Friday, March 29, 2019

അമൃതിനാല്‍ ശാപമോക്ഷം

Friday 29 March 2019 3:52 am IST
വിശ്വാമിത്രന്‍ പാലാഴിമഥനത്തിന്റെ കഥ തുടര്‍ന്നു. ഏകാഗ്രതയോടെ അത്  കേട്ടിരുന്നു രാമലക്ഷ്മണന്മാര്‍. പാലാഴിമഥനത്തില്‍ കടകോല്‍ ആയി ഉപയോഗിച്ചത് മന്ഥര പര്‍വതമായിരുന്നു. കടയുന്നതിനിടെ കടകോല്‍ പാലാഴിയില്‍ താണു പോയി. വിഷ്ണുഭഗവാന്‍ കൂര്‍മമായവതരിച്ച് പര്‍വതം പൊക്കിയെടുത്തു. മഥനത്തിനിടെ പയഴയതും പുതിയതുമായി ഒട്ടേറെ വസ്തുക്കളാണ് പാലാഴിയില്‍ നിന്ന് ഉയര്‍ന്നു വന്നത്. 
അവയെല്ലാം ദേവന്മാരും അസുരന്മാരും മൂര്‍ത്തിത്രയങ്ങളും സ്വന്തമാക്കി. മദ്യം ഉത്ഭവിച്ചപ്പോള്‍ അത് അസുരന്മാരെടുത്തു. ഏറ്റവും ഒടുവിലാണ് അമൃത് പ്രത്യക്ഷപ്പെട്ടത്. അതും അസുരന്മാര്‍ കൈയടക്കി. ഈ ചതി മനസ്സിലാക്കിയ വിഷ്ണു  ഭഗവാന്‍ മോഹിനീവേഷം പൂണ്ട് അസുരന്മാരുടെ അടുത്തെത്തി നയത്തില്‍ അമൃത് കൈക്കലാക്കി. ദേവന്മാര്‍ അതുഭക്ഷിച്ച്  ശാപവിമുക്തരായി. ഇതോടെ കോപാന്ധരായ അസുരന്മാര്‍ ദേവന്മാരെ ആക്രമിക്കാനെത്തി.
ദേവന്മാര്‍ വിഷ്ണുവിനെ മുന്‍നിര്‍ത്തി അസുരന്മാരെ നേരിട്ടു. ശക്തിശാലിയായ ബാലിയുടെ സഹായത്തോടെ ദൈത്യന്മാരെ തോല്‍പ്പിച്ചു. വിഷ്ണുവിന്റെ മോഹിനീരൂപത്തില്‍ ശിവന്‍ ആകൃഷ്ടനായി. ശിവന് മോഹിനിയില്‍ പിറന്ന മകനാണ് ശാസ്താവ്. വൈഷ്ണവ, രൗദ്രശക്തികള്‍ സമന്വയിച്ച തേജസ്സായ ശാസ്താവ് പിറന്നത് ഈ പുഷ്പവനത്തിലാണ്. ഇതിനടുത്ത് ശരവണം എന്നൊരു പുണ്യഭൂമിയുണ്ട്. ഗംഗാദേവിക്കും വായുഭഗവാനും താങ്ങാനാവാതെ പോയ ശിവന്റെ രേതസ്സ് തങ്ങി നിന്ന് സുബ്രഹ്മണ്യന്‍ ജനിച്ചത് ശരവണത്തിലായിരുന്നു. 
കഥയെല്ലാം കേട്ട് രാജകുമാരന്മാരും വിശ്വാമിത്രനും അന്ന് പുഷ്പവനത്തില്‍ തങ്ങി. പിറ്റേന്ന് അവര്‍ ഗംഗാതീരത്ത് എത്തിച്ചേര്‍ന്നു. പവിത്രയായ ഗംഗാനദിയെ കണ്ട് വിസ്മയിച്ചു നിന്ന രാമലക്ഷ്മണന്മാരോട് വിശ്വാമിത്രന്‍ ഗംഗാവതാര കഥ പറഞ്ഞു തുടങ്ങി. ..janmabhumi

No comments: