Tuesday, March 26, 2019

ശ്രീമദ് ഭാഗവതം 101* 

ശരീരതലത്തിൽ കീറാമുട്ടി ആയ ഒരു പ്രശ്നം ണ്ട്. അത് വിധി ആണോ, സ്വപ്രയത്നം ആണോ. ചെറുപ്പക്കാരായിട്ടുള്ളവർ പറയും. 'പ്രയത്നം'. കുറച്ച് വയസ്സായി കഴിഞ്ഞാലോ ഒക്കെ 'തലവിധി'. ചെറുപ്പകാലത്ത് പ്രയത്നം പറഞ്ഞ ആള് തന്നെ ഒരു വയസ്സ് കഴിഞ്ഞാൽ തലവിധി എന്ന് പറയും. ഇതൊരു കീറാമുട്ടി ആണ്. രണ്ടും ണ്ട്. ഇതിന് ഉത്തരം പറയാനേ പറ്റില്ല്യ.

മുട്ടയാണോ കോഴി ആണോ ആദ്യം വന്നത് എന്ന് ചോദിച്ചതുപോലെയാ. കോഴിയിൽ നിന്ന് മുട്ട വന്നു. മുട്ടയിൽ നിന്ന് കോഴി വന്നു. എങ്ങനെ ഉത്തരം പറയും? മരത്തിൽ നിന്ന് വിത്ത് വന്നു. വിത്തിൽ നിന്ന് മരം വന്നു. എങ്ങനെ ഉത്തരം പറയും.? ചോദ്യമേ തെറ്റാണ്. കാരണം ഒരു ,വിത്തും മറ്റൊരു മരവും വെച്ച് കൊണ്ടാണ് ചോദിക്കണതേ. ഒന്നിൽ നിന്ന് ഒന്ന് വന്നില്ല്യ. രണ്ടും വേറെ വേറെ ആണ്. രണ്ടും രണ്ട് ഘട്ടത്തിൽ നില്ക്കാണ്. മുട്ട പൊട്ടിച്ചിട്ടാലോ വിത്ത് കേട് വരുത്തി കളഞ്ഞാലോ മരത്തിനെ മുറിച്ച് ചോട്ടിൽ ഇട്ടാലോ രണ്ടും മണ്ണായിട്ട് പോകും. 

മണ്ണ് മാത്രേ ഉള്ളു. മണ്ണ് ഒരു വശത്ത് മുട്ടയുടെ വേഷം കെട്ടി നില്ക്കണു. ഒരു വശത്ത് കോഴിയുടെ വേഷം കെട്ടി നില്ക്കണു. ഒരു വശത്ത് മരത്തിന്റെ വേഷം കെട്ടി നില്ക്കണു. ഒരു വശത്ത് വിത്തിന്റെ വേഷം കെട്ടി നില്ക്കണു. വിത്തിൽ നിന്ന് മരം വന്നോ മരത്തിൽ നിന്ന് വിത്ത് വന്നോ. ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിൽ ഉണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ. പണ്ടേകണക്ക് വരുവാൻ, വീണ്ടും ഒന്നായിട്ട് കാണാൻ നിൻ കൃപാവലികളുണ്ടായെങ്കിലിഹ നാരായണായ നമ. അല്ലെങ്കിലോ പെട്ടു പോകും. 

ഇന്ന് സയൻസ് ഒക്കെ കുടുങ്ങി ഇരിക്കുന്നത് അവിടെ ആണ്. അന്വേഷിച്ച് അന്വേഷിച്ച് മൂലപദാർത്ഥം എവിടെ എന്ന് അന്വേഷിച്ച് പോയി *അവസാനം രണ്ടെണ്ണത്തിനെ കാണുന്നു.* ഇത് ഇതിൽ നിന്ന് ണ്ടായി. ഇങ്ങനെ അങ്ങട് പോണു. എല്ലാം അന്വേഷിച്ച് പോയി. അവസാനം *ഒന്ന് ഇവിടെയും നില്ക്കണു. ഒന്ന് അവിടെയും നില്ക്കണു*.ശിവനും ശക്തിയും പോലെ. 

ശിവന്റെ കല്യാണത്തിന് പുരോഹിതൻ ഒരു കുറുമ്പ് കാണിച്ചു ശിവനോട് ചോദിച്ചു.  ഇയാളുടെ അച്ഛന്റെ പേര് ന്താണ്? ബ്രഹ്മാവ് ആണെന്ന് പറഞ്ഞു ശിവൻ. ബ്രഹ്മാവിന്റെ അച്ഛന്റെ പേര് എന്താണ്? പരമ്പര ചോദിച്ചതാണ്. വിഷ്ണു ആണ്. വിഷ്ണുവിന്റെ അച്ഛൻ ആരാണ്?  *ഞാൻ തന്നെ😇.ശിവൻ പറഞ്ഞു.* ഒരേ വസ്തു ചുറ്റി ചുറ്റി വന്നു കൊണ്ടിരിക്കുന്നു. ഒന്നിനെ രണ്ടെന്ന് കണ്ടു. ഇത് ഇതിനെ ആശ്രയിക്കും. ഇത് അതിനെ ആശ്രയിക്കും. വിധി ആണോ പ്രയത്നം ആണോ എന്ന് ചോദിച്ചാൽ ഉത്തരം കീറാമുട്ടി.

രമണഭഗവാൻ അതിന് ഒരു ഉത്തരം പറഞ്ഞു. വിധി ആണോ പ്രയത്നം ആണോ എന്നുള്ള ഈ വാദം ണ്ടല്ലോ വിധിയുടേയും പ്രയത്നത്തിന്റേയും മൂലം അറിയാത്തവരാണ് ഈ വാദം ചെയ്യണത്. ഈ വിധിക്ക് മൂലം എന്താണ്? പ്രയത്നത്തിന് മൂലം എന്താണ്? *ആർക്കാ  വിധി?  ശരീരത്തിന്* . *ശരീരം ഞാൻ ആണോ? ശരീരം എന്റെ ആണോ.?* *ശരീരം എനിക്ക് വേണ്ടി ആണോ*? എന്റെ ഉപയോഗത്തിന് നില്ക്കോ. നമ്മുടെ ഈ ചർച്ചകളൊന്നും നമ്മളെ കുറിച്ചല്ലാ എന്ന് മനസ്സിലാവും. 

ഈ ശരീരം പ്രകൃതിയുടെ വസ്തു ആണ്. പ്രയത്നം. ആരുടെ പ്രയത്നം? എന്റെ പ്രയത്നം. എന്റെ വെച്ചാൽ? ഞാൻ പ്രവർത്തിക്കണു. അതേ ഈ കൈ എങ്ങനെ പൊങ്ങി ഇപ്പൊ? അനങ്ങാതെ ഇങ്ങനെ കിടക്കാലോ. ചില ആളുകളണ്ട്. വായിൽ ഇട്ടു കൊടുക്കണം. ട്യൂബ് വെച്ച് ഉള്ളില് കയറ്റണം. 'ഞാൻ' എങ്ങനെ പ്രവർത്തിക്കും.?

യോ അന്ത: പ്രവിശ്യ മമ   വാചമിമാം പ്രസുപ്താം സജ്ഞീവയതി. അപ്പോ ഈ 'ഞാൻ'. അന്വേഷിച്ച് നോക്കിയാൽ രാമകൃഷ്ണദേവൻ പറയണത് വെങ്കായത്തിന്റെ(ഉള്ളി) തോല് പൊളിക്കുന്നതുപോലെയാണെന്നാണ്. അതിന്റെ സത്ത് എവിടെയാ എന്ന് അന്വേഷിച്ച് പോയാൽ പൊളിച്ച് പൊളിച്ച് ചെല്ലുമ്പോ ഒന്നും കാണില്ല്യ. അതുപോലെ ഈ അഹങ്കാരത്തിനെ അന്വേഷിച്ച് നോക്കുമ്പോ അഹങ്കാരത്തിന് ഇരിപ്പിടമേ ഇല്ല്യ. *ഈ അഹങ്കാരം ആണ് വിധി എന്ന് പറയണത്. ഈ അഹങ്കാരം ആണ്  പ്രയത്നം എന്ന് പറയണത്.* അഹങ്കാരത്തിനെ മൂലത്തിനെ അന്വേഷിച്ച് ചെന്നാൽ അവിടെ വിധിയും ഇല്ല്യ പ്രയത്നവും ഇല്ല്യ. *ഏകവും അദ്വതീയവുമായ ഒരേ ഭഗവദ് സ്വരൂപം മാത്രം.* 
ശ്രീനൊച്ചൂർജി 
 *തുടരും. .*
lakshmi prasad

No comments: