അറിവിന്റെ ആഴിയായ് കാക്കശ്ശേരി
Tuesday 23 October 2018 2:47 am IST
കോഴിക്കോട്ടു മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്റെ കാലത്ത് വേദശാസ്ത്രപുരാണ വിശാരദന്മാരുടെ കൂട്ടായ്മ ആണ്ടിലൊരിക്കല്‍ കോഴിക്കോട് തളിക്ഷേത്രത്തില്‍ നടത്തുന്ന പതിവുണ്ടായിരുന്നു. അവിടെ വേദ, ശാസ്ത്ര, പുരാണങ്ങളെ ആധാരമാക്കി വാദം നടക്കും. വാദത്തില്‍ ജയിക്കുന്നവര്‍ക്ക് തമ്പുരാന്‍ പണക്കിഴി സമ്മാനിക്കും. വേദശാസ്ത്ര പുരാണങ്ങളെ ഓരോ ഭാഗമായി വേര്‍തിരിച്ച് അവയില്‍ ഓരോ ഭാഗത്തെയും നൂറ്റെട്ടായി ഭാഗിക്കും. നൂറ്റെട്ടു ഭാഗങ്ങള്‍ക്കും പ്രത്യേകം വാദംവയ്ക്കും. ജയിക്കുന്നവര്‍ക്ക് ഓരോ പണക്കിഴി വീതമാണ് സമ്മാനം. അതു കൂടാതെ വയോധികര്‍ക്കായി നൂറ്റൊമ്പതാമത് ഒരു കിഴിയും നല്‍കിപ്പോന്നിരുന്നു.
കാലം പിന്നിട്ടപ്പോള്‍ വേദശാസ്ത്ര വിശാരദന്മാരായ മലയാള ബ്രാഹ്മണരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.
തളിയില്‍ നടന്നുവന്ന ഈ പണ്ഡിതയോഗം പരദേശത്തും പ്രസിദ്ധമായിരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ പരദേശി ബ്രാഹ്മണരും എത്തിത്തുടങ്ങി. മലയാളബ്രാഹ്മണര്‍ക്കൊപ്പം സമ്മാനക്കിഴിയും പങ്കിട്ടു. കുറച്ചു കാലം കൂടികഴിഞ്ഞതോടെ വാദത്തില്‍ ജയിക്കാന്‍ യോഗ്യതയുള്ള മലയാള ബ്രാഹ്മണര്‍ ഇല്ലെന്നായി.
അങ്ങനെയിരിക്കെ സര്‍വജ്ഞനും വാഗീശ്വരനുമായ 'ഉദ്ദണ്ഡന്‍' എന്ന ശാസ്ത്രിബ്രാഹ്മണന്‍ സഭയില്‍ വാദത്തിനായി പരദേശത്തു നിന്നെത്തി. അത്യന്തം ഗര്‍വിഷ്ഠനുമായിരുന്നു ഉദ്ദണ്ഡശാസ്ത്രികള്‍.
കേരളത്തിലേക്ക് അദ്ദേഹം വന്നതു തന്നെ
' പലായധ്വം പലായധ്വം രേ രേ ദുഷ്‌കവി കുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ'
എന്ന ശ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു.
'അല്ലയോ, ദുഷ്‌കവികളായ ആനകളേ, നിങ്ങള്‍ ഓടിക്കൊള്‍വിന്‍, ഓടിക്കൊള്‍വിന്‍. എന്തെന്നാല്‍, വേദാന്തമാകുന്ന വനത്തില്‍ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു' എന്നാകുന്നു ഇതിന്റെ അര്‍ഥം. സഭയിലെത്തിയ ശാസ്ത്രികള്‍ സകലവിഷയങ്ങളും വാദിച്ചു. മലയാളികളും പരദേശികളുമായ സകല ബ്രാഹ്മണരെയും വാദിച്ചു ജയിച്ച് കിഴികള്‍ കരസ്ഥമാക്കി. ഇതുകണ്ട് ഇദ്ദേഹത്തോട് ശക്തന്‍ തമ്പുരാന് വളരെയേറെ ബഹുമാനം തോന്നി. ശാസ്ത്രികളെ തമ്പുരാന്‍ തന്റെയൊപ്പം സ്ഥിരമായി താമസിപ്പിച്ചു. ആണ്ടുതോറും ശാസ്ത്രികള്‍ തന്നെ വാദത്തിലെല്ലാം ജയിച്ചു പോന്നു.
ഇങ്ങനെയായപ്പോള്‍ മലയാള ബ്രാഹ്മണര്‍ക്കെല്ലാം വ്യസനമായി. തങ്ങളില്‍ കേമന്മാരില്ലാഞ്ഞിട്ടാണല്ലോ ഒരു പരദേശി ബ്രാഹ്മണനെത്തി രാജാവിന്റെ മതിപ്പും സമ്മാനവും വാങ്ങിവരുന്നതെന്ന് വിചാരിച്ച് അതിനായി അവര്‍ പോംവഴി തേടി. മലയാള ബ്രാഹ്മണരില്‍ പ്രധാനികളെല്ലാം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒത്തുചേര്‍ന്നു.
ആയിടയ്ക്ക് കാക്കശ്ശേരി ഭട്ടതിരിയുടെ ഇല്ലത്ത് ഒരന്തര്‍ജനത്തിന് ഗര്‍ഭമുള്ള വിവരം അറിഞ്ഞ് ബ്രാഹ്മണരെല്ലാം ഒരു ദിവ്യമന്ത്രം ജപിച്ച് വെണ്ണ സേവിക്കാനായി ആ അന്തര്‍ജനത്തിന്
കൊടുത്തു വന്നു. ഒപ്പം ഗുരുവായൂരപ്പനെ പ്രാര്‍ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡശാസ്ത്രികളെ ജയിക്കാന്‍ ഒരു യോഗ്യനെ സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അന്തര്‍ജനം പ്രസവിച്ചത് ഒരു ആണ്‍കുട്ടിയെയായിരുന്നു. ആ ശിശുവാണ് കാക്കശ്ശേരി ഭട്ടതിരിയെന്ന് ലോകപ്രസിദ്ധനായത്.
കാക്കശ്ശേരി ഭട്ടതിരിയ്ക്ക് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ ഒരു സംവത്സരം ദീക്ഷയായിരുന്നു. ദീക്ഷക്കാലത്ത് ബലിയിട്ടു പിണ്ഡം കൊണ്ടുവയ്ക്കുമ്പോള്‍ കൊത്തിത്തിന്നാനെത്തുന്ന കാക്കകളെ കണ്ടാല്‍ തലേ ദിവസം വന്നവയെയും അല്ലാത്തവയെയും വേര്‍തിരിച്ചറിയാന്‍ ഭട്ടതിരിക്ക് കഴിയുമായിരുന്നു. അമ്മയോട് ഇക്കാര്യം പറയുകയും പതിവായിരുന്നു. അദ്ദേഹത്തിന് 'കാക്കശ്ശേരി' എന്ന് ഇല്ലപ്പേര് ലഭിച്ചതും ഇതുകൊണ്ടത്രേ. ഒരിക്കല്‍ കണ്ട കാക്കയെ വീണ്ടും കാണുമ്പോള്‍ തിരിച്ചറിയുന്നത് സാധാരണ മനുഷ്യര്‍ക്ക് സാധ്യമല്ലല്ലോ. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം അതില്‍ നിന്ന് സ്പഷ്ടമായിരുന്നു.
എട്ടാം വയസ്സിലാണ് ബ്രാഹ്മണര്‍ക്ക് ഉപനയനം. എന്നാല്‍ കുശാഗ്രബുദ്ധിയായ ഭട്ടതിരിയെ മൂന്നാം വയസ്സില്‍ എഴുത്തിനിരുത്തി, അഞ്ചര വയസ്സില്‍ ഉപനയനവും നടത്തി. അതാതു കാലത്തു പഠിക്കേണ്ടത് ഗ്രഹിക്കാന്‍ അദ്ദേഹത്തിന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല.
കാക്കശ്ശേരി ഭട്ടതിരി കുഞ്ഞായിരിക്കുമ്പോള്‍ സമീപത്തുള്ള 'മൂക്കറ്റത്തു' ( മൂക്കുതല) ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ഭൃത്യനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ വെച്ച് ഒരാള്‍, എവിടെപ്പോയി വരുന്നു എന്ന് ചോദിച്ചു. അഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഭട്ടതിരി 'ഞാന്‍ ഭഗവതിയെ തൊഴാന്‍ പോയിരുന്നു' എന്നു പറഞ്ഞു. 'എന്നിട്ട് ഭഗവതി എന്തു പറഞ്ഞു' എന്ന് മറ്റേയാള്‍ വീണ്ടും ചോദിച്ചു.
ഉടനെ ഉണ്ണിയായ ഭട്ടതിരി,
'യോഗിമാര്‍ സതതം പൊത്തും
തുമ്പത്തെത്തള്ളയാരഹോ!
നാഴിയില്‍പ്പാതിയാടീല
പലാകാശേന വാ ന വാ'
എന്ന ശ്ലോകം ചൊല്ലി. അതിന്റെ അര്‍ഥം മനസ്സിലാകാതെ ചോദ്യകര്‍ത്താവ് നിന്നു. ഭട്ടതിരി തന്നെ അര്‍ഥം വിശദീകരിച്ചു. അത് ഇങ്ങനെയായിരുന്നു. യോഗിമാര്‍ സതതം (എല്ലായ്‌പ്പോഴും) പൊത്തുന്നത് മൂക്ക് (യോഗികള്‍ എല്ലായ്‌പ്പോഴും മൂക്കു പിടിച്ച് ജപിച്ചാണ് ഇരിക്കാറ്). തുമ്പത്തെ (അറ്റത്തെ). തള്ളയാര്‍ (ഭഗവതി). ഇതെല്ലാം ചേര്‍ന്നു വന്നാല്‍ മൂക്കറ്റത്തെ ഭഗവതി എന്നര്‍ഥം. നാഴിയില്‍ പാതി (ഉരി) ആടീല (ആടിയില്ല). ഇതിനര്‍ഥം ഉരിയാടിയില്ല. പല (ബഹു) ആകാശേന ( മാനേന) എന്നാല്‍, ബഹുമാനേന. (ആകാശത്തിന് മാനം എന്നും അര്‍ഥമുണ്ട്.) ബഹുമാനം കൊണ്ടാണോ അല്ലയോ, ഏതായാലും മിണ്ടിയില്ല എന്നര്‍ഥം. ഇതു കേട്ട് ചോദ്യക്കാരന്‍, ഉണ്ണി സാമാന്യനല്ല എന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. കാക്കശ്ശേരി ഭട്ടതിരിയുടെ ബുദ്ധിവൈഭവത്തിന് ഇനിയുമുണ്ട് ഏറെ ഉദാഹരണങ്ങള്‍...janmabhumi
No comments:
Post a Comment