Sunday, October 07, 2018

നാം പലപ്പോഴും ശരിയായ കാരണത്തെ ആകില്ല കാണുന്നതും പറയുന്നതും പരിഹരിക്കാന്‍ ശ്രമിക്കുന്നതും! മതങ്ങളില്‍ ഉള്ള അധമന്മാരുടെ പ്രവൃത്തികള്‍ കണ്ടിട്ട് മതത്തെ തള്ളിപ്പറയുന്നു! രാഷ്ട്രീയപാര്‍ട്ടികളിലുള്ള അധമന്മാരുടെ പ്രവൃ‍ത്തികള്‍ കണ്ട് പാര്‍ട്ടികളെ തള്ളിപ്പറയുന്നു! കാവിവസ്ത്രം അണിഞ്ഞ അധമന്മാരെ കണ്ടിട്ട് സന്ന്യാസികളെ ഒന്നാകെ വിലയിരുത്തുന്നു! എന്നിങ്ങനെ എല്ലാ മേഖലകളിലും എല്ലാ തരത്തിലുള്ള ആളുകളും ഉണ്ട്. എന്നതിനാല്‍ പ്രശ്നങ്ങളുടെ കാരണം കാണേണ്ടത് മനുഷ്യന്റെ പ്രകൃതത്തിലാണ്! പരിഹാരവും അവനവനിലാണ്. വിവേകാനന്ദസ്വാമികള്‍ പറയും ''ഒരു മതം നല്ലതാണെങ്കില്‍ മറ്റ് എല്ലാ മതങ്ങളും നല്ലതാകണം.''‍‍ അതു പോലെയാണ് എല്ലാ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും. അഴിമതിക്കാരും അക്രമികളും കൊലപാതകികളുമായ ചില രാഷ്ട്രീയക്കാരുണ്ടെന്നും പറഞ്ഞ് ആരെങ്കിലും സ്വന്തം പാര്‍ട്ടി മോശമാണെന്ന് പറയുമോ?‍ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച് ക്രൂരകൃത്യങ്ങള്‍ ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുന്ന മനുഷ്യരുടെ പേരില്‍ ശാസ്ത്രം കുഴപ്പമാണെന്നു വിലയിരുത്താമോ?
നാം ഒരു മനുഷ്യന്റെ കൈയില്‍ ഏതു മതം കൊടുത്താലും, ഏതു പാര്ട്ടിയുടെ അധികാരം കൊടുത്താലും ഏതു ശാസ്ത്രത്തിലെ വിദ്യകൊടുത്താലും ശരി അയാളുടെ ജന്മപ്രകൃതം അനുസരിച്ചാണ് അയാളതിനെ ഉപയോഗിക്കുക എന്നതാണ് സത്യം. കൈയിലിരിക്കുന്ന മൊബൈല്‍ സങ്കേതം ഉപയോഗിച്ച് ഒരാളെ നിരന്തരം ചീത്തവിളിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യാം, അകലെ വിഷമിച്ചിരിക്കുന്ന ഒരാളെ വിളിച്ചു ആശ്വസിപ്പിക്കുകയും ചെയ്യാം. നാം എന്തു ചെയ്യുന്നു എന്നതിനനുസരിച്ച് ആ ശാസ്ത്രത്തിലെ നന്മതിന്മകളെ പറയാനാകില്ലല്ലോ! അതുപയോഗിച്ച് നാം എന്തു ചെയ്യുന്നു എന്നത് നമ്മുടെ ഉള്ളിലെ സംസ്കാരത്തെയും നന്മതിന്മകളുടെ സ്വഭാവത്തെയുമാണ് കാണിക്കുന്നത്. ‍
മനുഷ്യര്‍ മൂന്നു തരക്കാറുണ്ട്, ഉത്തമന്മാര്‍, മധ്യമന്മാര്‍, അധമന്മാര്‍. ഉത്തമന്മാര്‍ സാത്വികരും നന്മയുള്ളവരുമാണ്. മധ്യമന്മാരില്‍ നന്മതിന്മകള്‍ കലര്‍ന്നിരിക്കുന്നു. അധമന്മാരാകട്ടെ എന്തു ക്രൂരകൃത്യവും ചെയ്യുവാന്‍ മടിയില്ലാത്തവരാണ്.‍‍‍‍‍‍‍‍‍‍ ഈ ആന്തരികഗുണപ്രകൃതിയെ മാറ്റിയെടുക്കാനാണ് സാത്വികമായ ആചാരാനുഷ്ഠാനങ്ങള്‍.
ശാസ്ത്രം ലോകത്തിന് ഭൗതികസുഖസൗകര്യങ്ങള്‍ നല്‍കുന്നു. എന്നാല്‍ ആന്തരികമായ ദുഃഖങ്ങളെ പരിഹരിക്കുന്നകാര്യത്തില്‍‍ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആദ്ധ്യാത്മികദര്‍ശനം മനുഷ്യന് ആന്തരികമായ ശാന്തി നല്‍കുന്നു. ആദ്ധ്യാത്മികദര്‍ശനവും ഭൗതികശാസ്ത്രവും പരസ്പരം തമ്മില്‍ കലഹിക്കേണ്ടുന്ന കാര്യമില്ല എന്ന സത്യം വിവേകാനന്ദസ്വാമികള്‍ നമുക്ക്‍ പറഞ്ഞുതരുന്നുണ്ട്. മനുഷ്യന്‍റെ ഓരോരോ ആവശ്യകതയ്ക്ക് പരിഹാരമായിട്ടാണ് ഏതൊരു ശാസ്ത്രവും ദര്‍ശനവും പ്രസ്ഥാനവും ലോകത്തെവിടെയും രൂപംകൊണ്ടിട്ടുള്ളത്. എന്നതിനാല്‍ ഓരോ ആശയങ്ങള്‍ക്കും ഓരോ ആദര്‍ശങ്ങള്‍ക്കും ഓരോ ആചരണങ്ങള്‍ക്കും അതാതിന്‍റെതായ നിലയില്‍ പ്രസക്തിയുണ്ട് എന്നത് നമുക്ക് ബോധിക്കുന്ന യുക്തിയാണ്.
എനിക്കു വേണ്ടല്ലോ പിന്നെ നിനക്ക് എന്തിനാണ് ആഹാരം എന്ന് ആഹാരം കഴിച്ചവന്‍‍ ആഹാരം കഴിക്കാത്തവനോട് പരിഹസിച്ചു ചോദിക്കുന്നതു പോലെ! ബുദ്ധിയില്ലാത്തൊരാള്‍‍ പഠനത്തില്‍ ശ്രദ്ധയില്ലാത്തതെയിരിക്കും. എന്നിട്ട് ‍ പഠിക്കുന്നവരോട് നീ എന്തെടുക്കാനാണ് പഠിക്കുന്നത് എന്ന് പരിഹസിക്കുമ്പോലെ! നാം ഒന്നിന്‍റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കാതെ മറ്റൊരാളിന്‍റെ ആവശ്യത്തെയറിയാതെ ഇത്തരത്തില്‍ വിവേകശൂന്യരായി പ്രായോഗികബുദ്ധിയില്ലാതെ സ്വന്തം ആവശ്യകതമാത്രം നോക്കി പലതിനെയും എതിര്‍ക്കാറുണ്ട്.
സ്വന്തം ആവശ്യം അറിയുന്നതുപോലെ മറ്റുള്ളവരുടെ ആവശ്യവും അറിയുവാന്‍ കഴിവുള്ളയാളാണ് യഥാര്‍ത്ഥത്തില്‍ സാമൂഹികനവോത്ഥാനത്തിന് ശക്തരായവര്‍, യുക്തരായവര്‍. അതുകൊണ്ടാണല്ലോ നമ്മുടെ ആദ്ധ്യാത്മികാചാര്യന്മാര്‍ ക്ഷേത്രാരാധനയ്ക്കും നാമസങ്കീര്‍ത്തനത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും സമൂഹത്തില്‍ അതാതിന്‍റെ പ്രസക്തിയറിഞ്ഞ് സ്ഥാനം നല്‍കിയിരിക്കുന്നത്. അപരന് ഭക്തിയില്‍ സുഖമെങ്കില്‍ അത് അവന് പ്രിയമായിരിക്കാം. എനിക്ക് ഭക്തി വേണ്ടായിരിക്കാം എന്നിരുന്നാലും സുഹൃത്തിന്‍റെ പ്രിയം ആണ് എനിക്ക് പ്രിയം എന്നു കരുതി അവനെ അതില്‍ തിന്ന് തടയുകയോ പരിഹസിക്കുകയോ ചെയ്യാതിരിക്കാമല്ലോ! ഇങ്ങനെ വ്യക്തിഭേദം അനുസരിച്ച് പ്രിയവിഷയങ്ങള്‍ പലതുണ്ടെങ്കിലും അപരന്‍റെ പ്രിയത്തെ അറിഞ്ഞ് പെരുമാറണം എന്ന് ശ്രീനാരായണഗുരു ആത്മോപദേശശതകത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
''പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.''
ഭക്തികൊണ്ടായാലും ജ്ഞാനംകൊണ്ടായാലും ജനസേവനംകൊണ്ടായാലും ഓരോരുത്തരും അതാത് കര്‍മ്മത്തിലൂടെ ഒരേ ആനന്ദം അനുഭവിക്കുന്നുവല്ലോ! അതിനാല്‍ എന്‍റെ പ്രിയമേതായാലും അപരന്‍റെ പ്രിയമേതായാലും ആനന്ദത്തില്‍ അവ ഒന്നുതന്നെയാണല്ലോ! അതറിയുമ്പോള്‍ നേരത്തെയുണ്ടായിരുന്ന ഭ്രമം മാറിക്കിട്ടും!
അതിനാല്‍ അപരന് വിഷമം ഉണ്ടാക്കാതെ സ്വന്തം പ്രിയത്തില്‍ സുഖം കണ്ടെത്തുവനാണ് ഉത്തമന്‍. അന്യന്‍റെ ധര്‍മ്മത്തില്‍ ഇടപെടരുത് എന്ന് ഭഗവദ്ഗീതയിലും ഉപദേശിച്ചിട്ടുണ്ട്. പരസ്പരം എതിര്ക്കുന്നവര് ഇതറിയേണ്ടതാണല്ലോ!‍‍‍.
krishnakumar kp

No comments: