Wednesday, October 03, 2018

വിവേകാനന്ദന്‍ പറയുന്നു
Thursday 4 October 2018 2:47 am IST
നമ്മുടെ പ്രധാന പ്രതിപാദ്യങ്ങളിലൊന്നിലേക്കു നമുക്കു മടങ്ങാം. അല്‍പം തിന്മ ചെയ്യാതെ നന്മ ചെയ്യുവാന്‍ നിവൃത്തിയില്ലെന്നും നന്മയുടെ ഒരു അംശമില്ലാതെ തിന്മ ചെയ്‌വാന്‍ സാദ്ധ്യമല്ലെന്നും പ്രസ്താവിച്ചുവല്ലോ. ഇതറിഞ്ഞുകൊണ്ട് എങ്ങനെയാണ് കര്‍മം ചെയ്യുക? സംസാരത്തില്‍നിന്നു മുക്തി ലഭിക്കാന്‍ ഏകമാര്‍ഗം സാവധാനത്തില്‍ ആത്മഹത്യവരിക്കയാണെന്നുള്ള അസംബന്ധം ഉപദേശിച്ചിട്ടുള്ള മതസമ്പ്രദായക്കാരുണ്ടായിട്ടുണ്ട്: എന്തെന്നാല്‍, ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നപക്ഷം അയാള്‍ക്ക് പാവപ്പെട്ട ചെറിയ ജന്തുക്കളേയും ചെടികളേയും ഹിംസിക്കയോ അഥവാ, ആര്‍ക്കെങ്കിലും എന്തിനെങ്കിലും ദ്രോഹം പ്രവര്‍ത്തിക്കയോ വേണ്ടിവരും. അതിനാല്‍ അവരുടെ മതമനുസരിച്ച് ലോകത്തില്‍നിന്നു മോചിതമാകാനുള്ള ഏകമാര്‍ഗം മരിക്കുകയാണ്. ജൈനന്മാര്‍ തങ്ങളുടെ പരമാദര്‍ശമായി ഈ സിദ്ധാന്തം ഉപദേശിച്ചിട്ടുണ്ട്. ഈ ഉപദേശം തികച്ചും യുക്തിയുക്തമായി തോന്നാം. എന്നാല്‍ ശരിയായ പ്രതിവിധി ഗീതയില്‍ കാണാം. അത് അനാസക്തി സിദ്ധാന്തമാകുന്നു സ്വന്തം കര്‍മങ്ങളില്‍ ഒന്നിനോടും ആസക്തിയില്ലാതിരിക്കുകയാകുന്നു. നിങ്ങള്‍ ലോകത്തില്‍ ജീവിക്കുന്നുവെങ്കിലും അതില്‍നിന്നു പൂര്‍ണമായും വിഭിന്നനാണെന്നും, അതില്‍ എന്തെല്ലാം കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരുന്നാലും അവയൊന്നും നിങ്ങള്‍ക്കു വേണ്ടിയല്ലെന്നും ഉള്ള ബോധത്തോടുകൂടിയിരിക്കുക.
നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന ഏതു കര്‍മവും നിങ്ങളുടെമേല്‍ ഫലം ഉളവാക്കും. അതു നല്ല പ്രവൃത്തിയാണെങ്കില്‍ നല്ല ഫലവും, ചീത്ത പ്രവൃത്തിയാണെങ്കില്‍ ചീത്ത ഫലവും നിങ്ങള്‍ക്കു സ്വീകരിക്കേണ്ടിവരും. എന്നാല്‍, നിങ്ങള്‍ക്കുവേണ്ടിയല്ലാതെ ചെയ്യുന്ന ഏതൊരു കര്‍മവും നിങ്ങളുടെ മേല്‍ ഫലിക്കയില്ല. ഈ ആശയത്തെ ശക്തിയോടെ പ്രതിപാദിക്കുന്ന ഒരു വാക്യം ഞങ്ങളുടെ ശാസ്ത്രങ്ങളിലുണ്ട്. 'ആര്‍ക്കാണോ ഞാന്‍ കര്‍ത്താവെന്ന ഭാവമില്ലാത്തത്, ആരുടെ ബുദ്ധിയിലാണോ എന്റെ കര്‍മം, എന്റെ ഫലം എന്നിങ്ങനെ ഒന്നും ചെന്നുപറ്റാത്തത്, അയാള്‍ ഈ ലോകത്തെ മുഴുക്കെ കൊന്നാലും വാസ്തവത്തില്‍ കൊല്ലുന്നില്ല. ആ പാപം കൊണ്ടു ബന്ധിക്കപ്പെടുന്നില്ല.' അതുകൊണ്ട് കര്‍മയോഗം പഠിപ്പിക്കുന്നത് ഇതാണ്; ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല. ലോകത്തിലിരുന്ന് അതു തരുന്ന അനുഭവങ്ങള്‍ കഴിയുന്നിടത്തോളം ഉള്‍ക്കൊള്ളുക. എന്നാല്‍ അതു നിങ്ങളുടെ സുഖാനുഭവത്തെ ഉദ്ദേശിച്ചാണെങ്കില്‍, കര്‍മമേ ചെയ്യാതിരിക്കുക. സുഖാനുഭവം ലക്ഷ്യമായിരിക്കരുത്. ആദ്യം നിങ്ങളുടെ അഹംബുദ്ധി നശിപ്പിക്കുക, അതിനുശേഷം ലോകത്തെ മുഴുവന്‍ ആത്മതുല്യം സ്വാത്മാവായി കാണുക. 
'അല്ലയോ പ്രഭോ, അങ്ങ് എനിക്കു വേണ്ടി ഈ സൂര്യനെ സൃഷ്ടിച്ചിരിക്കുന്നു. എനിക്കു വേണ്ടി ചന്ദ്രനെ സൃഷ്ടിച്ചിരിക്കുന്നു' എന്നിങ്ങനെ പ്രാര്‍ഥന ചൊല്ലാന്‍ ബുദ്ധിശൂന്യരായ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഈ കുട്ടികള്‍ക്കുവേണ്ടി ഓരോന്നു സൃഷ്ടിക്കുകയല്ലാതെ ഈശ്വരനു മറ്റു ജോലിയൊന്നുമില്ലെന്നു തോന്നും. ഇത്തരം അബദ്ധങ്ങള്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കരുത്. ഇനി വേറൊരു വിധത്തില്‍ മഠയത്തം പറയുന്നവരുണ്ട്. അവര്‍ പറയുന്നത് ഈ ജന്തുക്കളെയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് നമുക്കു കൊന്നുതിന്നാന്‍ വേണ്ടിയാണെന്നും, ഈ ജഗത്ത് നമ്മുടെ സുഖാനുഭവത്തിനുവേണ്ടിയുള്ളതാണെന്നും ആകുന്നു. ഇതെല്ലാം അസംബന്ധം. 'മനുഷ്യനെ എനിക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു' എന്ന് വ്യാഘ്രത്തിനും പറയാം.' അല്ലയോ ഈശ്വരാ, എന്റെ തീറ്റയ്ക്കായി എന്റെ മുമ്പില്‍ വന്നു കിടക്കാത്ത ഈ മനുഷ്യര്‍ എത്ര ദുഷ്ടരാണ്! അവര്‍ അങ്ങയുടെ നിയമത്തെ ലംഘിക്കുന്നു' എന്നിങ്ങനെ വ്യാഘ്രത്തിന് ഈശ്വരനോട് ആവലാതിപ്പെടാം. ലോകം നമുക്കുവേണ്ടി ഉണ്ടാക്കപ്പെട്ടതാണെങ്കില്‍, നാം ലോകത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടവരുമാകുന്നു. നമ്മുടെ സുഖാനുഭവത്തിനാണ് ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നുള്ളത്, നമ്മെ താഴ്ത്തിപ്പിടിച്ചുനിര്‍ത്തുന്ന, ഏറ്റവും ദുഷ്ടമായ ഒരാശയമാകുന്നു. ലോകം നമുക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. വര്‍ഷംതോറും ലക്ഷോപലക്ഷം ജീവികള്‍ ഇവിടെനിന്നു മറയുന്നു. അതുകൊണ്ട് ഒരു കുറവും ലോകത്തിനു തോന്നുന്നില്ല. അവയുടെ സ്ഥാനത്തു മറ്റു ലക്ഷോപലക്ഷങ്ങള്‍ വന്നുചേരുന്നു. ലോകം എത്രത്തോളം നമുക്കു വേണ്ടിയാണോ അത്രത്തോളം നാം ലോകത്തിനുവേണ്ടിയുമാണ്.
വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തില്‍ നിന്ന്

No comments: