Friday, October 26, 2018

മനസ്സ് എന്തിനോടു ചേര്‍ന്നുനില്‍ക്കുന്നുവോ അതായിത്തീരുന്നു
സുഖ-ദുഃഖാദി ദ്വന്ദങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നതാണ് പ്രപഞ്ചം; സദാ മാറിക്കൊണ്ടിരിക്കുന്നതും വൈവിധ്യപൂർണ്ണവുമാണ് അതിന്റെ ഭാവം. അതിനൊരിക്കലും സ്ഥിരമായ ഒരു നിലനില്പില്ല.
"ഉള്ളത്" സദാ ആനന്ദസ്ഥിതിയിലാണ്; സ്ഥിരതയാണ് അതിന്റെ അടിസ്ഥാന ഭാവം, അതിനു തുടക്കമോ ഒടുക്കമോ ഇല്ല, അത് ഇപ്പോഴും ഉള്ളതാണ്, ശാശ്വതമാണ്. പ്രാപഞ്ചികമായ യാതൊന്നുംതന്നെ അതിനെ ഒരുവിധത്തിലും ബാധിക്കുന്നേയില്ല. പക്ഷേ പ്രാപഞ്ചികമായ എല്ലാറ്റിനും കാരണഭൂതവും ചേതനയും അതാണ്.
മനസ്സിന്റെ (വ്യക്തിഭാവം അഥവാ അഹംവൃത്തി) എന്തിനോട് ചേർന്നുനിൽക്കാനാഗ്രഹിക്കുന്നുവോ അതിന്റെ സ്വഭാവം കൈക്കൊള്ളുന്നു. അതിന്റെ സ്വതസിദ്ധമായ സ്വഭാവം പ്രകൃതിയുടേതാണ്; അതിനാൽ അശാശ്വതമായ പ്രകൃതിയോടാണ് എപ്പോഴും കൂട്ടുകെട്ടും. മനസ്സ് അതിനോട് സദാ താദാത്മ്യം പ്രാപിച്ചിരിക്കയാൽ പ്രപഞ്ചത്തിന്റെ എല്ലാ വിശേഷവും മനസ്സ് ഉൾക്കൊള്ളുകയും, സുഖ-ദുഃഖസമ്മിശ്രമായിരിക്കുകയും ചെയ്യുന്നു.
സത്യവസ്തുവിനോടു ചേരാനുള്ള മനസ്സിന്റെ വിമുഖതയ്ക്കു കാരണം അതിന്റെ ഇപ്പറഞ്ഞ സ്വഭാവവിശേഷം തന്നെ; അത് പ്രകൃതിയുടെ വിശേഷവലയത്തിൽനിന്നും പിന്മാറാനൊരുക്കമല്ല, സ്വതവേ ചഞ്ചലമായ പ്രകൃതിയുടെ വലക്കെട്ടുകൾക്കുള്ളിൽ വീർപ്പുമുട്ടി ഒടുങ്ങാനാണ് മനസ്സിന്റെ വിധി. എന്നിട്ടു സ്വയം പരിതപിക്കുകയും ചെയ്യുന്നു. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ വിരലിലെണ്ണാവുന്ന ചില ജീവന്മാർ അശാശ്വതമായ പ്രകൃതിയെ വിട്ട് ശാശ്വതവും സത്യസ്വരൂപവുമായ പൊരുളിനെ പ്രണയിക്കുകയും അതുമായി താദാത്മ്യം പ്രാപിക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നു. ഉള്ള പൊരുളിനോടു ചേരാനുള്ള അതിന്റെ നിരന്തര പരിശ്രമത്തിനൊടുവിൽ, അതിന്റെ സ്വാഭാവികമായ പ്രകൃതിഭാവം വിട്ട് ഏകവും അദ്വയവുമായ സത്യവസ്തുവിൽ ലയിക്കുകയും സ്വയം ഇല്ലാതാവുകയും ചെയ്യുന്നു. ഈശ്വരസാക്ഷാത്കാരം എന്നതിന്റെ താല്പര്യവും ഇതാണ്; അതായത് സ്വയം അതായി, അതിന്റെ പൂർണ്ണഭാവത്തിൽ നിലനിൽക്കുക.

No comments: