ഓംകാരമൂര്‍ത്തിയായ മഹാദേവന്‍
Friday 29 March 2019 3:50 am IST
മധ്യപ്രദേശില്‍ നര്‍മദ, കാവേരി നദികളുടെ സംഗമസ്ഥാനത്തെ കൊച്ചു ദ്വീപായ ശിവപുരിയിലാണ് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ഓംകാരേശ്വരപ്രതിഷ്ഠയുള്ളത്. ഓംകാരേശ്വരനെന്നാല്‍ ഓംകാരനാഥത്തിന്റെ ദേവന്‍.
മധ്യപ്രദേശിലെ രണ്ടുജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നാണ് ഓംകാരേശ്വര ക്ഷേത്രം. ഓംകാരേശ്വരന്‍ കുടികൊള്ളുന്ന ശിവപുരി ദ്വീപിന്റെ ആകൃതിയും ഓംകാര രൂപത്തിലാണ്. മന്‍ദത്തയെന്നും ദ്വീപിന് പേരുണ്ട്. നര്‍മദാ നദിക്കരയിലെ അമലേശ്വരക്ഷേത്രത്തിനും തുല്യ പ്രാധാന്യമുണ്ട്. രണ്ടു ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠകള്‍ക്ക് ജ്യോതര്‍ലിംഗ പ്രഭാവമുണ്ടെന്നാണ് വിശ്വാസം.
വിന്ധ്യപര്‍വതത്തിന്റെ അധിപനായ വിന്ധ്യന്‍ ഒരിക്കല്‍ അറിഞ്ഞോ അറിയാതേയോ ചെയ്തു പോയ പാപങ്ങളെല്ലാം തീരാന്‍ ശിവനെ പ്രാര്‍ഥിച്ച് പൂജ തുടങ്ങി. മണ്ണും മണലും ചേര്‍ത്ത് ത്രികോണാകൃതിയിലുള്ള ഒരു ജ്യാമിതീയ രൂപമുണ്ടാക്കി, അതില്‍ ശിവലിംഗം സ്ഥാപിച്ചായിരുന്നു വിന്ധ്യന്റെ പൂജ. ഇതില്‍ സംപ്രീതനായ ശിവന്‍ ഓംകാരേശ്വരന്‍, അമലേശ്വരന്‍ എന്നിങ്ങനെ രണ്ടു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. വിന്ധ്യനുണ്ടാക്കിയ മണ്‍രൂപം ഓം ആകൃതിയില്‍ ദ്വീപായി പരിണമിച്ചു. അതിലെ പ്രതിഷ്ഠ ഓംകാരേശ്വരനായി അറിയപ്പെട്ടു. ക്ഷേത്രത്തില്‍ പാര്‍വതിയുടേയും അഞ്ചുമുഖങ്ങളുള്ള ഗണപതിയുടേയും പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ശില്പചാതുരിയും ദ്വീപിന്റെ പ്രകൃതിഭംഗിയും ചേതോഹരമാണ്.
ഓംകാരേശ്വരത്താണ് ആദിശങ്കരന്‍ തന്റെ ഗുരുവായ ഗോവിന്ദപാദരെ കണ്ടുമുട്ടിയതെന്നു പറയപ്പെടുന്നു. ശിഷ്യനും ഗുരുവും കണ്ടുമുട്ടിയ ഗുഹയ്ക്ക് ആദിശങ്കര ഗുഹയെന്നാണ് പേര്. ക്ഷേത്രത്തിനു താഴെയുള്ള ഈ ഗുഹയില്‍ ആദിശങ്കരന്റെ പ്രതിഷ്ഠ കാണാം.
No comments:
Post a Comment