Friday, January 04, 2019

ആവേശം കെട്ടടങ്ങുന്നതാണ്! അതിനാല്‍ അത് അസത്യവുമാണ്! എന്നാല്‍ പ്രകാശം അങ്ങനെ അല്ല! പ്രകാശം എപ്പോഴും ഉള്ളിലുള്ളതും അത് പുറത്തേയ്ക്കു പ്രകാശം പരത്തി എല്ലാം വെളിപ്പെടുത്തുന്ന സത്യവുമാണ്.
പെട്ടെന്നുണ്ടാകുന്ന ആവേശത്തിന് നാം ഓരോന്നു ചെയ്യുകയും പറയുകയും പലരുമായി ചേര്‍ന്ന് പലതും പ്രവര്‍ത്തിക്കുകയും ചെയ്യും! എന്നാല്‍ ആവേശം കെട്ടടങ്ങുമ്പോഴാണ് ഉള്ളിലെ പ്രകാശം സത്യാസത്യങ്ങളിലേയ്ക്ക് കണ്ണുകള്‍ തുറക്കുന്നത്! അങ്ങനെ പലര്‍ക്കും പശ്ചാത്താപം ഉണ്ടാകുന്നു! മനംമാറ്റം ഉണ്ടാകുന്നു!
ഇത്തരത്തില്‍ പുറത്തു മറ്റുള്ളവരില്‍ നിന്നുള്ള ആവേശങ്ങളില്‍ ഭ്രമിച്ച് നാം ജീവിതകാലം മുഴുവന് സ്ഥിരതയില്ലാതെ പലതും ചെയ്തു കൂട്ടുന്നു!
വിവേകാനന്ദസ്വാമികള് പറയാറുണ്ട്- നമ്മുടെ മതം ആവേശിക്കലോ പ്രവേശിക്കലോ അല്ല, അത് പ്രകാശിക്കലാണ്. ഉള്ളില്‍ നിന്ന് പുറത്തേയ്ക്ക്! അതായത് ഈശ്വരന്‍ വിശുദ്ധിയായ് ഇപ്പോള്‍ തന്നെ ഉള്ളിലുണ്ട്. മുന്നിലുള്ള തടസ്സം മാറിയാല്‍ മാത്രം മതി അത് പ്രകാശിക്കുന്നു.

അര്‍ത്ഥകാമങ്ങളിലും ശരീരത്തിലും അധികാരത്തിലും മനോവികാരങ്ങളിലും അമിതമായി ആവേശംകൊള്ളുന്നു നാം! നമ്മുടെ പ്രശ്നങ്ങളെല്ലാം ആവേശംകൊണ്ടു വരുന്ന വികാരങ്ങളോടുകൂടിയ വാക്കുകളിലാണ്. വാക്ക് മനസ്സിലാണ്. അത് പ്രാണന്‍റെ സ്പന്ദനമാണ്. പ്രാണന്‍ ആത്മാവില്‍ സ്ഥിതിചെയ്യുന്നു. അപ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ അടങ്ങണമെങ്കില്‍ ഈ യന്ത്രസംവിധാനത്തിലൂടെ തിരികെ പോകേണ്ടതുണ്ട്. അതിന് ആദ്യം ചലനശക്തിയായ പ്രാണന്‍റെ ഗതിയെ ശ്രദ്ധിക്കണം. പ്രാണനെ ശ്രദ്ധിക്കുന്ന മാത്രയില്‍ ശരീരവും മനസ്സും ഒന്നു ശാന്തമാകുന്നതായി ഉടനേ അനുഭവപ്പെടും. ഒപ്പം മനസ്സില്‍ അന്യവിഷയങ്ങള്‍ ആവേശിക്കാതിരിക്കാന്‍ ആദ്യം ഒരു മന്ത്രമോ നാമമോ ജപിക്കുകയും ചെയ്യും. അങ്ങനെ കാലങ്ങള്‍കൊണ്ട് വാക്ക് മനസ്സോടുകൂടി പ്രാണനില്‍ അടങ്ങട്ടെ, പ്രാണന്‍ ആത്മപ്രകാശത്തില്‍‍‍‍‍ വിലയിക്കട്ടെ.
ഓം‍‍‍‍‍‍‍‍‍‍‍‍..........krishnakumar kp

No comments: