Saturday, March 30, 2019

ദക്ഷിണാമൂർത്തി സ്തോത്രം-4

ദാക്ഷിണ്യം അഥവാ കാരുണ്യമേ രൂപം പൂണ്ട സ്വരൂപം. എന്താ കാരുണ്യം. ശിവന്റെ രണ്ട് പ്രധാന ജോലിയും കാരുണ്യമാണ്. ഒന്ന് ജ്ഞാനം നല്കുക മറ്റൊന്ന് ജീവനെടുക്കുക. ഈ കൊല്ലുന്നത് പോലെ കാരുണ്യമുള്ള മറ്റൊന്നില്ല. എത്ര പേരാണ് മരണം വരിക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നത്. ഒരു ജീവനെ സമയത്തിന് കൊണ്ടു പോവുക എന്നുള്ളതും കരുണയാണ്. ശങ്കരാചാര്യർ പറയുന്നു സംഹാരം ചെയ്യുന്ന രുദ്രൻ വളരെ ആനന്ദത്തോടെയാണ് അത് ചെയ്യുന്നത്. ഈ സമാധാനം പക്ഷേ ബ്രഹ്മാവിനും വിഷ്ണുവിനുമില്ല. സൃഷ്ടി നടത്തുന്ന ബ്രഹ്മാവിനറിയാം ഇനിയങ്ങോട്ട് പ്രശ്നങ്ങളാണെന്. പരിപാലനം ചെയ്യുന്ന വിഷ്ണുവിനറിയാം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എത്ര തവണ അവതാരമെടുക്കേണ്ടി വന്നു എന്ന്. എന്നാൽ ആനന്ദസാന്ദ്രമായി സംഹാരം ചെയ്യുന്ന പരമശിവന് ഇതിന്റെയൊന്നും ആവശ്യമില്ല.

പരമശിവന്റെ മറ്റൊരു കരുണയാണ് ജ്ഞാനോപദേശം. ഉപദേശത്തിനായി വടിവു പൂണ്ടു നിൽക്കുന്ന രൂപമാണ് ദക്ഷിണാമൂർത്തി. ദക്ഷിണാ ശേമുഷീ പ്രോക്താ. ഇവിടെ ദക്ഷിണാ എന്നതിന് ജ്ഞാനമെന്നർത്ഥം. കാരുണ്യം എന്നും അർത്ഥമുണ്ട്. ഭിക്ഷക്കാരന് ഒരു രൂപ കൊടുക്കുന്ന കാരുണ്യമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് അനേക ജന്മങ്ങളായി തപിച്ചു കൊണ്ടിരിക്കുന്ന ജീവന് ആത്മജ്ഞാനം വരുന്നതാണ് കാരുണ്യം. ശാന്തി വരുന്നതാണ് കാരുണ്യം. 

പല കർമ്മങ്ങൾ ചെയ്തും ,പലതിലും പെട്ട് പോയി വിഷമിച്ചിട്ടാണ് നമ്മൾ നില്ക്കുന്നത്. ആ കർമ്മ വലയത്തിൽ നിന്നും നമ്മെ പുറത്തു കൊണ്ടു വരികയാണ് ഈ കാരുണ്യത്താൽ നമുക്കുണ്ടാകുന്ന ഗുണം.

ലളിതാസഹസ്രനാമത്തിലെ ഒരു  ശ്ലോകമാണ്
ജന്മ മൃത്യു ജരാ തപ്ത ജന വിശ്രാന്തി ദായി
ജനനം മരണം വാർദ്ധക്യം എന്ന ചക്രത്തിലൂടെ വീണ്ടും വീണ്ടും കടന്നു പോയി തപിച്ചിരിക്കുന്ന ജീവന് ബ്രഹ്മവിദ്യാ സ്വരൂപിണിയായ ദേവി വിശ്രാന്തി നല്കുന്നു. ആ ബ്രഹ്മവിദ്യാ സ്വരൂപിണിയായ ദേവിയാണ് ദക്ഷിണാ രൂപമായിട്ടുള്ള മൂർത്തി. 

ദക്ഷിണാമൂർത്തി രൂപിണ്യേ നമ: 
എന്ന് ലളിതാസഹസ്രനാമത്തിൽ ദർശിക്കാം.
രൂപമെടുത്താൽ അത് ശക്തിയാണ്. രൂപമില്ലെങ്കിൽ ശിവൻ. അപ്പോൾ രൂപം ശിവന്റെയെങ്കിലും അത് ശക്തിയാണ്.
കാമാക്ഷിയെ സ്തുതിക്കുമ്പോൾ പറയുന്നു പശുപതേ ആകാരിണീ രാജതേ
അതിൽ ദേവിയെ ഏത് രൂപത്തിൽ ആരാധിക്കുന്നു എന്നാൽ പശുപതിയുടെ ആകാരത്തിൽ. ശിവന്റെ ആകാരത്തിലാണ് കാമാക്ഷിയെ ധ്യാനിക്കുന്നത്. ദേവിയെ ദക്ഷിണാമൂർത്തി രൂപിണിയായി ധ്യാനിക്കുന്നു.

Nochurji.
Malini dipu

No comments: