Monday, March 25, 2019

എവിടെയാണ് കാട്ടിത്തരിക? എന്ന് അര്‍ജ്ജുനന്‍ ചോദിച്ചില്ല. എങ്കിലും ഭഗവാന്‍ പറയുന്നു.
”ഇഹ മമ ദേഹേ”നീ ഈ രഥത്തില്‍ തന്നെ ഇരുന്ന എന്റെ ദേഹത്തില്‍ നോക്കിയാല്‍ മതി. മുഴുവന്‍ ബ്രഹ്മാണ്ഡങ്ങളും അവയിലെ ഇളകുന്നതും ഇളകാത്തതുമായ (സചരാചരം) സകലതും കാട്ടിത്തരാം. മാത്രമല്ല, മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളും, നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും ഭാവി സംഭവങ്ങളും കാട്ടിത്തരാം. നീ മുമ്പു ചോദിച്ചില്ലേ..)
”യദ് വാ ജയേമ
യദി വാ നോ ജയേഃ”
(യുദ്ധാവസാനം നമ്മളാണോ ജയിക്കുന്നത്, അല്ല, നമ്മെ ശത്രുക്കളാണോ ജയിക്കുന്നത്) അതും നിനക്കു കാണാന്‍ കഴിയും. അനേക കോടി കൊല്ലങ്ങള്‍കൊണ്ട് കണ്ടു മുഴുമിപ്പിക്കാന്‍ കഴിയാത്തത്ര വസ്തുക്കളും സംഭവങ്ങളും നീ കണ്ടോളൂ!
എനിക്ക് കാണാന്‍ കഴിയുമോ?
(11-8)
നീ ചോദിച്ചില്ലേ? എനിക്ക് കാണാന്‍ കഴിയുമോ? എന്ന്. നിന്റെ ഈ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയില്ല. അവ ഭൗതിക പദാര്‍ത്ഥങ്ങള്‍കൊണ്ടു നിര്‍മിച്ചവയാണ്. അതാണ് കാരണം. അപ്രാകൃതങ്ങളും ദിവ്യങ്ങളുമായ രൂപങ്ങള്‍ കാണാന്‍ വേണ്ട കഴിവുള്ള നേത്രങ്ങള്‍ ഇതാ ഞാന്‍ തരുന്നു. ഇതാണ് എന്റെ യോഗശക്തി. പരസ്പരം ഒരിക്കലും യോജിക്കാത്ത വസ്തുക്കളെ യോജിപ്പിക്കാന്‍ കഴിവുള്ളതാണ് എന്റെ ശക്തി എന്നും നിനക്കു കാണാന്‍ കഴിയും. നോക്കിക്കോളൂ!
ഒരു സത്യം ഒളിഞ്ഞു കിടക്കുന്നു
ഭഗവാന്റെ ഈ വാക്കുകളില്‍ ഒരു സത്യം ഒളിഞ്ഞു കിടക്കുന്നുണ്ട്. ഭഗവാന്റെ ഐശ്വര്യം, വീര്യം, യശസ്സ്, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം, ഭഗവാന്റെ സച്ചിദാനന്ദമയമായ രൂപങ്ങള്‍, അവതാരങ്ങള്‍, ലീലകള്‍ മുതലായവയുടെ യഥാര്‍ത്ഥാവസ്ഥ ആധുനികരീതിയില്‍ ഗവേഷണം ചെയ്ത് കണ്ടെത്താന്‍ കഴിയില്ല. കാരണം നമ്മുടെ ബുദ്ധിക്കും ജ്ഞാനത്തിനും അപ്രാപ്യമാണ് ഭഗവത്തത്ത്വ വിജ്ഞാനം. കാരണം അര്‍ജ്ജുനന്റെ കണ്ണുകള്‍പോലെ ഭൗതികവും പ്രാകൃതവുമാണ് നമ്മുടെ ഇന്ദ്രിയങ്ങള്‍. ഭഗവാനെ സ്‌നേഹപൂര്‍വം ഭജിച്ച് അവിടത്തെ കാരുണ്യം നേടിയാല്‍, ആ ദിവ്യ ചക്ഷുസ്സ് നമുക്കും തരും.
സഞ്ജയന്‍ ആ ദിവ്യാത്ഭുത സംഭവം അവതരിപ്പിക്കുന്നു (11-9)
ഇനിയുള്ള ആറ് (6) ശ്ലോകങ്ങള്‍ സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറയുന്ന വാക്കുകളാണ്. രാജാവേ, എന്നു സംബോധന ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്. അങ്ങയ്ക്ക് രാജാവ് എന്ന പേരുമാത്രമേയുള്ളൂ. രാജനീതി ഒട്ടും അറിയില്ല. ശ്രീകൃഷ്ണന്‍ ഭക്തന്മാരുടെ ക്ലേശം ഹരിക്കുവാന്‍-നശിപ്പിക്കാന്‍-സ്വാര്‍ത്ഥനായതുകൊണ്ടാണ് ഹരി എന്ന് പറയപ്പെടുന്നത്. പാര്‍ത്ഥനാകട്ടെ ഭഗവാനോട് പരമമായ പ്രേമം പുലര്‍ത്തുന്നവനാണ്.
പാണ്ഡവരും അങ്ങനെ തന്നെ. എന്തു ചെയ്തും അവരെ വിജയിപ്പിക്കാന്‍ ഒരുങ്ങിയിരിക്കയാണ് കൃഷ്ണന്‍. ഇപ്പോള്‍ ഇതാ ആര്‍ക്കും കാണാന്‍ കിട്ടാത്ത ഗുഹ്യമായ വിശ്വരൂപം അര്‍ജ്ജുനന് കാട്ടിക്കൊടുക്കുകയാണ്.
ശ്രീകൃഷ്ണന്‍ മഹാനാണ്. സര്‍വോത്കൃഷ്ടനാണ്. യോഗേശ്വരനാണ്-യോഗം എന്നാല്‍ യോഗമായ എന്നര്‍ത്ഥം. ആ യോഗമായയെ പ്രവര്‍ത്തിപ്പിക്കുന്നതുകൊണ്ട് മായയെ നിയന്ത്രിക്കുകയും ശക്തി നല്‍കുകയും ചെയ്യുന്നു. ഈ രണ്ടു കാരണങ്ങളാല്‍ മഹായോഗേശ്വരന്‍ എന്ന് പറയപ്പെടുന്നു.
യോഗം എന്നതിന് ജീവബ്രഹ്മൈക്യം എന്നും അര്‍ത്ഥമുണ്ട്. അക്കാര്യത്തില്‍ സാമര്‍ത്ഥ്യമുള്ളവര്‍ ശ്രീശുകന്‍, ശ്രീനാരദന്‍, വാമദേവന്‍, യാജ്ഞവല്‍ക്യന്‍ തുടങ്ങിയവര്‍ ധാരാളമുണ്ട്. അവര്‍ക്കെല്ലാം ആ ശക്തികൊടുക്കുന്നത് ശ്രീകൃഷ്ണനാകയാല്‍ മഹായോഗേശ്വരന്‍ എന്ന് വിളിക്കപ്പെടുന്നു. അതുകൊണ്ട് പാണ്ഡവന്മാരുടെ വിജയം സുനിശ്ചിതമാണ്. പാണ്ഡവരുമായി സന്ധി ചെയ്യാന്‍ അങ്ങ് ഇപ്പോഴും ഒരുങ്ങുന്നില്ലല്ലോ. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ദിവ്യചക്ഷുസ്സ് കൊടുത്തതിന് ശേഷം എല്ലാ ബ്രഹ്മാണ്ഡങ്ങളും ഉള്‍ക്കൊള്ളുന്ന വിശ്വരൂപം കാട്ടിക്കൊടുത്തുവെന്ന് സഞ്ജയന്‍ പറയുന്നു.

No comments: