Thursday, October 11, 2018

ഭഗവാന്‍ പറയുന്നു: അയംലോകഃ യോഗമായാസമാവൃതഃ ഈ ഭൗതിക പ്രപഞ്ചത്തിലെ ജീവാത്മാക്കള്‍ ഭഗവാന്റെ ശക്തിവിശേഷവും ഭഗവാനില്‍നിന്ന് ഒരിക്കലും വേറിട്ടുനില്‍ക്കാത്ത യോഗമായ ഭഗവാന്റെ ഇച്ഛയാണ്. സൂര്യന്റെ രശ്മി സമൂഹം പോലെയാണത് പ്രവര്‍ത്തിക്കുന്നത്. ഉള്ളില്‍ തന്നെയുള്ള സൂര്യബിംബത്തിന്റെ യഥാര്‍ത്ഥ രൂപം നമുക്ക് ആര്‍ക്കും കാണാന്‍ കഴിയുന്നില്ല. കണ്ണിനു കാഴ്ചക്കുറവോ രോഗമോ ഉള്ളവര്‍ക്ക് ആ രശ്മി സമൂഹത്തെപ്പോലും പല നിറത്തിലേ കാണാന്‍ കഴിയുകയുള്ളൂ. അല്ലാതെ, യോഗമായ ഭഗവാനെ മറച്ചുവക്കുകയല്ല ചെയ്യുന്നത്. നമ്മുടെ കണ്ണിനെയാണ് മൂടുന്നത്. ഈശാവാസ്യോപനിഷത്തിലെ ഈ മന്ത്രം ഈ വസ്തുതയാണ് ഉള്‍ക്കൊള്ളുന്നത്. ''ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം തത് ത്വം പൂഷന്നപാവൃണു സത്യധര്‍മ്മായ ദൃഷ്ടയേ'' (പൂഷന്‍! ഭൗതികപ്രപഞ്ചത്തിലെ സര്‍വ്വ ജീവാത്മക്കളെയും പരിപാലിക്കുന്ന ഭഗവാനേ, അങ്ങയുടെ സനാതന ഭാവവും സര്‍വജ്ഞതയും ഉള്‍ക്കൊണ്ടുകൊണ്ട് അങ്ങയെ സേവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ ബ്രഹ്മജ്യോതിസ്സ് കൊണ്ട് അങ്ങയെ കാണാന്‍ കഴിയുന്നില്ല. ആ ബ്രഹ്മജ്യോതിന്റെ ശക്തിയാകുന്ന മൂടി മാറ്റി വെക്കേണമേ) ഈ വസ്തുതകളെല്ലാം ഉള്‍ക്കൊള്ളിച്ചതുകൊണ്ടാണ്, ശ്രീശങ്കരാചാര്യര്‍ ഭാഷ്യത്തില്‍ ഇങ്ങനെ എഴുതുന്നത് ''കേഷാം ചിദേവ മദ്ഭക്താനാം പ്രകാശഃ അഹം ഇതി അഭിപ്രായഃ'' (ഏതാനും ചില ഭക്തന്മാര്‍ക്കു മാത്രമാണ് ഞാന്‍ പ്രകാശിക്കുന്നത്. എന്നാണ് ഭഗവാന്റെ അഭിപ്രായം)

No comments: