സൃഷ്ടിയുടെ വിവിധ ഘട്ടങ്ങള്‍
Wednesday 24 October 2018 2:48 am IST
കാലപുരുഷന്റെ പ്രചോദനത്താല്‍ സൃഷ്ടികര്‍മത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബ്രഹ്മദേവന്‍ തിരിച്ചറിഞ്ഞു, താനിരിക്കുന്ന താമര ഏറെ വളര്‍ന്ന് ഒരു മഹാപുഷ്പമായിരിക്കുന്നു. സ്ഥൂലത്തില്‍ ബൃഹത്തും സൂക്ഷ്മത്തില്‍ അതിസൂക്ഷ്മവുമാണിത്.
പ്രകൃതിക്കുണ്ടായ വൈകാരികതരംഗമായ മഹത്തില്‍നിന്ന് തരംഗമാറ്റത്താല്‍ അഹങ്കാരതത്വം ആവിര്‍ഭവിച്ചു. അരൂപിയായ വിശ്വത്തിന്റെ സരൂപമാകുന്ന ബ്രഹ്മഭാവത്തിലേക്കുള്ള മാറ്റമാണ് ഇതിലൂടെ സംഭവിക്കുന്നത്.
ആദ്യസ്തു മഹതഃ സര്‍ഗോ
ഗുണവൈഷമ്യ മാത്മനഃ
ദ്വിതീയസ്ത്വഹമോയത്ര
ദ്രവ്യജ്ഞാനക്രിയോദയഃ
ഈ മഹത് എന്ന തരംഗത്തിനാണ് സര്‍ഗം എന്നുപറയുന്നത്. (ഇത് പുരാണഘടനയുടെ ലക്ഷണങ്ങളില്‍ ആദ്യത്തേത്-സര്‍ഗം) രണ്ടാമത്തേതായ അഹങ്കാരത്തില്‍ നിന്ന് ദ്രവ്യം (പഞ്ചഭൂതങ്ങള്‍), ജ്ഞാനം (ജ്ഞാനേന്ദ്രിയങ്ങള്‍), ക്രിയ (കര്‍മേന്ദ്രിയങ്ങള്‍) എന്നിവയുണ്ടായി.
ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങള്‍. അവയുടെ സ്വഭാവമാണ് പഞ്ചതന്മാത്രകള്‍ എന്നറിയപ്പെടുന്നത്. ആകാശത്തിന്റെ സ്വഭാവം, ശബ്ദം, വായുവിന്റേത് സ്പര്‍ശം, അഗ്നിയുടേത് രൂപപ്രകാശം. ജലത്തിന്റെ പ്രകൃതസ്വഭാവമാണ് രസം. ഭൂമിഭൂതത്തിന്റെ സ്വഭാവം ഗന്ധം.
ഈ പഞ്ചഭൂതങ്ങളുടെ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതിനാണ് പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സൃഷ്ടിച്ചത്.
ആകാശഭൂത സ്വഭാവമായ ശബ്ദത്തെ തിരിച്ചറിയുന്നതിന് ചെവികളും കേള്‍വിശക്തികളും സൃഷ്ടിച്ചു.
സ്പര്‍ശമെന്ന വായുസ്വഭാവത്തെ തിരിച്ചറിയുന്നതിന് ത്വക്കും സ്പര്‍ശന ശക്തിയും ഉണ്ടാക്കി.
അഗ്നിസ്വഭാവമായ രസത്തെ തിരിച്ചറിയാന്‍ നാക്കിനേയും രുചിഭേദ വിവേകവും സൃഷ്ടിച്ചു.
ഭൂമി സ്വഭാവമായ ഗന്ധത്തെ തിരിച്ചറിയാന്‍ മൂക്കും മണത്തറിയല്‍ ശക്തിയും നല്‍കി.
ഇതില്‍ ചെവികള്‍, ത്വക്ക്, കണ്ണുകള്‍, നാക്ക്, മൂക്ക് എന്നിവയെ പഞ്ചഭൂതങ്ങള്‍ എന്നും ശബ്ദം, സ്പര്‍ശം, രൂപം, ഗന്ധം ഇവ തിരിച്ചറിയാനുള്ള ശക്തിയെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്നുംപറയുന്നു.
മഹത്, അഹങ്കാരം, പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍ എന്നിവ യഥാക്രമം ആദ്യ നാലു സൃഷ്ടികളാണ്. പഞ്ചേന്ദ്രിയങ്ങള്‍ എന്നിവ യഥാക്രമം ആദ്യ നാലു സൃഷ്ടികളാണ്. പഞ്ചേന്ദ്രിയങ്ങളെ നയിക്കുന്ന മനസ്സാണ് അഞ്ചാം സൃഷ്ടി. അടുത്തത് അവിദ്യയും വിദ്യയും. അതില്‍ വിദ്യ ഉള്ളതും അവിദ്യ ഇല്ലാത്തതുമാണ്. പ്രകാശമാണ് വിദ്യ. അവിദ്യ ഇരുട്ടും. ഇരുട്ട് വാസ്തവത്തില്‍ ഇല്ലാത്തതാണ്. പ്രകാശം വന്നു കഴിയുമ്പോള്‍ ഇരുട്ട് താനെ അപ്രത്യക്ഷമാകുന്നതുപോലെ വിദ്യ പ്രകാശിക്കുമ്പോള്‍ അവിദ്യ താനെ ഇല്ലാതാകുന്നു.
വനസ്പതികള്‍, ഔഷധികള്‍ തുടങ്ങിയ വസ്തുക്കളാണ് ഏഴാം സൃഷ്ടി.
പുഷ്പിക്കാതെ കായ്ക്കുന്നവ വനസ്പതികള്‍. പുഷ്പിച്ച് നശിക്കുന്നത് ഔഷധികള്‍. മറ്റൊന്നിനെ ആശ്രയിച്ച് പടര്‍ന്നുകയറുന്നവ ലതകള്‍. ഇങ്ങനെ സസ്യവിഭാഗത്തില്‍ അനേകവിധമായ അനേകസൃഷ്ടികള്‍. അവയുടെ തണ്ടിന്റെ ബലഭേദത്താല്‍ അന്തസാരം, ബഹിസാരം, സര്‍വസാരം, നിസാരം ഇത്യാദി വകഭേദങ്ങളുമുണ്ട്. ആഞ്ഞിലി മുതലായ വൃക്ഷങ്ങള്‍ അന്തസാരം. മുള മുതലായവ ബഹിസാരം. തേക്കു മുതലായവ സര്‍വസാരം. മറ്റു പുല്‍വര്‍ഗങ്ങള്‍ നിസാരം.
സൃഷ്ടിയുടെ വകഭേദങ്ങള്‍ ഇനിയുമുണ്ട്.
എ.പി.ജയശങ്കര്‍
No comments:
Post a Comment