സ വാ ഏഷ മഹാനജ
ആത്മാ യോളയം വിജ്ഞാനയ:........
പ്രാണങ്ങള്‍ എന്ന് വിളിക്കുന്ന ഇന്ദ്രിയങ്ങളില്‍ വിജ്ഞാന സ്വരൂപമായി മഹത്തായി ജന്മരഹിതനായിരിക്കുന്ന ആത്മാവ് ഹൃദയത്തിനുള്ളിലെ ആകാശത്തില്‍ ശയിക്കുന്നു. ആ ആത്മാവ് എല്ലാറ്റിനേയും അധീനത്തിലാക്കിയവനും എല്ലാറ്റിനേയും നിയന്ത്രിക്കുന്നവനും എല്ലാറ്റിന്റെയും അധിപതിയുമാണ്. അത് പുണ്യകര്‍മത്താല്‍ ഉത്കൃഷ്ടനോ പാപകര്‍മ്മത്താല്‍ നികൃഷ്ടനോ ആവുന്നില്ല. അത് സര്‍വതിന്റെയും ഈശ്വരനാണ്. അത് എല്ലാ ഭൂതജാലങ്ങളുടേയും അധിപതിയും അവയെ കാത്ത് രക്ഷിക്കുന്നവനുമാണ്.
ഈ ലോകങ്ങളുടെ വേര്‍തിരിക്കലിനായി വിധാരണം ചെയ്യുന്ന സേതുവാണ്. ഈ ആത്മാവിനെയാണ് ബ്രാഹ്മണര്‍ വേദാദ്ധ്യയനം, യജ്ഞം, ദാനം, നിഷ്‌കാമ തപസ്സ് എന്നിവയാല്‍ അറിയാനാഗ്രഹിക്കുന്നത്. ഇതിനെ അറിഞ്ഞാണ് ഒരാള്‍ മനന ശീലനായ മുനിയായിത്തീരുന്നത്.
സകലതും വെടിഞ്ഞവരെന്ന് വിളിക്കപ്പെടുന്ന പ്രവ്രാജകരായ സന്ന്യാസികള്‍ ആത്മാവിനെ ആഗ്രഹിച്ചാണ് എല്ലാം ഉപേക്ഷിച്ച് പോകുന്നത്. അതുകൊണ്ടാണ് പണ്ടുള്ള ജ്ഞാനികള്‍ സന്താനങ്ങളെ ആഗ്രഹിക്കാത്തത്. സന്താനങ്ങളെ കൊണ്ട് നമുക്ക് എന്ത് കാര്യം? നാം ഈ ആത്മാവാകുന്ന ലോകത്തെ സാക്ഷാത്കരിച്ചുവല്ലോ എന്ന് അവര്‍ കരുതി. അവര്‍ പുത്രൈഷണ, വിത്തൈഷണ, ലോകൈഷണ എന്നിവയില്‍ നിന്നും വിട്ട് ഭിക്ഷയെടുത്ത് ജീവിച്ചു.
പുത്രൈഷണ തന്നെ വിത്തൈഷണ, വിത്തൈഷണ തന്നെയാണ് ലോകൈഷണ. ഇവയെ സാധ്യസാധനരൂപങ്ങളായ രണ്ട് ഏഷണകള്‍ എന്ന് പറയാം. പുത്രന്‍മാരുണ്ടാകണം ധനമുണ്ടാകണം പേരും പെരുമയുമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതാണ് ഏഷണാത്രയങ്ങള്‍. ഇവിടെ ഈ മൂന്നിനേയും ഒന്ന് തന്നെയാണ് മറ്റൊന്ന് എന്ന് കണക്കാക്കി രണ്ട് എന്ന് പറഞ്ഞിരിക്കുകയാണ്.
നേതി നേതി അഥവാ ഇതല്ല.., ഇതല്ല... എന്ന് വിവരിച്ചതായ ആത്മാവാണിത്.
ഗ്രഹിക്കാനാവാത്ത ഇത് ഗ്രഹിക്കപ്പെടുന്നില്ല.നാശമില്ലാത്ത ഇത് ഒരിക്കലും ഇത് പൊടിഞ്ഞ് പോകുന്നില്ല. സംഗമില്ലാത്ത ഇതിന് ഒന്നിനോടും ആസക്തിയില്ല. ബദ്ധനല്ലാത്തതിനാല്‍ ഒരിക്കലും ദു:ഖവുമില്ല. ഒരു തരത്തിലുമുള്ള നാശവുമില്ല. അതു കൊണ്ട് പാപം ചെയ്തുവെന്നോ പുണ്യം ചെയ്തുവെന്നോ ഉള്ള രണ്ട് വിചാരങ്ങളും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മജ്ഞാനി പാപപുണ്യങ്ങളായ ഈ രണ്ടിനെയും തരണം ചെയ്യുന്നു. ചെയ്തതോ ചെയ്യാത്തതോ ആയ നിത്യ കര്‍മങ്ങള്‍ ദുഃഖിപ്പിക്കുന്നുമില്ല.
കര്‍മങ്ങളൊന്നും ആത്മാവിനെ ബാധിക്കാത്തതിനാലാണ് ഉത്കര്‍ഷമോ അപകര്‍ഷമോ ആത്മാവിന് ഇല്ല എന്ന് പറഞ്ഞത്.
ബ്രഹ്മമാണ് ഈ ലോകങ്ങളെയെല്ലാം അവയുടെ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത്. അതിനാലാണ് സേതു എന്ന് വിശേഷിപ്പിച്ചത്. ആത്മജ്ഞാനത്തെ നേടാന്‍ വേണ്ടിയാക്കണം വേദപഠനവും യജ്ഞ ദാനതപങ്ങളുമൊക്കെ. കര്‍മികള്‍ പ്രവൃത്തി മാര്‍ഗ്ഗത്തിലൂടെയും സന്ന്യാസിമാര്‍ നിവൃത്തിമാര്‍ഗത്തിലൂടെയും തേടുന്നത് ഈ ആത്മാവിനെ തന്നെയാണെന്ന് ഇവിടെ വ്യക്തമാക്കുന്നു. ആത്മലോകത്തെ ആഗ്രഹിക്കുന്നവര്‍ക്ക് മനുഷ്യ ലോകമോ ദേവലോകമോ ഉള്‍പ്പടെയുള്ള ലോകങ്ങളില്‍ താല്പര്യമുണ്ടാകുകയില്ല. തന്നില്‍ നിന്ന് വേറെയായി ഒരു ലോകത്തെയും ഇവര്‍ക്ക് കാണാനാകില്ല. ആത്മാവിന് ഒരു കര്‍മം കൊണ്ടും ബന്ധനമില്ലാത്തതിനാല്‍ പുണ്യപാപങ്ങളും സുഖദു:ഖങ്ങളും ഇല്ല.
No comments:
Post a Comment