Wednesday, October 03, 2018

ലോകം മുഴുവൻ സ്വന്തം അവകാശങ്ങൾ വെട്ടിപ്പിടിക്കുവാൻ പരക്കം പായുമ്പോൾ , ഉള്ളം കൈയ്യിൽ വെച്ച് കൊടുത്ത ഒരവകാശത്തെ വലിച്ചെറിഞ്ഞ് , അതാവശ്യമില്ല എന്ന് പറഞ്ഞ് , അതിനു വേണ്ടി സമരമുഖത്തേക്കിറങ്ങുന്ന ഒരു ജനതയെ ലോകത്ത് മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ.. ? ഈ അവകാശം എനിക്കവകാശപ്പെട്ടതല്ല എന്ന് പറഞ്ഞു പ്രതിഷേധിക്കുന്ന ഒരു ജനസമുദ്രത്തെക്കുറിച്ച് ലോകത്ത് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?
പന്തളത്തു കഴിഞ്ഞു പോയത് ഒരു ചരിത്രമാണ്. ഞങ്ങൾക്കീ അവകാശം ആവശ്യമില്ല എന്ന് പറഞ്ഞ് പ്രതിഷേധിച്ചവർ ലോകത്തിന് ഒരു പുതു പാഠമാണ് സംഭാവന ചെയ്തത് . കാരണം എനിക്കീ അവകാശം വേണ്ട എന്ന് പറഞ്ഞൊരു സമരം ഭാരതമൊഴിച്ചുള്ള വിശാല ലോകത്തിന് കേട്ടുകേൾവിപോലും ഇല്ലാത്തതാണ്. എന്നാൽ , ത്യാഗഭൂമിയായ ഭാരതത്തിനെ സംബന്ധിച്ചെടുത്തോളം അത് കാലത്തിന്റെ കുത്തൊഴുക്കിൽ മറഞ്ഞുവെന്നു കരുതിയ ആത്മീയ ചിന്തയുടെ , പൈതൃക / മാതൃക പാഠങ്ങളുടെ ഒരു വീണ്ടെടുക്കൽ മാത്രമാണ്.
ലോകത്തെ ത്യാഗം പഠിപ്പിച്ചത് തന്നെ നമ്മുടെ ഭാരതമാണത്രെ . ലോകം കാൽക്കീഴിലടക്കുന്ന ചക്രവർത്തി സാമ്രാട്ടുകളായിരുന്നിട്ടു കൂടി, സിംഹാസനം മുതൽ കൗപീനം പോലുമുപേക്ഷിച്ച് കാട് കയറിയവരെ ഈ പുണ്യഭൂമിയിലല്ലാതെ മറ്റെവിടെ കാണാനാകും ?? ആ ചക്രവർത്തിമാരുടെ , അതുപോലുള്ള ഒരായിരം ത്യാഗികളുടെ ജനിതകങ്ങൾ ഇന്നും ഇവിടെയുള്ളവരുടെ ജീനുകളിൽ അവശേഷിക്കുന്നുണ്ട് എന്നതിന്റെ നേർസാക്ഷ്യമാണീ സമരം..
ജീവിതമെന്നാൽ നേടിയെടുക്കൽ മാത്രമല്ല, ഉപേക്ഷിക്കൽ കൂടിയാണ് .. അതെ, ഉപേക്ഷിക്കലുകൾ നിങ്ങൾക്ക് ഈപുണ്യഭൂമിയിലല്ലാതെ മറ്റെങ്ങും കാണാനാകില്ല..
വന്ദേ ഭാരതമാതരം..

No comments: