Wednesday, October 10, 2018

യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഗൗതമ, വായുവാകുന്നു ആ സൂത്രം. വായുവാകുന്ന സൂത്രം കൊണ്ടാണ് ഈ ലോകവും പരലോകവും എല്ലാ ഭൂതങ്ങളും കെട്ടിയിടപ്പെട്ടിരിക്കുന്നത്. അതിനാലാണ് മരിച്ചയാളെപ്പറ്റി ഇയാളുടെ അവയവങ്ങള്‍ അയഞ്ഞ് പോയി എന്ന് പറയുന്നത്. വായുവാകുന്ന സൂത്രം കൊണ്ടാണ് എല്ലാം കെട്ടിയിടപ്പെട്ടിരിക്കുന്നത് എന്നറിയുക. ഇത് കേട്ട ഗൗതമനായ ഉദ്ദാലകന്‍ അത് ശരിയെന്ന് സമ്മതിച്ചു.
വായു എന്ന് പറഞ്ഞത് സമഷ്ടിപ്രാണനായ ഹിരണ്യഗര്‍ഭനെയാണ്. അതിന്റെ വ്യഷ്ടിരൂപമാണ് ലിംഗാത്മാവ്. പത്ത് ഇന്ദ്രിയങ്ങള്‍, 5 പ്രാണങ്ങള്‍ മനസ്സ്, ബുദ്ധി എനിങ്ങനെ 17 എണ്ണം കൂടിയതാണ് സൂക്ഷ്മരൂപമായ ലിംഗാത്മാവ്. ദേഹത്തില്‍ നിന്ന് ലിംഗാത്മാവ് പോകുമ്പോഴാണ് മരിച്ചു എന്ന് പറയുന്നത്. ചരട് പൊട്ടുമ്പോള്‍ മാലയിലെ മണികള്‍ ഊര്‍ന്ന് പോകും പോലെ അവയവങ്ങള്‍ ആയിത്തീരുന്നു.
ഈ ജന്മത്തേയും അടുത്തതിനേയും ലിംഗാത്മാവാണ് കൂട്ടിയിണക്കുന്നത്. വായു സാമാന്യമായ ഈ സൂത്രം സാമാന്യ രൂപത്തില്‍ ഭൂമി മുതലായവയെ നിലനിര്‍ത്തുന്നു. വിശേഷ രൂപത്തില്‍ കാര്യകാരണസംഘാതത്തെയും നില നിര്‍ത്തുന്നു. 

No comments: