Tuesday, October 09, 2018

രക്തം ശുദ്ധമോ അശുദ്ധമോ?
രക്തം മനുഷ്യ ശരീരത്തിലെ പ്രധാന ഘടകമാണ്. അത് ശരീരത്തിൽ ഉള്ളപ്പോൾ അതിന് അശുദ്ധിയല്ല. എന്നാൽ രക്തം ശരീരത്തിൽ നിന്നും പുറത്ത് വരുമ്പോൾ അത് അശുദ്ധമാകുന്നു. അത് കൊണ്ട് ആർത്തവരക്തവും ശുദ്ധമല്ല.
ഉദാഹരണം :-
ഭക്ഷണം അശുദ്ധമല്ല എന്നാൽ അതു മലമായി മാറിയാൽ അശുദ്ധി തന്നെയാണ്. ജലം ശുദ്ധമാണ് അതു മൂത്രമായി മാറുമ്പോൾ അശുദ്ധിയുടെ ഭാഗമാവുന്നു.അതു കൊണ്ട് തുപ്പലും, കഫവും മലവും മൂത്രവും ആർത്തവ രക്തവുമെല്ലാം അശുദ്ധിയുള്ള മനുഷ്യവിസർജനങ്ങൾ തന്നേയാണ്.
ഇവയെല്ലാം ശരീരം പുറന്തള്ളുമ്പോൾ മാത്രമാണ് മാലിന്യമായി മാറുന്നത്.ഈ മാലിന്യങ്ങളല്ലാം രോഗവാഹികളാവാൻ സാധ്യത ഉള്ളതാണെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കിയ സമൂഹം ഇതിനൊക്കെ ചിട്ടയും ഉണ്ടാക്കി.ഒന്നുകിൽ കഴുകി വൃത്തിയാക്കുക, അല്ലെങ്കിൽ തുടർച്ചയായി ഒഴുകുന്നതാണെങ്കിൽ ആഗിരണം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിച്ച് ശേഖരിച്ചു നശിപ്പിക്കുക .ഇതല്ലാം അതിപ്രാചീന കാലം മുതൽക്ക് തുടർന്ന് വരുന്നതാണ്, ശാസ്ത്രം വളർന്നപ്പോൾ മാർഗ്ഗങ്ങൾ നൂതനമായി എന്ന് മാത്രം.
പ്രാചീന സംസ്കാരത്തിൽ ആർത്തവം പോലുള്ള ഘട്ടങ്ങളിൽ സ്ത്രീകളെ വീടുകളിൽ പോലും മാറ്റിയിരുത്തുമായിരുന്നു .അവരെ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു.

ഈ പരിതഃസ്ഥിതി കണക്കിലെടുത്താണ് ആർത്തവ സമയത്ത് സ്ത്രികൾ ക്ഷേത്ര ദർശനം ഒഴിവാക്കണമെന്ന് ഹിന്ദു ആചാരത്തിൽ പ്രത്യേകം നിർദ്ദേശിക്കുന്നത്.
ആർത്തവ ഘട്ടങ്ങളിൽ സ്ത്രീകൾ ആരാധനാലയങ്ങളിൽ നിന്നും മാറി നിൽക്കുന്നത് വിശ്വാസം എന്നതിലുപരി ശരീരം എന്ന സത്യത്തിന്റെ കാര്യകാരണങ്ങൾ കൂടി കണക്കിലെടുത്താണ്ന്ന് മനസ്സിലാക്കുക
വിസർജ്ജ്യ വസ്തുക്കൾക്ക് ശുദ്ധിയുടെ സ്റ്റിക്കർ ഒട്ടിച്ചാലും, വിസർജ്ജ്യം മാത്രമായി തുടരും. അവകാശബോധം നല്ലത് തന്നെ ഒപ്പം നാം ദർശനത്തിനായി പോവുന്ന ഇടങ്ങൾക്ക് സുമനസ്സുകൾ കൽപ്പിക്കുന്ന വിശുദ്ധി സ്വന്തം അവകാശത്തിനും മുകളിലാണെങ്കിൽ അത് മാനിക്കേണ്ടേ.?
നല്ല കച്ചേരി നടക്കുന്നിടത്ത് ക്ഷയരോഗി ചുമച്ചു കൊണ്ടിരുന്നാൽ രോഗിയെ കേൾവിക്കാർ ഏത് രീതിയിൽ കാണുമെന്ന് ചിന്തിച്ചു നോക്കു ! നല്ല ഭക്ഷണവും പഴങ്ങളും ഭക്ഷിച്ച് അവയുടെ പ്രോസസിങ് കഴിഞ്ഞു മലാദ്വാരത്തിലൂടെ പുറത്തേക്കു വരുമ്പോൾ ഇന്നലെ താൻ അകത്തേക്ക് വിട്ട ശുദ്ധതയിൽ കൈകൊണ്ടു വാരി ശുദ്ധമായത് എന്ന് ആരും പറയാറില്ല.എട്ടും പത്തും മണിക്കൂർ ദർശനത്തിനായി ക്യൂ നിൽക്കുമ്പോൾ ഒരു പാഡ് മാറ്റാൻ പുറത്തേക്കോടേണ്ട അവസ്ഥ എന്താണെന്ന് സുപ്രീം കോടതിയ്ക്ക് അറിയില്ല അതു കൊണ്ടാണ് ആർത്തവ സമയത്തും ക്ഷേത്രത്തിൽ പോയാൽ കുഴപ്പമില്ല എന്ന തോന്നൽ കോടതിക്കുണ്ടായത്. ആർത്തവമുള്ള ഒരു സ്ത്രീയെ ക്ഷേത്രത്തിൽ തൊട്ടുകൂടെന്നുള്ള വിശ്വാസവും ഒരാളുടെ അവകാശം തന്നെ.
സ്ത്രീത്വത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ എന്റെ ഈ അഭിപ്രായം രേഖപ്പെടുത്തുന്നു.
പി . എം . എൻ . നമ്പൂതിരി .

No comments: