Monday, March 25, 2019

രാഷ്ട്രീയരംഗത്താകട്ടെ മതരംഗത്താകട്ടെ പറയുവാന്‍ സ്വന്തം തത്ത്വശാസ്ത്രങ്ങള്‍ ഉണ്ടായിട്ടെന്തു കാര്യം! ആ തത്ത്വങ്ങളെ പ്രയോഗത്തില്‍ കൊണ്ടുവന്ന ആദര്‍ശപുരുഷന്മാരെവിടെ? ചൂണ്ടിക്കാട്ടാന്‍ ഇപ്പോള്‍ കണ്‍മുന്നിലാരുണ്ട്? അവിടെയാണ് നമ്മുടെ സംഘടനകളുടെ വിശ്വസനീയതയും സ്വീകാര്യതയും നിലകൊള്ളുന്നത്!
ആദര്‍ശങ്ങള്‍ പ്രായോഗികമാണോ, അത് സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ടോ? ഉണ്ടെങ്കിലത് ശാസ്ത്രീയമാണോ? എങ്കില്‍ അത് ഏതുകാലത്തും ആദര്‍ശപുരുഷന്മാരെ സൃഷ്ടിക്കണമല്ലോ! അതിനു കഴിയുന്നില്ലെങ്കില്‍ ഒന്നുകില്‍ നാം നമ്മുടെ തത്ത്വശാസ്ത്രങ്ങളില്‍ നിന്നകന്നിരിക്കുന്നു! അല്ലെങ്കില്‍ നമ്മുടെ തത്ത്വം പ്രായോഗികമല്ല എന്നര്‍ത്ഥം!
ഉദാഹരണത്തിന് ഗൃഹസ്ഥരായ യുവതീയുവാക്കള്‍ അവരവര്‍ക്ക് വിധിക്കപ്പെട്ട വിധത്തില്‍ വര്‍ഷന്തോറും ചിട്ടയായ വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ബ്രഹ്മചര്യം എന്ന ആദര്‍ശം പ്രയോഗത്തില്‍ കൊണ്ടുവരുന്നു. അതിന്‍റെ ഫലമായി അവരുടെ കുടുംബജീവിതത്തിന് പവിത്രമായ ഒരു ഭാവം സിദ്ധിക്കുന്നു. ശാരീരികമായ ബന്ധം ആത്മാവിന്‍റെ തലത്തിലേയ്ക്ക് ഉയരുമ്പോള്‍ ബന്ധങ്ങള്‍ ആരോഗ്യപൂര്‍ണ്ണവും വിശുദ്ധവുമാകുകയാണ്.
നേരെമറിച്ച് നാം സ്ത്രീസമത്വവും സ്ത്രീകളനുഭവിക്കുന്ന യാതനകള്‍ക്ക് പരിഹാരം എന്നെല്ലാം ആദര്‍ശം പറഞ്ഞ് സംഘടിക്കുകയും തങ്ങള്‍ക്കുതന്നെ അത് പാലിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോഴാണ് സ്വയം പരിഹാസ്യരാകുന്നത്. കഴിയാത്ത ആദര്‍ശങ്ങള്‍ തലയില്‍ ചുമന്നു വിറ്റു നടക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. പക്ഷേ നമുക്ക് സാധിക്കാത്ത ആദര്‍ശങ്ങള്‍ ബ്രഹ്മചര്യാദി നിഷ്ഠകളിലൂടെ സാധിക്കുന്ന ജനങ്ങള്‍, ഗൃഹസ്ഥരായി നമുക്കിടയിലുണ്ട്. അവരുടെ വിശുദ്ധമായ വ്രതാനുഷ്ഠാനങ്ങളെ തടസ്സപ്പെടുത്താതെയെങ്കിലും ഇരിക്കേണ്ടതാണ്! നല്ലത് ചെയ്യുകയുമില്ല നന്മയുള്ളത് ചെയ്യുന്നവരെ അത് ചെയ്യിക്കുകയുമില്ല എന്ന സ്ഥിതി വരരുതല്ലോ!
ഓം....krishnakumar kp

No comments: