ചരിത്രത്തിലെ മഹാഭാരതവും മഹാഭാരതത്തിലെ ചരിത്രവും
Sunday 21 October 2018 3:54 am IST
ജൈന-ബൗദ്ധ ദര്‍ശനങ്ങളെ ഗീതയും ഭാരതവും എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നും, ഭാരതീയ കലയിലും സാഹിത്യത്തിലും ഇവ എത്രമാത്രം സനാതനധര്‍മവുമായി ഇഴചേര്‍ന്ന് കിടന്നിരുന്നുവെന്നുമുള്ള നിരവധി ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ബൗദ്ധദര്‍ശനങ്ങളെ വൈദികപാരമ്പര്യം നാമാവശേഷമാക്കിയെന്ന വാദങ്ങളെ ഇത് നിലംപരിശാക്കുന്നു.
നാനാത്വത്തിലെ ഏകത്വമെന്ന ഏകാത്മ ഭാരതത്തിന്റെ സഹസ്രാബ്ദങ്ങളായുള്ള സങ്കല്‍പം വര്‍ഗീയവും വികലവുമാണെന്ന് വാദിക്കുന്നവരുണ്ട്. ഈ സമീപനമാണ് ഡോ. ബി.എസ്. ഹരിശങ്കര്‍ 'ചരിത്രത്തിലെ മഹാഭാരതം-രീതിശാസ്ത്രവും നിലപാടുകളും' എന്ന പുതിയ പുസ്തകത്തിലൂടെ പൊളിച്ചെഴുതിയിരിക്കുന്നത്. മഹാഭാരതത്തിന്റെ വിവിധ ഭാരതീയ ഭാഷാപഠനങ്ങളും പാശ്ചാത്യ സമീപനങ്ങളുമാണ് പ്രഥമാദ്ധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് ചര്‍ച്ച ചെയ്യുന്നത്. രണ്ടാമദ്ധ്യായത്തില്‍ ഗംഗയും യമുനയും സരസ്വതിയും സമ്പന്നമാക്കിയ വ്യാസഭാരതത്തിന്റെ പശ്ചാത്തലവും അതിന്റെ വികാസപരിണാമത്തില്‍ ഈ മൂന്ന് നദികളുടെ പരിസ്ഥിതി വഹിച്ച നിര്‍ണായക പങ്കും നമുക്ക് വ്യക്തമാക്കിത്തരുന്നു. ഗ്രന്ഥത്തിലെ മൂന്നാമദ്ധ്യായം സുപ്രധാനമാണ്. ആര്യന്‍ ആക്രമണ വാദം ചരിത്രമാണെന്ന അവകാശങ്ങളെയാണ് ഡോ. ഹരിശങ്കര്‍ സമൂലം ഖണ്ഡിക്കുന്നത്. സിന്ധു-സരസ്വതീ തീരത്തെ പുരാതത്ത്വ വിശകലനം കൂടി ഉള്‍പ്പെടുന്ന ജനിതക പഠനങ്ങളും സമഷ്ടി പഠനങ്ങളും പുരാ ജലപഠനങ്ങളും മോളിക്യൂലര്‍ ബയോളജിയും ഗ്രന്ഥകര്‍ത്താവ് നമ്മുടെ മുന്‍പില്‍ ഇതിനായി നിരത്തുന്നു.
ഗംഗാതടത്തിലേക്ക് കുടിയേറിയ ആര്യന്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ വ്യാപനവും കൃഷിയിലധിഷ്ഠിതമായ വര്‍ണ്ണ ധര്‍മ്മ വ്യവസ്ഥിതിയിലേക്കുള്ള ഉത്തരഭാരതത്തിന്റെ പരിവര്‍ത്തനത്തിന്റെ ആഖ്യാനവുമല്ല മഹാഭാരതം. ഈ ഇടതു വാദങ്ങളെ പൊളിച്ചടുക്കി ക്രിസ്തുവിന് ഏഴായിരം വര്‍ഷം മുന്‍പ് മുതല്‍ ഗംഗാ സമതലങ്ങളിലാരംഭിച്ച കൃഷിയുടെ വിസ്തൃത ചരിത്രം സുദീര്‍ഘമായ പട്ടികയിലൂടെ ഡോ. ഹരിശങ്കര്‍ അവതരിപ്പിക്കുന്നു. നവീനശിലായുഗത്തില്‍നിന്ന് ചെമ്പ് സാങ്കേതിക വിദ്യയിലേക്കും, ഇരുമ്പ് കാലഘട്ടത്തിലേക്കുമുള്ള വൈവിധ്യമാര്‍ന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വികാസം നമ്മെ അദ്ഭുതപ്പെടുത്തും. സരസ്വതി തീരത്തെ മഹാനാഗരികത കുത്തനെ അസ്തമിക്കുകയല്ല, മറിച്ച് ഗംഗാതടത്തെ മഹാകാര്‍ഷിക വ്യവസ്ഥയിലേക്കും രണ്ടാം നഗരവല്‍ക്കരണത്തിലേക്കും രൂപഭേദം പ്രാപിക്കുകയായിരുന്നുവെന്ന് നിരവധി പുരാതത്ത്വ തെളിവുകള്‍ നിരത്തി ഗ്രന്ഥകര്‍ത്താവ് വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ഈ വസ്തുതകള്‍ മൂടിവച്ച ഇടതുപക്ഷ ചിന്തകന്മാരുടെ അപചയവും കാപട്യവും ഇതുവഴി വ്യക്തമാക്കുന്നു.
ഗംഗാസമതലങ്ങളില്‍ നാല് സഹസ്രാബ്ദങ്ങള്‍ മുന്‍പ് ഇരുമ്പ് ലോഹത്തിന്റെ ആരംഭവികാസത്തില്‍ക്കൂടി ജന്മമെടുത്ത രണ്ടാം നഗരവല്‍ക്കരണത്തിന്റെ ചരിത്രം കൂടിയാണ് മഹാഭാരതം. അതിന് നാം അധികമറിയാത്ത മറ്റൊരുവശം കൂടിയുണ്ട്. ഉപനിഷത്ത് കാലഘട്ടത്തില്‍ ജന്മമെടുത്തതും കുരുപഞ്ചാലദേശത്ത് രൂഢമൂലമായതുമായ ധൈഷണിക പാരമ്പര്യത്തിന്റെ മണ്ണിലാണ് വ്യാസഭാരതം പിറന്നുവീണത്-ഒപ്പം ഭഗവദ്ഗീതയും. മഹാഭാരതകാലത്തെ ബൗദ്ധിക പാരമ്പര്യവും അതില്‍ ഉപനിഷത്തുകളും സാംഖ്യദര്‍ശനവും ചെലുത്തിയ സ്വാധീനവും ഗ്രന്ഥകര്‍ത്താവ് ചര്‍ച്ച ചെയ്യുന്നു. ഇടതു ചരിത്രകാരന്മാര്‍ അവഗണിച്ച മേഖലയാണിത്.
ഏകാത്മ ഭാരതമെന്ന സാംസ്‌കാരിക അസ്തിത്വം രൂപപ്പെടുത്തുന്നതില്‍ വ്യാസഭാരതം വഹിച്ച പങ്കിനെ ഡോ. ഹരിശങ്കര്‍ വിശദമായി വിലയിരുത്തുന്നു. അരവിന്ദന്‍, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ ഈ സങ്കല്‍പത്തെ ശക്തിയുക്തം പിന്തുണയ്ക്കുന്നു. ഇതോടൊപ്പം ക്രിസ്തുമത വിശ്വാസം ആചരിക്കെ സാംസ്‌കാരികമായി തങ്ങള്‍ ഹിന്ദുക്കളാണെന്ന നിലപാടെടുത്ത ക്രൈസ്തവചിന്തകരായ റെയ്മണ്ടോ പണിക്കര്‍, കാളിചരണ്‍ ബാനര്‍ജി, പരേഖ് മണിലാല്‍ തുടങ്ങിയവരുടെ വാദമുഖങ്ങളും ഗ്രന്ഥകര്‍ത്താവ് ചര്‍ച്ച ചെയ്യുന്നു.
സുപ്രധാനമായ വസ്തുത, ഭഗവദ്ഗീത മഹാഭാരതത്തിന്റെ ഭാഗമല്ലെന്നും ബ്രാഹ്മണവര്‍ഗ്ഗം കീഴാളരെ അടിമകളാക്കാന്‍ പില്‍ക്കാലത്ത് തുന്നിച്ചേര്‍ത്തതാണെന്നുമുള്ള വാദത്തെ ഡോ. ഹരിശങ്കര്‍ ശക്തിയുക്തം തച്ചുടയ്ക്കുന്നതാണ്. എഴുത്തച്ഛന്റെയും ശ്രീനാരായണഗുരുവിന്റെയും മഹാകവികളായ ഉള്ളൂരിന്റെയും ചങ്ങമ്പുഴയുടെയും ഡോ. സുകുമാര്‍ അഴീക്കോടിന്റെയും ഹെഗലിന്റെയും മറ്റ് നിരവധി പണ്ഡിതന്മാരുടെയും നിരീക്ഷണങ്ങളെ ഇതിനായി നിരത്തുന്നു.
ജൈന-ബൗദ്ധ ദര്‍ശനങ്ങളെ ഗീതയും ഭാരതവും എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നും, ഭാരതീയ കലയിലും സാഹിത്യത്തിലും ഇവ എത്രമാത്രം സനാതനധര്‍മവുമായി ഇഴചേര്‍ന്ന് കിടന്നിരുന്നുവെന്നുമുള്ള നിരവധി ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ബൗദ്ധദര്‍ശനങ്ങളെ വൈദികപാരമ്പര്യം നാമാവശേഷമാക്കിയെന്ന വാദങ്ങളെ ഇത് നിലംപരിശാക്കുന്നു. ബുദ്ധക്ഷേത്രങ്ങളെയും വിഹാരങ്ങളെയും കമ്യൂണിസ്റ്റ് റഷ്യയും ചൈനയും കൊള്ളയടിച്ച് നശിപ്പിച്ച കാര്യങ്ങളും ഡോ. ഹരിശങ്കര്‍ ഈ പുസ്തകത്തില്‍ തുറന്നുകാട്ടുന്നു.
തന്റെ വാദങ്ങളെ സാധൂകരിക്കാന്‍ നിരവധി ചിത്രങ്ങളും പട്ടികകളും ചേര്‍ത്തിട്ടുള്ളതും, ഭാരതസംസ്‌കാരത്തെ താഴ്ത്തിക്കെട്ടുന്നവര്‍ക്കും, പ്രാചീന ഭാരതത്തിന്റെ അതുല്യസംഭാവനകളെയെല്ലാം നിസ്സാരവല്‍ക്കരിക്കുന്നവര്‍ക്കുമുള്ള ചുട്ട മറുപടിയായ ഈ ഗ്രന്ഥം, പ്രസിദ്ധീകരിച്ചിട്ടുള്ളത് ബുദ്ധ ബുക്‌സാണ്.
പുരാതത്ത്വത്തില്‍ ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും നേടിയിട്ടുള്ള ഡോ. ബി.എസ്. ഹരിശങ്കര്‍, ദേശീയ അന്തര്‍ദ്ദേശീയ പുരാതത്ത്വ ഗവേഷണ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനു പുറമെ, സരസ്വതി തീരത്തും മഹാഭാരത സ്ഥലങ്ങളിലുമായി പുരാതത്ത്വഗവേഷണ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തര്‍ദ്ദേശീയ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ള ഒട്ടേറെ പുരാതത്ത്വഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണദ്ദേഹം.
No comments:
Post a Comment