Friday, October 26, 2018

ബ്രഹ്മഭാവം സ്വതസിദ്ധമാണ്; അതു കർമ്മംകൊണ്ടു നേടാനാവുന്നതല്ല
സകല ഐശ്വര്യത്തിന്റെയും നടുവിൽ ജീവിക്കുന്ന നല്ല ഉന്നതകുലജാതനായ ഒരു നടൻ; അദ്ദേഹത്തിനു ഒരു നാടകത്തിൽ നടിക്കാൻ കിട്ടിയ റോൾ മാറാരോഗംകൊണ്ടുവലഞ്ഞ ഒരു ഭിക്ഷക്കാരന്റേത്. തന്റെ വ്യക്തിത്വത്തെ പൂർണ്ണമായി വിസ്മരിച്ചുകൊണ്ടു അതിഗംഭീരമായി ഭിക്ഷക്കാരന്റെ വേഷം കെട്ടിയാടിയ നടൻ യഥാർത്ഥത്തിൽ ഭിക്ഷക്കാരനായി സ്റ്റേജിൽ ജീവിക്കുകയായിരുന്നു. ഭിക്ഷക്കാരന്റെ എല്ലാവിധ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു; എന്നാൽ ഇടയ്ക്കുകിട്ടിയ അല്പംചില നാണയത്തുട്ടുകളിലും കുപ്പയിൽനിന്നു കിട്ടിയ ആഹാരത്തിലുമൊക്കെ സന്തോഷിക്കുകയും ചെയ്തു. സ്റ്റേജിൽ ഭിക്ഷക്കാരന്റെ പ്രകടനംകണ്ട കാഴ്ചക്കാർ അതുകണ്ടു കരയുകയും ആശ്ചര്യപ്പെടുകയുമൊക്കെ ചെയ്തു. ഭിക്ഷക്കാരന്റെ റോൾ ഭംഗിയായി നിർവഹിച്ച നടൻ, നാടകം കഴിഞ്ഞശേഷം തിരശീലക്കുപിന്നിലേക്കു വലിഞ്ഞ്, തന്റെ നാടകത്തിലെ വേഷം അഴിച്ചുവച്ചശേഷം വീണ്ടും പഴയ വ്യക്തിയായി മാറി.
ഈശ്വരസാക്ഷാത്കാരം ലഭിച്ച, അത്യത്ഭുതകരമായ വേദാന്തതത്വം ഗ്രഹിച്ച, ഒരാളുടെ ലോകവ്യവഹാരത്തെ മുകളിൽ പറഞ്ഞ നാടകത്തിലെ നടനുമായി താരതമ്യം ചെയ്യാം. ലോകവ്യവഹാരത്തിലേർപ്പെട്ടുമ്പോൾ അദ്ദേഹം തന്റെ യഥാർത്ഥ സ്ഥിതിയെ അല്പമൊക്കെ വിസ്മരിച്ചുകൊണ്ടോ വിസ്മരിക്കുന്നപോലെയോ ഒക്കെ ജീവിച്ചേക്കാം; കാഴ്ചക്കാർക്ക് അദ്ദേഹം വെറുമൊരു സാധാരണക്കാരനെപ്പോലെ ചിരിക്കുകയും കരയുകയും പലവിധ കർമ്മങ്ങളിലൂടെ ജീവിക്കുന്നതായും തോന്നാം. എന്നാൽ അത്തരം തോന്നലോ, അയാളുടെ അപ്പോഴത്തെ സ്ഥിതിയോ ശാശ്വതമോ സത്യമോ അല്ലെന്നാണ് യാഥാർഥ്യം. പുറമേയ്ക്ക് ഇയാളുടെ ചെയ്തികൾ വളരെ വിചിത്രമെന്നു തോന്നാമെങ്കിലും ഉള്ളിന്റെയുള്ളിൽ അയാൾ എപ്പോഴും അയാളുടെ സ്വതസിദ്ധമായ ഭാവത്തിലാണ് വർത്തിക്കുന്നത്.
ബ്രഹ്മസ്വരൂപം അഥവാ മോക്ഷം കർമ്മംകൊണ്ടുണ്ടാക്കിയെടുക്കേണ്ടതല്ല. സ്വഭാവസിദ്ധമായ ഒന്നിനെ പിന്നെ ഉണ്ടാക്കിയെടുക്കേണ്ട കാര്യമുണ്ടോ? ബ്രഹ്മസ്വരൂപം അഥവാ മോക്ഷം സ്വഭാവസിദ്ധമായ നിത്യസത്യമാണ്. അതിൽ കർമ്മചലനംകൊണ്ടു കൃത്രിമമായി താൽക്കാലത്തേക്കുമാത്രം ആവിർഭവിക്കുന്നതാണ് ജീവഭാവം. കർമ്മംകൊണ്ട് ജീവഭാവം ഉണ്ടാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം; എന്നാൽ സ്വതസിദ്ധമായ ബ്രഹ്മസ്വരൂപത്തിൽ കർമ്മത്തിനു യാതൊരു പ്രസക്തിയുമില്ല. ജീവത്വം നിലനിൽക്കുമ്പോഴും ബ്രഹ്മത്വം നശിച്ചിട്ടില്ല. നശിക്കാത്ത ബ്രഹ്മത്വത്തെ പിന്നെ ഉണ്ടാക്കിയെടുക്കേണ്ട കാര്യവുമില്ലല്ലോ. ഭിക്ഷക്കാരന്റെ വേഷം കെട്ടിയാടുമ്പോഴും നടന് വ്യക്തമായിട്ടറിയാം താനാരാണെന്ന്; അയാൾ ഇല്ലാതായിട്ടൊന്നുമില്ല. ഭിക്ഷക്കാരന്റെ വേഷം കൃത്രിമമായി ഉണ്ടാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം. എന്നാൽ അതുകൊണ്ടൊന്നും അയാളുടെ സത്ത നഷ്ടപ്പെടുന്നില്ല. ഗീതയിൽ കർമ്മയോഗത്തെപ്പറ്റി വ്യാഖ്യാനിക്കുമ്പോൾ ഈ ബ്രഹ്മസ്വരൂപത്തിൽ കർമ്മത്തിനു പ്രസക്തിയില്ലാത്തതുകൊണ്ടാണ് ബ്രഹ്മസാക്ഷാത്കാരത്തെ "നൈഷ്കർമ്മ്യസിദ്ധി" എന്നു വിവരിക്കുന്നത്. പൂർണ്ണമായ കർമ്മവിരാമം (ആന്തരികം) കൊണ്ടേ ബ്രഹ്മസിദ്ധി കൈവരൂ എന്നാണു ഇതു വ്യക്തമാക്കുന്നത്.
വസ്തുതയിതാണെങ്കിലും ജീവന്മാർ സ്വസ്വരൂപമായ ബ്രഹ്മസ്‌ഥിതി അല്പനേരത്തേക്കു വിസ്മരിച്ചുപോകുന്നതുകൊണ്ടാണല്ലോ അനാദിയായ സംസാരനാടകം നടന്നുകൊണ്ടിരിക്കുന്നത്. ഭിക്ഷക്കാരന്റെ വേഷംകെട്ടി രംഗത്തഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നടൻ തന്റെ യഥാർത്ഥ വ്യക്തിത്വം ഒട്ടൊന്നു വിസ്മരിക്കുക സ്വാഭാവികമാണ്. കളി നിർത്തി അണിയറയിലേക്കു തിരിഞ്ഞാൽ സ്വഭാവസിദ്ധമായ അയാളുടെ വ്യക്തിത്വം തിരികെ ആവിർഭവിക്കുകയായി. അതുപോലെ ജീവൻ ജഡരൂപങ്ങളുമായുള്ള സംഗമുപേക്ഷിച്ച്, ആത്മാന്വേഷണം ചെയ്ത് അന്തർമുഖത നേടുന്ന നിമിഷം മുതൽ സ്വഭാവസിദ്ധമായ ബ്രഹ്മത്വം സ്ഫുരിക്കാനാരംഭിക്കുന്നു. നടൻ അനിയറിയിലെത്തി വേഷവിധാനമെല്ലാം അഴിച്ചുമാറ്റുന്നതോടെ ഭിക്ഷക്കാരന്റെ ലാഞ്ജനപോലും ഇല്ലാതാകുന്നു. അതുപോലെ ധ്യാന-മനനങ്ങളിൽകൂടി പൂർണ്ണമായ ഏകാഗ്രത നേടി ചിന്താരാഹിത്യം സാദ്ധ്യമായിക്കഴിഞ്ഞാൽ കൃത്രിമജന്യമായ ജീവത്വം അസ്തമിച്ചു സ്വഭാവസിദ്ധമായ ബ്രഹ്മത്വം അഥവാ മോക്ഷം സ്വസ്വരൂപമായിത്തീരുന്നു. അതോടെ കൃത്രിമമായ ജീവഭാവം തന്റെ സ്വരൂപത്തിനൊരിക്കലും മങ്ങൽ ചേർത്തിരുന്നില്ലെന്നും വെളിവാകുന്നു. നടൻ രംഗത്ത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കൂടെ അഭിനയിച്ച മറ്റു വേഷങ്ങളെ അതിലെ ഓരോ കഥാപാത്രങ്ങളായി കണക്കാക്കുന്നു. എന്നാൽ താൻ കളി നിർത്തുന്നതോടെ മറ്റുള്ളവരുടെ താൽക്കാലികരൂപങ്ങളും തികച്ചും കൃത്രിമമാണെന്നറിയുന്നു. അതുപോലെ സ്വസ്വരൂപം ബ്രഹ്മമാണെന്നറിയുന്ന സത്യദർശിക്ക് എല്ലാ പ്രപഞ്ചഘടകങ്ങളിലെയും ജീവത്വം കർമ്മജന്യമായ മിഥ്യാപ്രതിഭാസമാണെന്നറിയാൻ ഒരു പ്രയാസവുമില്ല. അവയുടെയെല്ലാം സ്വഭാവസിദ്ധമായ നിത്യസ്ഥിതി ബ്രഹ്മരൂപംതന്നെയാണ്..
letting go

No comments: