Wednesday, March 27, 2019

ഗുരുവായൂരപ്പാ ശരണം
ഇന്ന് പ്രഭാതത്തിൽ പാവ് മുണ്ടും ചുവപ്പ് പട്ടുവസ്ത്രവും ചേർന്ന് അരയിൽ ചുറ്റി, തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച്, കാർമുകിൽ മേനിയിൽ ആഭരണ ശോഭ, ചുറ്റും ചുവപ്പും വെള്ളപൂക്കളാൽ ചേർന്ന ഉണ്ട മാല ധരിച്ച് നൈയ്യ് ദീപപ്രഭയിൽ പുഞ്ചിരി തൂകി നിൽക്കുന്ന കണ്ണന്റെ പ്രഭ ഭക്തരുടെ ഹൃദയമാകുന്ന കണ്ണാടിയിൽ പ്രതിബിംബിച്ച് ശോഭമയമാക്കുന്നു... ഹരേ ഹരേ
പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്നം, ശ്ലോകം നാല്
" തസ്മൈ സ ഹോവാച, പ്രജാകാമോ വൈ പ്രജാപതി: സ തപോfത പ്യത സ തപസ്തപ്ത്വാ സമിഥുനമുത്പാദയതേ രയിം ച പ്രാണം ചേത്യേ തൗ മേ ബഹുധാ പ്രജാ: കരിഷ്യത ഇതി"
ഋഷി പറഞ്ഞു പ്രജകളെ സൃഷ്ടിക്കണമെന്ന താൽപര്യമുള്ള പ്രജാപതി അതിനായി തപസ്സ് ചെയ്തു. തപസ്സിനു ശേഷം സൃഷ്ടിക്കുതകുന്ന മിഥുനത്തെ അതായത് രയിയെയും പ്രാണനെയും വേറെ വിധത്തിൽ പറഞ്ഞാൽ വസ്തുവിനെയും ചൈതന്യത്തെയും സൃഷ്ടിച്ചു. തനിക്കു വേണ്ടി പലവിധത്തിലുള്ള പ്രജകളെ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു.
ഭാഗവതം ഉപനിഷത്തുക്കളുടെ സാരാംശമാണ്. രണ്ടാംസ്കന്ധത്തിൽ ബ്രഹ്മാവിന്റെ സൃഷ്ടികളെയും അതിന് മുമ്പുള്ള തപസ്സിനെയും ഉപദേശിക്കുന്നുണ്ട്. കർമ്മം ശ്രേഷ്ഠമാകണമെങ്കിൽ ഭഗവാനെ സ്മരിച്ച് കർമ്മം ചെയ്യണം.അതാണ് കർമ്മയോഗം. ശ്രീകൃഷ്ണ ഭഗവാന്റെ പാദത്തിൽ സ്മരിച്ച് നമ്മൾക്കും നമ്മളുടെ എല്ലാ വിധ കർമ്മങ്ങളും അവിടുത്തേക്ക് സമർപ്പിക്കാം
" നമ: കമലനേത്രായ നമ:കമലമാലിനേ
നമ: കമലനാഭായ കമലാപതയേ നമ: "
ബ്രഹ്മാവ് ഭഗവാനെ ഇപ്രകാരം സ്മരിച്ചാണ് സൃഷ്ടി തുടങ്ങിയത്. ഹരേ ഗുരുവായൂരപ്പാ ഞങ്ങളെയും രക്ഷിക്കണേ, സംസാരസാഗരത്തിൽ പലേ കർമ്മഗ്രാഹങ്ങളും പിടിക്കപ്പെടാൻ സാദ്ധ്യതയുണ്ടല്ലോ... ഹരേ ഹരേ.
sudhir chulliyil

No comments: