Tuesday, October 23, 2018

രാസലീല 47*
ജീവന് രാസം (ഭഗവദ് അനുഭവം) പല ഘട്ടങ്ങളിലായിട്ട് ഉണ്ടാവും. തീവ്രവൈരാഗ്യത്തിന്റെ ആവിർഭാവം കൊണ്ട് കുറച്ചു നേരത്തേക്ക് ചിലപ്പോ പൂർണാനുഭവം ഉണ്ടാവും. പക്ഷേ ആ പൂർണാനുഭവത്തോടൊപ്പം നമ്മുടെ അഹങ്കാരം പിന്നെയും ചിലപ്പോ ജീവിച്ച് എഴുന്നേല്ക്കും. അമൃതം കടഞ്ഞെടുത്തു. അസുരന്മാരും ദേവന്മാരും കൂടെ. പക്ഷേ ഉണ്ടായതെന്താ അമൃതത്തിനെ അസുരന്മാര് കുറച്ചു നേരത്തേക്ക് അപഹരിച്ചു കൊണ്ട് പോയി. അതേപോലെ ആസുരീവാസന അല്പമുണ്ടെങ്കിൽ ആ ആസുരീവാസന ഭക്തിയിലും വരും ജ്ഞാനത്തിലും വരും യോഗത്തിലും വരും അവിടവിടെ പൊന്തി വന്നിട്ട് ആ ആസുരീവാസന എനിക്ക് ഭഗവാനെ കിട്ടി എന്ന് തോന്നും. എനിക്ക് ഭഗവാനെ കിട്ടിയല്ലോ ബാക്കിയുള്ളവർക്കൊന്നും കിട്ടിയില്ലല്ലോ എന്ന് തോന്നും. 'സൗഭഗമദം' സൗന്ദര്യത്തിൽ ഒരു അഭിമാനം എന്നാണ്. എനിക്ക് ഭഗവാനെ കിട്ടിയല്ലോ എന്ന മാനം. അമാനിത്വം അലംബത്വം അഹിംസാ ശാന്തി: ആർജവം ഇതൊക്കെ ജ്ഞാനത്തിന് ഉള്ള ലക്ഷണങ്ങളാ ആദ്യലക്ഷണം തന്നെ അമാനിത്വം ആണ്. ഇവിടെ ഗോപികകൾക്ക് കുറച്ചു കുറച്ചു മാനം ഉണ്ടായത്രേ. ഹാ കൃഷ്ണൻ ഞങ്ങൾക്ക് വശപ്പെട്ടു. കൃഷ്ണനെ ഞങ്ങൾക്ക് കിട്ടി. കൃഷ്ണൻ ഞങ്ങളുടെ ആയിത്തീർന്നു.
താസാം തത് സൗഭഗമദം വീക്ഷ്യ മാനം ച കേശവ:
'പ്രശമായ' അവരുടെ അഭിമാനത്തെ പൂർണമായി ഇല്ലാതാക്കണം. 'പ്രസാദായ' അവരെ അനുഗ്രഹം ചെയ്യണം. ഭഗവാൻ ഇവരുടെ അനുഭൂതി പൂർണമാവാനായി ഇവരുടെ അഹങ്കാരം സമ്പൂർണമായി പ്രശമിച്ച് ഇവർക്ക് പൂർണാനുഭൂതി സിദ്ധിക്കാനായിക്കൊണ്ട്
തത്രൈവ അന്തർധീയത.
ഉള്ളിലുണ്ടായ അനുഭൂതി കുറച്ചു നേരത്തേക്ക് മറഞ്ഞു പോയി. അദ്ധ്യാത്മ അനുഭൂതിയുടെ മണ്ഡലത്തിൽ ഈ ആവിർഭവിക്കലും മറയലും ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഇതൊക്കെ ഭക്തി സാധന ചെയ്തവർക്കും ഒക്കെ അറിയാം. കുറച്ച് ദിവസം നല്ല സുഖായിരുന്നു. ഇപ്പൊ ഒന്നൂല്ല്യ. വരണ്ടുപോയി എവിടെയോ മറഞ്ഞു പോയി .അനുഭൂതി ഒന്നും കാണാനില്ല്യ. ഞാൻ ചോട്ടില് വീണു. പിന്നെയും പൊന്തും പിന്നേയും വീഴും. പോക്ക് വരവ് ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഈ പോക്കും വരവും ഇല്ലാത്ത സ്ഥിതി നിത്യനിരന്തരമായ രാസം നിത്യരാസം ഉണ്ടാവണമെങ്കിൽ നമ്മുടെ വ്യക്തിത്വം അല്പം പോലും അവശേഷിക്കാതിരിക്കണം. ഇടയ്ക്ക് ഇടയ്ക്ക് നമ്മളെ വിഷമിപ്പിക്കും. പക്ഷേ ഒരിക്കൽ ഈ പഥത്തിലേക്ക് കടന്നു കഴിഞ്ഞാൽ പിന്നെ ഈശ്വരന്റെ ചുമതലയാണ് നമ്മളെ വിഷമിപ്പിക്കുന്നതും ദുഖിപ്പിക്കുന്നതും നമ്മുടെ മുമ്പിൽ നിന്ന് മറഞ്ഞു പോവുന്നതും ഒക്കെ തന്നെ നമ്മളുടെ അഹങ്കാരത്തിനെ ഇല്ലാതാക്കാനാണ്. നമ്മളെ പതുക്കെ പാകപ്പെടുത്തി പാകപ്പെടുത്തി തന്റേതാക്കി തീർക്കാനായിട്ട് ഗോപികകളുടെ മുമ്പിൽ നിന്നും ഭഗവാൻ തല്കാലത്തേക്ക് അന്തർധാനം ചെയ്തു. അല്പം അനുഭൂതി കൊടുത്ത് അന്തർധാനം ചെയ്യുമ്പോഴാണ് ഈ വിരഹത്തിന്റെ ദുഖം മനസ്സിലാവ്വാ. വിരഹം കൊണ്ട് കരയേണ്ടി വന്നപ്പോ ശുകബ്രഹ്മമഹർഷി പറഞ്ഞു സംഗമുണ്ടായാൽ ഇങ്ങനെ ആണ് കരയേണ്ടിവരാ. ആ സംയോഗം ഉണ്ടായി വിയോഗം ഉണ്ടാവുമ്പോഴാണ് ആ ദുഖത്തിന്റെ തീവ്രത. അപ്പോ ഭക്തി ഭാവം ഉണ്ടായി ഭഗവദ് ധ്യാനസുഖം അനുഭവിച്ച് അതിൽ നിന്ന് പിരിയുമ്പോഴാണ് വിരഹം ഉണ്ടാവണത്. സഹിക്ക വയ്യാത്ത ദുഃഖത്തോടെ ഗോപികകൾ കരഞ്ഞു. 😢😭
അന്തർഹിതേ ഭഗവതി സഹസൈവ വ്രജാംഗനാ
അതപ്യംസ്ത അചക്ഷാണാ: കരിണ്യ ഇവ യൂഥപം
ഗത്യാനുരാഗസ്മിത വിഭ്രമേക്ഷിതൈർ-
മനോരമാലാപവിഹാരവിഭ്രമൈ:
ആക്ഷിപ്തചിത്താ പ്രമദാ രമാപതേ
സ്താസ്താ വിചേഷ്ടാ ജഗൃഹുസ്തദാത്മികാ:
ഗതിസ്മിതപ്രേക്ഷണഭാഷണാദിഷു
പ്രിയാ: പ്രിയസ്യ പ്രതിരൂഢമൂർത്തയ:
അസാവഹം ത്വിത്യബലാസ്തദാത്മികാ
ന്യവേദിഷു കൃഷ്ണവിഹാരവിഭ്രമാ:
ഗായന്ത്യ ഉച്ചൈരമുമേവ സംഹതാ
വിചിക്യുരുന്മത്ത കവദ്വനാദ്വനം
ഉറക്കെ കരഞ്ഞു കൊണ്ട് വിരഹതീവ്രമത്തരായിട്ട് കാട്ടിൽ അവിടെയും ഇവിടെയുമായി കൃഷ്ണനെ അന്വേഷിച്ചു. ഒരു ഭ്രാന്തനെ പ്പോലെ കാട്ടിൽ നിന്ന് കാട്ടിലേക്ക് അന്വേഷിച്ചു. ആരെയാ അന്വേഷിക്കണത് ശ്രീശുകബ്രഹ്മമഹർഷി പറയണു
പപ്രച്ചു: ആകാശവദ് അന്തരം ബഹി:
ഭൂതേഷൂ സന്തം പുരുഷം വനസ്പതീൻ
കാട്ടിലുള്ള വൃക്ഷങ്ങളോടും മൃഗങ്ങളോടും ഒക്കെ ചോദിച്ചു അത്രേ. കൃഷ്ണനെ കണ്ടുവോ കണ്ടുവോ ആരെയാണ് ചോദിക്കുന്നത് സകലജീവജാലങ്ങളുടേയും ഉള്ളിലും പുറത്തും ആകാശം പോലെ ഏതൊരാൾ സർവ്വവ്യാപ്തനായിട്ടിരിക്കുന്നുവോ എപ്പോഴും പ്രത്യക്ഷനായി എല്ലാവർക്കും സിദ്ധവസ്തുവായി എല്ലാവരുടേയും അകമേയും പുറമേയും നിറഞ്ഞു നില്ക്കുന്നുവോ, അങ്ങനെ ഉള്ള പുരുഷനെ കണ്ടുവോന്ന് വനസ്പതികളോടൊക്കെ ചോദിച്ചു നടക്കാണ്.
ദൃഷ്ടോ വ: കച്ചിദശ്വത്ഥ പ്ലക്ഷ ന്യഗ്രോധ നോ മന:
നന്ദസൂനുർഗ്ഗതോ ഹൃത്വാ പ്രേമഹാസാവലോകനൈ:
കച്ചിത് കുരവകാശോകനാഗപുന്നാഗചംപകാ
രാമാനുജോ മാനിനീനാമിതോ ദർപ്പഹരസ്മിത:
കച്ചിതുളസി കല്യാണി ഗോവിന്ദചരണപ്രിയേ
സഹ ത്വാളികുലൈർബ്ബിഭ്രദ്ദൃഷ്ടസ്തേഽതിപ്രിയോഽച്യുത:
മാലത്യദർശി വ: കച്ചിന്മല്ലികേ ജാതി യൂഥികേ
പ്രീതിം വോ ജനയത് യാത: കരസ്പർശേന മാധവ:
ചൂതപ്രിയാള പനനാസന കോവിദാര
ജംബ്വർക്കബില്വബകുളാമ്രകദംബനീപാ
യേഽന്യേ പരാർത്ഥഭവകാ യമുനോപകൂലാ:
ശംസന്തു കൃഷ്ണപദവീം രഹിതാത്മനാം ന:
കിംതേ കൃതം ക്ഷിതി തപോ ബത കേശവാംഘ്രി
സ്പർശോത്സവോത് പുളകിതാംഗരുഹൈർവ്വിഭാസി
അപ്യംഘ്രിസംഭവ ഉരുക്രമവിക്രമാദ്വാ
ആഹോ വരാഹവപുഷ: പരിരംഭണേന
അപ്യേണപത്ന്യുപഗത: പ്രിയയേഹ ഗാത്രൈ
സ്തന്വൻ ദൃശാം സഖി സുനിർവൃതിമച്യുതോ വ:
കാന്താംഗസംഗകുച കുങ്കുമരഞ്ജിതായാ:
കുന്ദസ്രജ: കുലപതേരിഹ വാതി ഗന്ധ:
🙏കാവ്യദേവത സർവ്വാഭരണവിഭൂഷിതയായി വിളങ്ങുന്ന ദൃശ്യമാണ് ഇവിടെ മുഴുവൻ. വൃക്ഷങ്ങളും🌳 ലതകളും🍃പുഷ്പങ്ങളും🌺 അതിന്റെ സുഗന്ധം പേറി കൊണ്ട് വീശുന്ന കാറ്റിനും പ്രിയാംഗസംഗം ഏർപ്പെട്ട് കുചകുങ്കുമത്തോട് കൂടെ ചേർന്ന മുല്ല പ്പൂവിന്റെ ഗന്ധം അച്യുതഗന്ധം അറിയുന്ന ഗോപികകളെ ദുഖിപ്പിക്കയാണ്. കൃഷ്ണൻ പോയ വഴി ഗന്ധം അനുഭവിച്ച് പിൻതുടർന്നുകൊണ്ട് കൃഷ്ണനെ അന്വേഷിച്ചു കൊണ്ട് ഭ്രാന്തു പിടിച്ചപോലെ അന്വേഷിച്ച് കൊണ്ട് കൃഷ്ണാന്വേഷണകാതരരായിട്ട് അവര് നടക്ക്വാണ്. ശ്രീരാമചന്ദ്രൻ സീതാദേവിയെ പിരിഞ്ഞ് ഇതേ ഭാവത്തോടു കൂടെ വാത്മീകി രാമായണത്തിൽ കിഷ്കിന്ധാകാണ്ഡത്തിൽ ഓരോ പുഷ്പത്തിനോടും വൃക്ഷത്തിനോടും ലതയോടും തളിരിനോടും ഭൂമിയോടും ആകാശത്തോടും സീതയെ അന്വേഷിച്ച് കൊണ്ട് നടക്കണണ്ട്. സീതയെ കണ്ടുവോ സീതയെ കണ്ടുവോ എന്ന്. അതായത് ഒരു ജീവന് ഭഗവദ് ഭാവത്തിനോട് എത്ര കണ്ട് വിരഹംണ്ടോ അത്ര കണ്ട് വിരഹം ഭഗവാന് ജീവനോടുമുണ്ട്. ഭഗവാന് വിരഹഭാവംണ്ട്. ഭഗവാൻ ജീവനെ തന്നിലേക്ക് വലിക്കുന്നുണ്ട്. ജീവന് ഭഗവാന്റെ അടുത്തേയ്ക് ചേരാൻവേണ്ടീട്ടുള്ള വിരഹഭാവം വര്വേ വേണ്ടൂ. സകല അനർത്ഥങ്ങൾക്കും സകല ദുഖങ്ങൾ ക്കും സകലവിധമായ കാലുഷ്യങ്ങൾക്കും മൂലകാരണം അഹങ്കാരം എന്ന വ്യാധി ആണ്. യോഗവാസിഷ്ഠത്തിൽ ശ്രീരാമചന്ദ്രൻ വസിഷ്ഠനോട് പറഞ്ഞു. എനിക്ക് മനസ്സ് അശാന്തമാണ്. ഞാൻ ദുഖിക്കുന്നു. പലവിധ വിഷമങ്ങളും ഉണ്ടാവണു. ഇതിനൊക്കെ മൂല കാരണം അഹങ്കാരമാണ്. അഹങ്കാരവശാദ് ആപത്ത് അഹങ്കാരാത് ദുരാദയ: അഹങ്കാരവശാദ് ഈഹ ന അഹങ്കാരാത് പരോ രിപു: അഹങ്കാരമല്ലാതെ മറ്റൊരു ശത്രുവിനെ കാണാനില്ല്യ. ആപത്ത് ഉണ്ടാവണു. ആഗ്രഹങ്ങൾ ഉണ്ടാവണു. ചാപല്യം ഉണ്ടാവണു. അശാന്തി ഉണ്ടാവണു . അതുകൊണ്ട് വസിഷ്ഠരേ ഈ അഹങ്കാരത്തിനെ ചികിത്സചെയ്തിട്ടില്ലെങ്കിൽ അദ്ധ്യാത്മവൃക്ഷം കടപുഴകി വീഴും. അഭിമാനമായിട്ടും ലോക വാസന ആയിട്ടും ദേഹവാസന ആയിട്ടും ശാസ്ത്ര വാസന ആയിട്ടും ഒക്കെ നില്ക്കണത് ഈ അഹങ്കാരമാണ്. ആ അഹങ്കാരം അദ്ധ്യാത്മ മണ്ഡലത്തിലും പല വേഷങ്ങളും കെട്ടി നില്ക്കും. മുഖ്യമായി മാനം. എനിക്ക് ഭഗവാനെ കിട്ടി എന്ന് തോന്നിയാൽ ഭഗവാൻ പൊയ്പോവും.ഭഗവാൻ അങ്ങനെ എനിക്ക് കിട്ടുന്ന കാര്യമല്ല. 'ഞാൻ ' ഉള്ളപ്പോ അതില്ല്യ. .അതുള്ളപ്പോ 'ഞാൻ' ഉണ്ടാവില്ല്യ. ശ്രുതി തന്നെ പറയുന്നത് ആർക്ക് ഞാൻ കണ്ടെത്തി ഇരിക്കുന്നു എന്ന് തോന്നുന്നുവോ അവൻ കണ്ടെത്തിയിട്ടില്ല്യ. അഹങ്കാരം ഭക്തി മാർഗത്തിലും വരാം. ഭക്തിയും അഹന്തയും ഒരിക്കലും ചേർന്നു പോകുകയേ ഇല്ല്യ. അഹന്ത വിഭക്തി ആണ്. അപ്പോ ഞാൻ ഭക്തൻ എന്ന് ഒരാൾക്കും അഭിമാനിക്കാനും പറ്റില്ല്യ. അതുകൊണ്ട് ഭക്തി ചെയ്യാം ഭക്തി സിദ്ധാന്തിക്കാൻ പറ്റില്ല്യ. കണ്ണിമ പൊടി വീഴാതെ ജാഗ്രത ആയിട്ടിരിക്കുന്ന പോലെ ഭക്തരുടെ ചിത്തം ജാഗ്രത ആയിട്ട് ഇരിക്കും.
ശ്രീനൊച്ചൂർജി
*തുടരും...* 

No comments: