Sunday, March 24, 2019

സ്വഹസ്ത ഗ്രഥീതാ മാലാ സ്വഹസ്ത ഘൃഷ്ഠ ചന്ദനം സ്വഹസ്ത ലിഖിതം സ്തോത്രം ശക്രസ്യാപി ശ്രിയം ഹരേല്‍

ശ്ലോകാര്‍ത്ഥം ഈശ്വരപൂജ സ്വയം ചെയ്യേണ്ടതാണ്‌. അല്ലാതെ മറ്റുള്ളവരെ ഏല്‍പിക്കേണ്ടതല്ല. മാല സ്വയം നിര്‍മ്മിക്കേണ്ടതാണ്‌. ചന്ദനം സ്വയം അരച്ചു കുറിയിടേണ്ടതാണ്‌. പ്രാര്‍ത്ഥനയ്ക്ക്‌ സ്വയം എഴുതിയ ഭജന പാടേണ്ടതാണ്‌. ഇതിലേതെങ്കിലും ഒന്നു നമ്മെ സ്വര്‍ഗ്ഗത്തിലെത്തിക്കും.
ഈ ശ്ലോകം അത്യന്തം അന്തരാര്‍ത്ഥമുള്ളതാണ്‌. ജീവിതസൗകര്യങ്ങള്‍ തേടിക്കൊണ്ടുള്ള നമ്മുടെ യാത്രയില്‍ സ്വയം അദ്ധ്വാനിക്കുക കുറഞ്ഞുകുറഞ്ഞുവരുന്നു. പകരം പണവും പ്രതാപവുമുള്ളവര്‍ക്ക്‌ താന്‍ ചെയ്യേണ്ടതുമുഴുവന്‍ അന്യനെക്കൊണ്ടുചെയ്യിക്കാനാണ്‌ താല്‍പ്പര്യം. ഇതിലൊന്നാണ്‌ ഈശ്വരപൂജ. ആരാധന സ്വയം ഏറ്റെടുക്കുകയും, അതിനുള്ള ജലഗന്ധപുഷ്പങ്ങള്‍ സ്വയം തയ്യാറാക്കുകയും, നിവേദ്യവസ്തുക്കള്‍ സ്വയം പാകപ്പെടുത്തുകയും ചെയ്യുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ ഭഗവല്‍പ്രസാദം നമുക്ക്‌ കിട്ടുന്നത്‌. മറിച്ചുപണിയെടുക്കാന്‍ മടികാണിച്ച്‌ ഈശ്വരാരാധനയ്ക്ക്‌ ശീട്ടാക്കുകയും, മറ്റുള്ളവര്‍ കോര്‍ത്ത മാലകൊണ്ട്‌ അലങ്കരിക്കുകയും ചെയ്യുമ്പോള്‍ ആ വ്യക്തിയും ദൈവവുമായി നേരിട്ടുള്ള സംവേദം നടക്കുന്നില്ല. ഞാന്‍ പ്രാര്‍ത്ഥിക്കുകയും എനിക്കുവേണ്ടി മറ്റൊരാള്‍ പ്രാര്‍ത്ഥിക്കുന്നതും രണ്ടും രണ്ടുതരമാണ്‌. ഹൈന്ദവാചാര പ്രകാരം നേരിട്ട്‌ പ്രാര്‍ത്ഥിച്ചിട്ട്‌ നമുക്ക്‌ കിട്ടുന്ന അനുഗ്രഹം പൂര്‍ണമായും നമ്മുടേതുതന്നെയാണ്‌. എന്നാല്‍ അന്യന്റെ ശുപാര്‍ശ പ്രകാരം നമുക്ക്‌ കിട്ടുന്ന അനുഗ്രഹം പങ്കുവയ്ക്കേണ്ടിവരും. ഇതുപോലെയെണ്‌ പ്രഭുവിന്റെ അടുത്ത്‌ ധനാഭ്യര്‍ത്ഥനയുമായി എത്തിയ ദരിദ്രന്‍ നേരിട്ട്‌ ഹാജരാകാതെ കാര്യസ്ഥനെക്കൊണ്ട്‌ ശുപാര്‍ശ ചെയ്യുന്നു എന്നിരിക്കട്ടെ ഇവിടെ പ്രതിഫലമായി കിട്ടേണ്ട ധനം പ്രഭുകാര്യസ്ഥനെ ഏല്‍പ്പിക്കുകയും കാര്യസ്ഥന്‍ തന്റെ പങ്ക്‌ കരസ്ഥമാക്കിയ ശേഷം ബാക്കി ദരിദ്രന്‌ സമ്മാനിക്കുകയും ചെയ്യുന്നു.
ഈശ്വരപൂജയെ പണ്ടുള്ളവര്‍ ഉത്തമം, മധ്യമം, അധമം - എന്ന്‌ തരംതരിച്ചിട്ടുണ്ട്‌. നേരിട്ടുള്ള പൂജയാണ്‌ ഉത്തമം. മറ്റൊരാളെ കൊണ്ട്‌ പൂജിപ്പിക്കുന്നത്‌ മധ്യമം. ദര്‍ശനം നടത്താതെ വഴിപാട്‌ കഴിക്കുന്നത്‌ അധമം. തനിക്കുപകരം രണ്ടാമന്‍ പൂജകഴിച്ചാല്‍ കിട്ടുന്ന ഈശ്വരപ്രസാദം നമുക്ക്‌ ലഭിക്കണമെങ്കില്‍ രണ്ടാമനെ ദക്ഷിണകൊടുത്ത്‌ പ്രതീപ്പെടുത്തണം. എന്നാലും അദ്ദേഹത്തിന്റെ പങ്കെടുത്ത്‌ ബാക്കിയേ ലഭിക്കൂ. അധമരീതിയാണെങ്കില്‍ മൂന്നാമന്‍ പോയി ദര്‍ശനം കഴിക്കുകയും നാം പറഞ്ഞേല്‍പ്പിച്ച വഴിപാട്‌ നടത്തുകയും ചെയ്യുന്നു. (തിരിയെവന്നാല്‍ പ്രസാദം തന്നെന്നും വരാം, തന്നില്ലെന്നും വരാം). ഒന്നാമത്തെ രീതിയില്‍ ഞാന്‍ നേരിട്ടുതന്നെ ഈശ്വരനോട്‌ അപേക്ഷിച്ചു എന്ന്‌ സമാധാനിക്കാം. മദ്ധ്യമത്തില്‍ ഞാന്‍ അദ്ദേഹത്തെക്കൊണ്ട്‌ അപേക്ഷിച്ചു എന്ന്‌ സമാധാനിക്കാം. മൂന്നാമത്തേതില്‍ അപേക്ഷ കൊടുത്തയച്ചു എന്ന്‌ പറയാമെന്നല്ലാതെ എത്തേണ്ടിടത്തു എത്തിയെന്നതിന്‌ യാതൊരു ഉറപ്പുമില്ല.
വൈദികവും, താന്ത്രികവുമായ ഈശ്വരാരാധന സമ്പ്രദായത്തെക്കുറിച്ച്‌ അഗാധമായി പഠിച്ചിട്ടുണ്ട്‌ ഗുരു ചാണക്യന്‍ എന്ന്‌ ഈ സിദ്ധാന്തം കൊണ്ട്‌ മനസ്സിലാക്കാം.

No comments: