ്ത്രീകളെ നോക്കില്ല്യ. അപ്പോ ആ ശിഷ്യന്റെ അടുത്ത് മീരാദേവി ചോദിക്കാണ്. വൃന്ദാവനത്തിൽ കൃഷ്ണൻ മാത്രേ പുരുഷനായുള്ളൂ എന്നാ വിചാരിച്ചത്. ബാക്കി എല്ലാവരും സ്ത്രീകളാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. ഇപ്പഴാണ് അറിഞ്ഞത് മറ്റൊരു പുരുഷൻ കൂടെ വൃന്ദാവനത്തിൽ ണ്ട് കൃഷ്ണനല്ലാതെ. അതെന്താ പ്രമാണം എന്ന്വാച്ചാൽ എല്ലാം പ്രകൃതി ആണേ. ഞാൻ എന്ന് പറയുമ്പോ എന്താ. 'ഞാൻ' എന്താ ശരീരം മനസ്സ് ബുദ്ധി ഇന്ദ്രിയങ്ങൾ അഹങ്കാരം ഇതൊക്കെ കൂടി ചേർന്നതാണല്ലോ ഞാൻ എന്ന് പറയണത്. ഈ 'ഞാൻ' അടക്കമുള്ള സകലതും പ്രകൃതിയിൽ ചേർന്നതാണ്. ഒക്കെ സ്ത്രീലിംഗത്തിൽ പെട്ടതാണ്. പുരുഷനേ ഇല്ല്യ ഇവിടെ. 'ആത്മാ' മാത്രമാണ് പുരുഷൻ. അപ്പോ ഭഗവാൻ മാത്രമാണ് പുരുഷൻ എന്ന വൈഷ്ണവഭാവം തികച്ചും സാംഗത്യമായിത്തീരണു ഇവിടെ. എന്ന്വാച്ചാൽ എല്ലാവരും സ്ത്രീകളാണ്. പ്രാകൃതമാണ് നമ്മുടെ ഒക്കെ ശരീരം. എല്ലാവരും പ്രകൃതി ആണ്. എല്ലാവരിലും സ്ത്രീ ആണുള്ളത്. അതാണ് യാ ദേവീ സർവ്വഭൂതേഷു മാതൃരൂപേണ സംസ്ഥിതാ. സർവ്വഭൂതേഷു ന്നാണ് സ്ത്രീഷു എന്നല്ല. അപ്പോ എല്ലാവരുടെ ഉള്ളിലും ഈ മധുരഭാവത്തിന് സാധ്യത ഉണ്ട്. ആ സാധ്യത ഉണർന്നാൽ അഹങ്കാരപിശാച് വിട്ടു പോവും.
കാ സ്ത്ര്യംഗ ഏതു സ്ത്രീയാണ് തേ കളപദായതമൂർച്ഛിതം അവിടുത്തെ കളപദം അവിടുത്തെ ഈ വേണുഗാനശ്രവണം കേട്ടിട്ട് സമ്മോഹിതാ പുറമേക്ക് ഓരോന്ന് കണ്ടു മോഹിച്ച് പോവാതെ ഈ ഭഗവദ് വേണുഗാനശ്രവണം ചെയ്തു മോഹിച്ചിട്ട്
ആര്യ ചരിതാന് ചലതി ത്രിലോക്യം.
ഈ ആര്യചരിതം ഒക്കെ ആരാ ഉപേക്ഷിക്കാത്തത്. ഒക്കെ വിട്ടു പോകണു .കർമ്മങ്ങളും ചെയ്യേണ്ട അനുഷ്ഠാനങ്ങളും ഒക്കെ മറന്നു പോയി. അലൗകികമായ അനുഭൂതിഭൂവില് സഞ്ചരിക്കാൻ തുടങ്ങണു. ഒക്കെ മറന്നു പോയി. ഒന്നും ചെയ്യാൻ വയ്യ എന്ന സ്ഥിതിയിൽ ആയിത്തീർന്നു . യാതൊന്നും ഓർമയില്ലാതെ വിട്ടു പോകുന്നു.
ആര്യചരിതാന്ന ചലേത് ത്രിലോക്യാം
ത്രൈലോക്യ സൗഭഗമിദം ച നിരീക്ഷ്യരൂപം
മൂന്നു ലോകത്തിനേയും ത്രിഭുവനസുന്ദരമായ ആ ദിവ്യസൗന്ദര്യത്തിനെ കണ്ടിട്ട് ഞങ്ങള് മാത്രംല്ല
ഗോ ദ്വിജ ദ്രുമ മൃഗ പുളകാന്യബിഭ്രൻ.
ഈ വൃന്ദാവനത്തിലുള്ള പശുക്കള് എന്തിനു പറയണു മരങ്ങള് നദികള് മാനുകള് പക്ഷികള് ഒക്കെ രോമാഞ്ചപുളകിനതരായി നിൽക്കുന്നു. സമാധിസിദ്ധപ്രജ്ഞയോടുകൂടെ നിശ്ചലമായിട്ട് നില്ക്കണു .അപ്പോ വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും പഞ്ചഭൂതങ്ങളും കോരിത്തരിച്ചു നില്ക്കുമ്പോൾ ഞങ്ങളുടെ കാര്യം എന്തു പറയാനാ.
ശ്രീനൊച്ചൂർജി
*തുടരും....*

No comments: