Wednesday, October 03, 2018

നാമജപത്തിന്റെ പ്രാധാന്യം
കലിയുഗത്തില്‍ മനുഷ്യന്റെ ചിന്താ ശേഷി ക്രമേണ കുറഞ്ഞു വരുന്നു. എന്നാൽ ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യും.
നാമജപം എന്നത് നമ്മളിൽ നിന്നും അകന്നു പോയ നല്ലശീലങ്ങളിൽ ഒന്നാണ്. കലികാലത്തിൽ മോക്ഷപ്രാപ്തിക്കും പാപപരിഹാരത്തിനും നാമജപത്തേക്കാൾ ഉത്തമമായ മറ്റൊന്നില്ല. ദൃശ്യ മാധ്യമങ്ങൾ നമ്മുടെ ത്രിസന്ധ്യകളെ കവർന്നെടുക്കുന്ന ഈ അവസരത്തിൽ നാമജപത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്
നാമമഹിമയുടെ ഉത്തമ മാതൃകയാണ് ശ്രീമദ് ഭാഗവതം. സത്യംപരാ ധീമഹിയില്‍ തുടങ്ങി സത്യംപരം ധീമഹി യില്‍ അവസാനിക്കുന്നു.
യഥാര്‍ത്ഥ ഭക്തന് ജീവിതത്തില്‍ ആവലാതികളോ വേവലാതികളോ ഉണ്ടാവാന്‍ വഴിയില്ല. ഇനിയൊരു ജന്മം ഉണ്ടായാലും അവയിലെല്ലാം അചഞ്ചലമായ അച്യുതഭക്തി ഉണ്ടായിരിക്കുവാൻ പ്രാര്‍ത്ഥിക്കുക.
നാമജപം സര്‍വപാപഹരമാണ്; പാപങ്ങള്‍ ചെയ്ത ശേഷംനാമം ജപിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല .
പ്രാര്‍ത്ഥിക്കുമ്പോള്‍ സമര്‍പ്പണ മനസ്സ് ഉണ്ടെങ്കിൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ . കഥാമൃതം നുകരുമ്പോള്‍ വിശപ്പും ദാഹവും അനുഭവപ്പെടില്ല. സ്ത്രീകളുടെ മുടിയില്‍ എല്ലാ ദേവന്മാരും ഉണ്ടെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് സ്ത്രീകള്‍ സൗന്ദര്യത്തിനുവേണ്ടി മുടി മുറിക്കരുത്. ദേവകിയുടെ തലമുടിയില്‍ പിടിച്ച കംസനും ദ്രൗപദിയുടെ മുടിയില്‍ പിടിച്ച ദുര്യോധനാദികള്‍ക്കും എന്തു സംഭവിച്ചു എന്ന് ചിന്തിക്കുക . ശ്രീരാമഭഗവാൻ എല്ലാം നല്‍കുന്നുവെങ്കിൽ കൃഷ്ണ ഭഗവാൻ എല്ലാം നേടിക്കൊടുക്കുന്നു. ധര്‍മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പ്രതീകമാണ് മഹാവിഷ്ണുവിന്റെ നാലു കൈകള്‍. ദൈവങ്ങളിൽ ഏറ്റവും വലിയ പ്രകടനക്കാരനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. വേണുഗാനം അനങ്ങുന്നതിനെ നിശ്ചലമാക്കും അനങ്ങാത്തതിനെ ചലിപ്പിക്കും. കഥകള്‍ ജിജ്ഞാസ ഉണര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണ്. ഇവയില്‍ മുഴുകി തത്വോപദേശങ്ങള്‍ വിട്ടുകളയരുത്. ജീവിതം സന്തോഷപ്രദമായി ആസ്വദിക്കുമ്പോള്‍ ഭഗവത് ചിന്തയില്‍നിന്ന് അകന്നു നില്‍ക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. കഷ്ടപ്പാടു വരുമ്പോള്‍ ഭഗവാനിലേക്ക് വീണ്ടും തിരിയുന്നു. ഒഴിവു സമയങ്ങളില്‍ ഈശ്വരചിന്തയില്‍ മുഴുകണം. തീര്‍ത്ഥാടനം, സപ്താഹങ്ങള്‍, ഭജനോത്സവം മറ്റു സത്സംഗങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത് മനഃശാന്തി കൈവരിക്കുക. പൂജയും പാരായണവും ജീവിതത്തിന്റെ ഭാഗമാക്കണം. ഭക്തിപ്രഭാഷണങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കും. നാമജപമാണ് എല്ലാറ്റിനും പരിഹാരം. ആദ്ധ്യാത്മിക ചിന്ത, കൃഷ്ണാര്‍പ്പണം, നാരായണ സ്തുതി എന്നിവ കൈവിടരുത്. മനുഷ്യനെ കടഞ്ഞ് കൈവല്യ നവനീതം എടുക്കാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശ്രമിക്കുന്നത്. ഭാഗവതത്തിൽ വിവിധ വിഭാഗങ്ങളെ പന്ത്രണ്ട് സ്‌കന്ദങ്ങളായി തിരിച്ചിരിക്കുന്നു ' അതിലൂടെ കടന്നുപോകുന്ന അസംസ്‌കൃത വസ്തുവാണ് മനുഷ്യന്‍. അവസാനം ഉത്തമമായ ഉല്‍പ്പന്നമായി പുറത്തുവരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ നാമം ജപിച്ചുകൊണ്ട് ഈശ്വരാര്‍പ്പണമായി നിര്‍വഹിച്ചാല്‍ ഈശ്വരസാക്ഷാത്കാരം ലഭിക്കുകയും പാപവാസന ഇല്ലാതാകുകയും ചെയ്യുന്നു. !* ഹരേക്യഷ്ണാ *!
chandan raj

No comments: