Tuesday, October 09, 2018

നാരദൻ പറഞ്ഞു: ദേവീപൂജയുടെ ആരാധനാലക്ഷണധർമ്മങ്ങൾ ദയവായി പറഞ്ഞു തന്നാലും. എങ്ങിനെ ആരാധിച്ചാലാണ് ദേവി ഒരു സാധകനു പരമപദം നല്കുക? എന്തൊക്കെയാണ് ദേവീപ്രീതിക്കായി ചെയ്യേണ്ട പൂജാവിധികൾ? എന്തൊക്കെ ചെയ്താലാണ് നരകവാതിൽ ഒരിക്കലും കാണേണ്ടതായി വരാതെ  ശ്രീദുർഗ്ഗ നമ്മെ  പരിരക്ഷിക്കുക?

ശ്രീ നാരായണൻ പറഞ്ഞു: ദേവിയെ സംപ്രീതയാക്കാനുള്ള മാർഗ്ഗങ്ങൾ ഞാൻ പറയാം. അതിനുള്ള ധർമ്മാനുസാരിയായ പൂജാക്രമങ്ങൾ കേട്ടാലും. അനാദികാലം മുതൽ സർവ്വപൂജിതയാണ് ദേവി. എല്ലാവരുടെയും ദു:ഖനിവാരണം ചെയ്യുന്ന ദുർഗ്ഗയാണ് ദേവി.

പ്രതിപദത്തിൽ ദേവീപൂജ തുടങ്ങാം. അന്ന് നെയ്യാണ് നിവേദ്യം. പൂജയുടെ ഭാഗമായി ഒരുത്തമബ്രാഹ്മണന് നെയ്യ് ദാനവും ചെയ്യണം. രോഗനാശത്തിന് ഇതുത്തമമാണ്.

രണ്ടാം ദിവസം ശർക്കരനിവേദ്യം, ശർക്കരദക്ഷിണ, എന്നിവയാണ് വേണ്ടത്. ദീർഘായുസ്സാണ് ഇതിന്റെ ഫലം.

മൂന്നാം ദിവസം പാലുകൊണ്ടുള്ള നിവേദ്യവും ദക്ഷിണയും ചെയ്താൽ സർവ്വ ദു:ഖങ്ങളും ഒഴിഞ്ഞു പോവും.

നാലാംനാൾ പൂജയ്ക്കും ദാനത്തിനുമായി നെയ്യപ്പം ഉണ്ടാക്കണം. സർവ്വവിഘ്നനിവാരകമാണിത്.

അഞ്ചാം നാൾ കദളിപ്പഴ നിവേദ്യവും ദക്ഷിണയും ചെയ്യുന്നവന്റെ ബുദ്ധികൂർമ്മത വർദ്ധിതമാവും.

ആറാം നാൾ മധുവാണ് പൂജയ്ക്കും ദക്ഷിണയ്ക്കും വേണ്ടത്. മധുതുല്യമായ കാന്തിയാണ് സാധകനുണ്ടാവുക.

ഏഴാം നാൾ ശർക്കരപ്പായസം ഉണ്ടാക്കണം. ബ്രാഹ്മണനും അതു തന്നെ നൽകണം. സാധകൻ ഈ പൂജകൊണ്ട് ശോകരഹിതനാവും.

എട്ടാംനാൾ ഇളനീരാണ് നിവേദ്യം. ബ്രാഹ്മണദാനത്തിനും ഇളനീര് വേണം. ദുഃഖ നിവൃത്തിയാണിതിന്റെ ഫലം.

നവമിക്ക് ദേവീനിവേദ്യം മലരാണ്. ബ്രാഹ്മണനും മലർ ദക്ഷിണ നൽകണം. ഇഹലോക പരലോകസുഖമാണ് മലർപൂജകൊണ്ടുള്ള ഫലം.

ദശമിക്ക് കാരെള്ള് നിവേദ്യവും ദക്ഷിണയും ഉത്തമം. യമലോകഭയത്തെ ഇല്ലാതാക്കാൻ എള്ള് നിവേദ്യം കൊണ്ടാവും.

ഏകാദശിക്ക്  തൈരാണ് നിവേദ്യവും ദക്ഷിണയും.  ദേവിക്ക് പ്രിയപ്പെട്ടവനാകാൻ ഏകാദശീ നൈവേദ്യം ഉത്തമം.

ദ്വാദശിക്ക് അവിൽ നിവേദ്യം ദക്ഷിണ സഹിതം ചെയ്താൽ സാധകൻ അംബികാ പ്രീതനാവും.

ത്രയോദശിക്ക് പയർ നിവേദ്യം. ദക്ഷിണയും പയർ തന്നെ. സന്താനസൗഭാഗ്യം ഫലം.

ചതുർദ്ദശിക്ക് വഹ്നിച്ചമതകൊണ്ടു് നിവേദ്യവും ബ്രാഹ്മണദാനവും ചെയ്ത് സാധകന് ശിവപ്രീതിയാർജിക്കാം.

വെളുത്ത വാവിന്റെയന്ന് അംബികയ്ക്ക് പായസാന്നമാണ് നിവേദ്യം. ബ്രാഹ്മണന് പായസാന്നദാനവും ചെയ്ത് സർവ്വപിതൃക്കളെയും ഉദ്ധരിക്കാം. ഇപ്പറഞ്ഞ വസ്തുക്കൾ കൊണ്ടു് ഓരോ ദിവസവും ദേവീപ്രീതിക്കായി നിവേദ്യവും ഹോമവും ചെയ്യുമ്പോൾ ഭക്തന്റെ അരിഷ്ടതകൾ ഇല്ലാതാവും.

ഞായറാഴ്ച ദേവിക്ക് പായസാന്നം നിവേദിക്കണം. തിങ്കളാഴ്ച പാൽ; ചൊവ്വാഴ്ച കദളിപ്പഴം; ബുധനാഴ്ച പുതുവെണ്ണ; വ്യാഴാഴ്ച ശർക്കര; വെള്ളിയാഴ്ച പഞ്ചസാര; ശനിയാഴ്ച നെയ്യ്, ഇങ്ങിനെയാണ് ഒരാഴ്ചയിലെ ഓരോ ദിവസവും ദേവിക്ക് നിവേദിക്കേണ്ടത്.

ഇനി ഇരുപത്തിയേഴ് നക്ഷത്രങ്ങളിലെ നൈവേദ്യക്രമം പറയാം. നെയ്യ്, എള്ള്, ശർക്കര, തൈര്, പാല്, പാൽപ്പാട, തൈര് വെള്ളം, മോദകം, ഫേണി (റവപ്പായസം), ശർക്കരപ്പാവ്, ഗോതമ്പ് പായസം, വത്സൻ, അലുവ, വട, ഈത്തപ്പഴച്ചാറ്, പൂരണം, തേൻ, ചേന, വെല്ലം, മുന്തിരിനീരിൽ കുഴച്ച അവിൽ, കാരയ്ക്ക, ചാരകം, അപ്പം, വെണ്ണ, പയറ്, കുഴക്കട്ട, മാതളപ്പഴം, എന്നിവയാണ് നക്ഷത്ര നൈവേദ്യങ്ങൾ.

ഇനി വിഷ്കംഭാദി വിശേഷദിനങ്ങളിൽ നിവേദിക്കേണ്ട വസ്തുക്കളെപ്പറ്റി പറയാം. ശർക്കര, തേൻ, നെയ്യ്, പാൽ, തൈര്, മോര്, അപ്പം, വെണ്ണ, വെള്ളരിക്ക, കുമ്പളങ്ങ, മോദകം, ചക്കപ്പഴം, ഞാവൽപ്പഴം, മാമ്പഴം, എള്ള്, മുള്ളങ്കി, താളിമാതളം, ഇലന്തപ്പഴം, നെല്ലിക്ക, പായസം, അവൽ, പയർ, നാളികേരം, നാരങ്ങ, ശർക്കരചേർത്ത ഗോതമ്പ്, ചേന, എന്നിവ ദേവീനൈവേദ്യങ്ങളായി ഉപയോഗിക്കാം.

ഇനി കരണങ്ങളിൽ വേണ്ട നൈവേദ്യങ്ങൾ എന്തെല്ലാമെന്നു പറയാം. വെല്ലം ചേർത്ത ഗോതമ്പ്  കംസാരം, ശർക്കരപ്പാവ്, ഫേണി, മോദകം, വത്സൻ, അട, ലഡ്ഡു, ഘൃതം, എള്ള്, പാല്, തൈര്, തേൻ, എന്നിവയാണ് കരണങ്ങൾക്ക് ചേർന്ന നൈവേദ്യങ്ങള്‍.

ഇനി ദേവിയെ സംപ്രീതയാക്കാൻ ഉതകുന്ന പൂജാവിധികൾ പറയാം. ചൈത്രമാസത്തിലെ ശുദ്ധതൃതീയദിനത്തിൽ ഇരിപ്പമരത്തെ (മധുകവൃക്ഷം) ദേവീ സങ്കല്പത്തോടെ പൂജിക്കുക. ചവച്ചുകഴിക്കാൻ അഞ്ചു വിധത്തിലുള്ള ഖാദ്യങ്ങൾ നിവേദിക്കുകയും വേണം. പന്ത്രണ്ടു മാസത്തിലും ക്രമാൽ ശുദ്ധതൃതീയദിനങ്ങളിൽ വിധിപ്രകാരം നൈവേദ്യമൊരുക്കണം.

ശുക്ളപക്ഷങ്ങളിൽ വൈശാഖത്തിൽ ശർക്കര ചേർത്ത നൈവേദ്യം; ജ്യേഷ്ഠമാസത്തിൽ മധു; ആഷാഢത്തിൽ വെണ്ണ; ശ്രാവണത്തിൽ തൈര്; ഭാദ്രമാസത്തിൽ ശർക്കര; ആശ്വിനത്തിൽ പായസം; കാർത്തികമാസത്തിൽ പാല്; മാർഗ്ഗശീർഷത്തിൽ റവപ്പായസം; പൗഷത്തിൽ മോര്; മാഘത്തിൽ നെയ്യ്; ഫൽഗുനത്തിൽ ഇളനീര്; ഇങ്ങിനെ പന്ത്രണ്ട് മാസവും ക്രമത്തിൽ ദേവിക്കായി നിവേദ്യം അർപ്പിക്കണം.

ഓരോ മാസവും ഇരിപ്പമരത്തില്‍ മംഗളാ, വൈഷ്ണവി, മായാ, കാളരാത്രി, ദുരത്യയാ, മഹാമായാ, മാതംഗി, കാളി, കമലവാസിനി, ശിവ, സഹസ്രചരണാ, സർവ്വമംഗളസ്വരൂപിണി എന്നീ ക്രമത്തിൽ ദേവീസങ്കല്പത്തോടെയാണ് നിവേദ്യം ചെയ്യേണ്ടത്. ആ മധുകവൃക്ഷത്തെ സർവ്വകാമസിദ്ധിക്കും പൂജയുടെ പൂർണ്ണതയ്ക്കും വേണ്ടി സ്തുതിച്ച് നമിക്കണം.

മഹാദേവീ, മഹാമംഗളരൂപിണീ, മഹേശീ, ജഗദ്ധാത്രീ, പുഷ്കരനേത്രേ, നമസ്കാരം, നമസ്കാരം. പരാത്പരേ, പാപഹരീ, മോക്ഷമാർഗ്ഗപ്രദായിനീ, പരമേശീ, ജഗദ്കർത്ത്രി പരബ്രഹ്മസ്വരൂപിണീ, മദദാത്രീ, മദോൻമത്തേ, മാനഗമ്യേ, മഹോന്നതേ, മനസ്വിനീ, മന:ധ്യേയേ, സൂര്യമണ്ഡലവർത്തിനീ, അവിടുന്ന് വിജയിച്ചരുളിയാലും. അല്ലയോ ലോകേശീ, പ്രാജ്ഞേ, പ്രളയാംബുദസന്നിഭേ, മഹാമോഹം ഇല്ലാതാക്കുന്ന സുരാസുരപൂജിതേ, യമപൂജ്യേ, യമാഗ്രജേ, യമനിഗ്രഹസ്വരൂപേ, യജനീയേ, സമസ്വഭാവേ, സർവേശീ, സർവ്വസംഗവിവർജിതേ, സംഗനാശകരീ, കാമ്യരൂപേ, കാരുണ്യവിഗ്രഹേ, കങ്കാളക്രൂരേ, കാമാക്ഷീ, മീനാക്ഷീ, മർമ്മഭേദിനീ, മാധുര്യരൂപശീലേ, മധുരസ്വരപൂജിതേ, മഹാമന്ത്രരൂപേ, മന്ത്രഗമ്യേ, മന്ത്രപ്രിയംകരീ, മനുഷ്യമാനസഗമ്യേ, മന്മഥാരിപ്രിയംകരീ, ക്ഷീരവൃക്ഷസ്വരൂപിണീ, (അരയാൽ, വേപ്പ്, മാവ്, എരുക്ക്, പ്ലാവ്, ലന്ത, വിളാർമരം, കൂവളം എന്നിവയാണ് ക്ഷീരവൃക്ഷങ്ങൾ), നമസ്കാരം, നമസ്കാരം.

പാൽവള്ളികളിൽ വാഴുന്ന ദയാമയീ, ദയാനിധേ, ദാക്ഷിണ്യകരുണാകരേ, സർവ്വജ്ഞവല്ലഭേ, അവിടുന്ന് ജയിച്ചാലും. എന്നിങ്ങിനെ സ്തുതിച്ച് പൂജിച്ചാൽ സകലപുണ്യങ്ങളും സാധകനിൽ വന്നുചേരും. ഈ സ്തോത്രം നിത്യവും ചൊല്ലുന്ന ഭക്തനെ ആധിവ്യാധികൾ ബാധിക്കുകയില്ല. അവനിലെ ശത്രുഭയം ഇല്ലാതാകും. ധർമ്മാർത്ഥിക്ക് ധർമ്മവും ധനമാഗ്രഹിക്കുന്നവന് ധനവും ജ്ഞാനം ആഗ്രഹിക്കുന്നവന് ജ്ഞാനവും ലഭിക്കും. മോക്ഷാർത്ഥിക്ക് മോക്ഷവും കാമിക്ക് കാമപൂർത്തിയും ഉണ്ടാവും.

ബ്രാഹ്മണൻ വേദജ്ഞനാവും. ക്ഷത്രിയന് വിജയം, വൈശ്യന് ധനസമ്പത്ത്, ശൂദ്രന് സുഖമെന്നിവ ഉണ്ടാവും. ശ്രാദ്ധസമയത്ത് ഈ സ്തോത്രം ചൊല്ലുന്നത് പിതൃക്കളിൽ പ്രീതിയുണ്ടാക്കും.

ദേവൻമാരും ഭഗവതിയെ പൂജിക്കുന്നത് ഇങ്ങിനെയാണ്. ഞാൻ പറഞ്ഞുതന്ന വിധത്തിൽ ദേവിയെ പൂജിച്ചാൽ സർവ്വാഭീഷ്ടങ്ങളും സാധിക്കാം. അങ്ങിനെ ഭക്തനിലെ സകലപാപങ്ങളും ഇല്ലാതായി മനസ്സ് നിർമലമാവും. എവിടെയിരുന്നാലും അവന് ജഗദംബാപ്രീതിയുണ്ടാവും. അവൻ സംപൂജ്യനും മാന്യനും ആയിത്തീരും. സ്വപ്നത്തിൽപ്പോലും നരകഭീതിയില്ലാതെ പുത്രപൗത്രസമ്പത്തിനുടമയാവുകയും ചെയ്യും. ദേവീഭക്തന് എന്നും മംഗളമുണ്ടാവും.

നരകോദ്ധാരണലക്ഷണം, ശ്രീദേവീപൂജ, മധുകപൂജ, മാസക്രമപൂജ, എന്നിവയെപ്പറ്റിയെല്ലാം ഞാൻ പറഞ്ഞു തന്നു. മധുകപൂജ ചെയ്യുന്നവനെ രോഗഭയാദികൾ ബാധിക്കുകയില്ല.
devibhagavathamnithyaparayanam

No comments: