Tuesday, October 23, 2018

ആത്മാവിന് മാലിന്യമില്ല, ഉല്‍കൃഷ്ടമാണ്, ജന്മമില്ലാത്തതാണ്

Wednesday 24 October 2018 2:49 am IST
യസ്മാദര്‍വാക്‌സംവത്സരോള ഹോഭി: പരിവര്‍ത്തതേ........
എല്ലാറ്റിനും ആധാരമായത് ബ്രഹ്മം തന്നെയെന്നും ബ്രഹ്മത്തെ സാക്ഷാത്കരിക്കേണ്ട വിധത്തെ പറ്റിയും ഇനി പറയുന്നു.
കാലാത്മാവായ സംവത്സരം രാപകലുകളാകുന്ന അവയവങ്ങളോടുകൂടി ഏതൊന്നിന്റെ കീഴെയാണോ ചുറ്റിത്തിരിയുന്നത് ജ്യോതിസ്സുകള്‍ക്കും ജ്യോതിസ്സായ അമൃതസ്വരൂപവുമായ അതിനെ ആയുസ്സ് എന്ന നിലയില്‍ ദേവന്‍മാര്‍ ഉപാസിക്കുന്നു.
സൂര്യന്‍ മുതലായ സകല ജ്യോതിര്‍ഗോളങ്ങളേയും പ്രകാശിപ്പിക്കുന്നതിനാല്‍ ആത്മാവിനെ ജ്യോതിഷാം ജ്യോതി എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ആയുര്‍ഗുണത്തോടു കൂടി ആത്മാവിനെ ഉപാസിക്കുന്നതിനാലാണ് ദേവന്‍മാര്‍ക്ക് മരണമില്ലാത്തത്. ഇങ്ങനെ ബ്രഹ്മത്തെ ഉപാസിച്ചാല്‍ ചിരഞ്ജീവി കളാകാം.
യസ്മിന്‍ പഞ്ച പഞ്ച ജനാ ആകാശശ്ച പ്രതിഷ്ഠിത: ............
യാതൊന്നിലാണോ അഞ്ച് പഞ്ചജനങ്ങളും അവ്യാകൃതാകാശവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ആ ആത്മാവിനെ തന്നെ അമൃതമായ ബ്രഹ്മമായി ഞാന്‍ വിചാരിക്കുന്നു. അതിനെ അറിയുന്നയാള്‍ ജനന മരണ രഹിതനായിത്തീരുന്നു.
പഞ്ചജനങ്ങള്‍ എന്നാല്‍ ദേവന്‍മാര്‍, പി
തൃക്കള്‍, ഗന്ധര്‍വ്വന്‍മാര്‍, അസുരര്‍, രക്ഷസ്സുകള്‍ എന്നിവയാണ്. അല്ലെങ്കില്‍ മനുഷ്യരിലെ ബ്രാഹ്മണന്‍, ക്ഷത്രിയര്‍, വൈശ്യന്‍, ശൂദ്രന്‍, നിഷാദന്‍ എന്നും പറയാം. പഞ്ച പഞ്ച.. എന്ന് പറഞ്ഞതിനാല്‍ അഞ്ച് മഹാ ഭൂതങ്ങളേയും അവയുടെ പഞ്ചീകരണത്തിലുണ്ടായ പ്രപഞ്ചത്തേയും കണക്കാക്കാം. ഇവയ്‌ക്കെല്ലാറ്റിനും
 ആധാരമായത് ആത്മാവായ   ബ്രഹ്മം തന്നെയാണ്.
 പ്രാണസ്യ പ്രാണമൃത ചക്ഷുഷശ്ചക്ഷുരുത........
ആരാണോ പ്രാണന്റെ പ്രാണനേയും കണ്ണിന്റെ കണ്ണിനേയും കാതിന്റെ കാതിനേയും മനസ്സിന്റെ മനസ്സിനേയും അറിയുന്നത് അവര്‍ പരാതനവും എല്ലാറ്റിനും ആദിഭൂതവുമായ ആ ബ്രഹ്മത്തേയും നന്നായി അറിഞ്ഞിരിക്കുന്നു.
പ്രാണന് പ്രാണന ശക്തിയും കണ്ണിന് കാഴ്ച ശക്തിയും കാതിന് കേള്‍വിശേഷിയും മനസ്സിന് മനനം ചെയ്യാനുള്ള കഴിവും നല്‍കുന്നത് ആത്മാവാണ്: ആത്മാവിനെ അറിഞ്ഞവര്‍ ആത്മാവില്‍ നിന്ന് വേറെയില്ലാത്ത ബ്രഹ്മത്തേയും അറിഞ്ഞിരിക്കുന്നു.
കേനോപനിഷത്തിലെ ആദ്യ ഭാഗത്ത് ഇതിന് സമാനമായ മന്ത്രം 'ശ്രോത്രസ്യ ശ്രോത്രം..... ' എന്നത് കാണാം.
മന സൈവാനുദ്രഷ്ടവ്യം നേഹ നാനാസ്തി കിഞ്ചന............
ആ ആത്മാവിനെ മനസ്സ് കൊണ്ട് തന്നെ സാക്ഷാത്കരിക്കണം. ഇതില്‍ നാനാത്വം ഒന്നും തന്നെയില്ല. നാനാത്വമുള്ളതുപോലെ കാണുന്നയാള്‍ മരണത്തില്‍ നിന്നും മരണത്തിലേക്ക് കൂപ്പുകുത്തുന്നു.
ആചാര്യ പ്രദേശം കൊണ്ട് പാകമായ മനസ്സാണ് ആത്മ ദര്‍ശനത്തിന് സഹായകമായത്.
തത്വജ്ഞാനം കൊണ്ട് ശുദ്ധമായ മനസ്സില്‍ ബ്രഹ്മജ്ഞാനം പ്രകാശിക്കും. അറിവില്ലായ്മ മൂലമാണ് പലതുണ്ട് എന്ന് തോന്നുന്നത്. വാസ്തവത്തില്‍ ഏകവും അദ്വയവുമായ ബ്രഹ്മം മാത്രമേയുള്ളൂ. മറ്റെന്തും അതില്‍ അദ്ധ്യാരോപം ചെയ്യുന്നതാണ്. അജ്ഞാനം മൂലം രണ്ടെന്ന തോന്നല്‍ വന്നാല്‍ സംസാരത്തില്‍ പെട്ടുഴലേണ്ടിവരും. മുക്തിയുണ്ടാകില്ല.
 ഏകധൈവാനുദ്രഷ്ടവ്യമേതദപ്രമയം ധ്രുവം.......
പ്രമാണങ്ങളെ കൊണ്ട് അറിയാന്‍ പറ്റാത്തതും സനാതനവുമായ ബ്രഹ്മത്തെ ഒന്നായി തന്നെ സാക്ഷാത്കരിക്കണം. ആത്മാവ് മാലിന്യമില്ലാത്തതും അവ്യാകൃതമായ ആകാശത്തേക്കാള്‍ ഉത്കൃഷ്ടമായതും ജന്മമില്ലാത്തതും മഹത്തായതും നാശമില്ലാത്തതുമാണ്.
ആത്മാവ് മാലിന്യമില്ലാത്തതാണെന്ന് പറഞ്ഞാല്‍ ധര്‍മ്മത്തിന്റെയോ അധര്‍മ്മത്തിന്റെയോ സ്പര്‍ശം അതിനില്ല.ജന്മമില്ലാത്തത് എന്ന് പറഞ്ഞതു കൊണ്ട് ജനനം മുതല്‍ മരണം വരെയുള്ള ആറ് ഭാവ വികാരങ്ങളും ഉള്‍പ്പെടും. ആത്മാവിനെ പ്രത്യക്ഷമോ അനുമാനമോ ആയ പ്രമാണങ്ങളെ കൊണ്ട് അറിയാനാവില്ല. വേദാന്തത്തിലെ നേതി നേതി എന്ന രീതിയില്‍ ക്രമത്തില്‍ ആത്മജ്ഞാനത്തെ നേടാം. അപ്രമയം എന്നത് അപ്രമേയം എന്ന് തന്നെയാണ്.
 തമേവ ധീരോ വിജ്ഞായ പ്രജ്ഞാം കുര്‍വീതബ്രാഹ്മണ: .........
വിവേകിയായ ബ്രാഹ്മണന്‍ ആത്മാവിനെ അറിഞ്ഞ് അതിനെ സാക്ഷാത്കരിക്കണം. മറ്റ് ശബ്ദങ്ങളെപ്പറ്റി ചിന്തിക്കരുത് .മറ്റു വാക്കുകളെല്ലാം വാഗ് ഇന്ദിയത്തിന് ശ്രമമുണ്ടാക്കുന്നതാണ്.
ആചാര്യ ന്റെയും ശാസ്ത്രത്തിന്റെയും ഉപദേശമനസരിച്ചാണ് വിവേകമുണ്ടാകേണ്ടത്. ശമം തുടങ്ങിയ സാധനകളെ ശീലിക്കുന്നതിനെയാണ് പ്രജ്ഞാംകുര്‍വ്വീത എന്ന് പറഞ്ഞത്.ബ്രഹ്മാത്മ ഐക്യത്തെ ബോധിപ്പിക്കുന്ന വാക്കുകളെ മാത്രമേ ധ്യാനിക്കാവൂ. മറ്റ് ഉപദേശങ്ങളൊന്നും ശ്രദ്ധിക്കാനേ പാടില്ല.

No comments: