മുരളീരവം
അതിമോഹമാണെങ്കിലും കണ്ണാ
എനിക്കേറെയിഷ്ടം നിന്നെ
പ്രണയിക്കുന്നൊരു ഗോപികയാകാൻ
നിൻ ഗോപികയാകാൻ
സ്വരമാധുരിയില്ലെങ്കിലും കണ്ണാ
എനിക്കേറെയിഷ്ടം കീർത്തനങ്ങൾ പാടാൻ
എൻ കണ്ണൻറെ നാമസങ്കീർത്തനങ്ങൾ പാടാൻ
ലാസ്യനടനമറിയില്ലെങ്കിലും കണ്ണാ
നിൻ രാസനടനത്തിൽ ഒരു
ഗോപികയായി നൃത്തമാടാൻ ഏറെ മോഹം
മോഹനരൂപയല്ലെങ്കിലും കണ്ണാ നിൻ
വല്ലവിയാകാൻ മോഹം അതിമോഹം
അതിമോഹമാണെങ്കിലും കണ്ണാ
എനിക്കേറെയിഷ്ടം നിന്നെ
പ്രണയിക്കുന്നൊരു ഗോപികയാകാൻ
നിൻ ഗോപികയാകാൻ
കൃഷ്ണ പ്രേമമാവോളമറിയും
വൃന്ദാവന ഗോപികയാകാൻ
എൻറെ ശ്വാസവും ജീവനും പ്രണയവും
നീമാത്രമല്ലേയെൻറെ കണ്ണാ
കണ്ണാ.... എൻറെ വൃന്ദാവനേശ്വരാ... കൃഷ്ണാ...
*അശ്വമേധഖണ്ഡം*
*അദ്ധ്യായം 54*
*അനിരുദ്ധനും യാദവർക്കും ദ്വാരകയിൽ സ്വീകരണം*
ശ്രീഗർഗ്ഗമുനി പറയുന്നു. അതിനുശേഷം ഉഗ്രസേനന്റെ ആജ്ഞയനുസരിച്ച് വസുദേവൻ മുതലായ ശ്രേഷ്ഠ യാദവരും വിജയ യാത്രകഴിഞ്ഞ് തിരിച്ചുവരുന്ന അനിരുദ്ധനെ സ്വീകരിക്കാനായി ദ്വാരകപുരിയിൽ നിന്ന് പുറപ്പെട്ടു. അവരോടൊപ്പം ബലദേവൻ, ശ്രീകൃഷ്ണൻ, പ്രദ്യുമ്നൻ , ഉദ്ധവർ എന്നിവരുമുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെയും ബലരാമന്റെയും അമ്മമാർ തുടങ്ങിയ സ്ത്രീകൾ വിചിത്രമായ പല്ലക്കുകകളിൽ ഇരുന്നുകൊണ്ട് നഗരത്തിൽ നിന്ന് പുറത്തേക്കിറങ്ങി. ശ്രീകൃഷ്ണൻറെ റാണിമാരും അവരോടൊപ്പം യാത്രയായി. അനേകം കുമാരിമാർ ആനപ്പുറത്തിരുന്ന് കൊണ്ട് പുഷ്പങ്ങളും മുത്തുകളും വർഷിക്കാൻ പോയി. വെള്ളം തളിക്കുന്ന സ്ത്രീകൾ ജലം നിറഞ്ഞ കലശങ്ങളുമായി പുറപ്പെട്ടു. ബ്രാഹ്മണപത്നിമാർ ഗന്ധം, പുഷ്പം , അക്ഷതം, കറുക എന്നിവയുമായി പുറപ്പെട്ടു. സൗന്ദര്യവതികൾ ആയ വാരാംഗനമാർ എല്ലാവിധത്തിലുമുള്ള ആഭരണങ്ങളും അണിഞ്ഞ് ശ്രീകൃഷ്ണഭഗവാന്റെ മഹിമകൾ വർണിച്ചുകൊണ്ട് നൃത്തം ചെയ്യാനിറങ്ങി. മുഴുവൻ യാദവരും ശംഖനാദം, ദുന്ദുഭി, വേദമന്ത്രം എന്നിവയുടെ ഘോഷത്തോടു കൂടി ഒരു ആനയെ മുമ്പിലാക്കി കൊണ്ട് ഗർഗാചാര്യൻ മുതലായ മുനിമാരോടൊപ്പം പുറപ്പെട്ടു. ദ്വാരകാപുരി ധ്വജപതാകകളാൽ അലംകൃതമായിരുന്നു. വഴിയിലെല്ലാം സുഗന്ധജലം തളിയ്ക്കപ്പെട്ടിരുന്നു. ഓരോ വീടുകളും തോരണങ്ങളാൽ അലംകൃതമായി. ശ്രീകൃഷ്ണ ഭഗവാന്റെ നഗരം ഇന്ദ്രൻറെ അമരാവതിപുരി പോലെ ശോഭിച്ചു.
ഇപ്രകാരം നഗരത്തിൻറെ ശോഭ അവലോകനം ചെയ്തു കൊണ്ട് യാദവർ ശ്യാമകർണ്ണാശ്വത്തോടു കൂടി അനിരുദ്ധൻ സൈന്യത്താൽ ചുറ്റപ്പെട്ട സ്ഥലത്തെത്തി. ബഹുമാന്യരായ എല്ലാരെയും കണ്ട് അനിരുദ്ധൻ തന്റെ രഥത്തിൽ നിന്നും താഴെയിറങ്ങി കുതിരയെ മുന്നിൽ നടത്തിക്കൊണ്ട് മറ്റു രാജാക്കന്മാർക്കൊപ്പം കാൽനടയായി യാത്രചെയ്തു് യദുകുല ആചാര്യനായ ഗർഗമുനിയെ ആദ്യം നമസ്കരിച്ചു. അതിനുശേഷം വസുദേവൻ, ബലരാമൻ, ശ്രീകൃഷ്ണൻ , പ്രദ്യുമ്നൻ എന്നിവരെ നമസ്കരിച്ച് കുതിരയെ അവർക്ക് സമർപ്പിച്ചു. എല്ലാവരും പ്രസന്നനായി പ്രേമം നിറഞ്ഞ ഹൃദയത്തോടെ അനിരുദ്ധനെ ശുഭാശിർവാദം നൽകികൊണ്ട് ഇപ്രകാരം പറഞ്ഞു. വത്സാ! നീ ഒരുവർഷംകൊണ്ട് മുഴുവൻ ശത്രു രാജാക്കന്മാരെയും കീഴടക്കി കുതിരയെ തിരിച്ചു കൊണ്ട് വന്നതിലൂടെ ഒരു മഹത്തായ കാര്യം ചെയ്തിരിക്കുകയാണ്.
അതുകേട്ട് അനിരുദ്ധൻ ഗർഗാചാര്യനെ നോക്കിക്കൊണ്ട് പറഞ്ഞു വിപ്രശ്രേഷ്ഠാ, അവിടുത്തെ കൃപകൊണ്ട് മാത്രമാണ് ഓരോ യുദ്ധത്തിലും ധാരാളം ശത്രുക്കളാൽ പിടിക്കപ്പെട്ടിട്ടും ഈ അശ്വം അവരിൽ നിന്നും മോചിതമായത്. ഗുരുവിൻറെ അനുഗ്രഹം കൊണ്ട് മാത്രമേ മനുഷ്യന് സുഖം കിട്ടുകയുള്ളൂ. അതുകൊണ്ട് അവരവരുടെ ശക്തിക്കനുസരിച്ച് വിധിപൂർവ്വകം ഗുരുവിനെ പൂജിക്കണം.
അതിനുശേഷം മറ്റുളള എല്ലാ രാജാക്കന്മാരും ബലരാമന്റേയും ശ്രീകൃഷ്ണ ഭഗവാന്റേയും അടുത്തുവരികയും എല്ലാവരും പ്രസന്നരും പ്രേമമഗ്നരുമായി വെവ്വേറെ വീണ്ടും വീണ്ടും അവരുടെ ചരണങ്ങളിൽ വീണ് നമസ്കരിക്കുകയും ചെയ്തു. ബലരാമനോടൊപ്പം ശ്രീകൃഷ്ണഭഗവാൻ ആ ഭൂപാലന്മാരെയെല്ലാം നതമസ്തകരായി കണ്ടപ്പോൾ ചന്ദ്രഹാസൻ, ഭീഷ്മർ, ബിന്ദു, അനുശാല്വൻ, ഹേമാംഗദൻ, ഇന്ദ്രനീലൻ എന്നീ രാജാക്കന്മാരെ വളരെ സന്തോഷത്തോടെ മാറോടണച്ചു . ശ്രീകൃഷ്ണ ഭക്തരെക്കാൾ ശ്രേഷ്ഠരായി ഈ ഭൂതലത്തിൽ വേറെ ആരും തന്നെയില്ല.
അതിനുശേഷം ആ യാത്രയിൽ വിജയിയായി തിരിച്ചുവന്ന അനിരുദ്ധനെ ആനപ്പുറത്തിരുത്തി വസുദേവൻ മുഴുവൻ യാദവരോടും തന്റെ പുത്രപൗത്രന്മാരോടൊപ്പം കുശസ്ഥലിപുരിയിലേക്ക് പോയി. ആ സമയത്ത് ദേവാംഗനമാർ അവർക്കുമേൽ പുഷ്പവൃഷ്ടി നടത്തുകയും ആനപ്പുറത്തിരിക്കുന്ന കുമാരിമാർ രത്നങ്ങളും മുത്തുകളും വർഷിക്കുകയും ചെയ്തു. നൃത്യം , വാദ്യം, ഗീതം, വേദമന്ത്രം എന്നീ ഘോഷങ്ങളാൽ നിമഗ്നരായി പിണ്ഡാരകക്ഷേത്രത്തിലേക്ക് പോയി ..എല്ലാ രാജാക്കന്മാരും യാദവരുടെ ദേവദുർലഭമായ വൈഭവം കണ്ടിട്ട് ആശ്ചര്യചകിതരായിത്തീർക്കുകയും സ്വന്തം വൈഭവങ്ങളെ നിന്ദിക്കുകയും ചെയ്തു. അവിടെ ഇന്ദ്രതുല്യനും അസിപത്രവ്രതം അനുഷ്ഠിക്കുന്നവനും , ജിതേന്ദ്രിയനും ദീപ്തിമാനും ആയ യദുകുലപതിയായ മഹാരാജാ ഉഗ്രസേനനും കണ്ടു. കുശാസനത്തിൽ ഇരുന്നുകൊണ്ട് വളരെ സുന്ദരനായി കാണപ്പെട്ട അദ്ദേഹം യജ്ഞ നിർവഹണത്തിന് വേണ്ടി ആഭൂഷണങ്ങൾ മാറ്റി വച്ചിരിക്കുകയായിരുന്നു. ഉഗ്രസേനന്റെ കയ്യിൽ മൃഗശൃംഗമുണ്ടായിരുന്നു. കുശാസനത്തിൽ വിരിച്ച കൃഷ്ണമൃഗത്തിന്റെ തോലിൻമേൽ തന്റെ ഭാര്യയോടൊപ്പം അദ്ദേഹം ഇരിക്കുകയായിരുന്നു. ധൃതം, ഗന്ധം , അക്ഷരം എന്നിവയുപയോഗിച്ച് രാജാവ് അഗ്നിപൂജ നടത്തുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഋഷികളും മുനിമാരും ഇരിക്കുന്നുണ്ടായിരുന്നു.
അനിരുദ്ധൻ മുതലായ യാദവർ വാഹനങ്ങളിൽ നിന്നിറങ്ങി യജ്ഞക്കുതിരയെ മുന്നിൽ നിർത്തിക്കൊണ്ട് പ്രസന്നരായി മഹാരാജാവിനെ വെവ്വേറെ നമസ്കരിച്ചു. അതിനുശേഷം യാദവരാജൻ ഉഗ്രസേനൻ ആ മുഴുവൻ രാജാക്കന്മാരെയും യാദവരെയും തന്റെ കഴിവിനനുസരിച്ച് സൽക്കരിച്ചു. അതുകഴിഞ്ഞ് അനിരുദ്ധൻ വേഗത്തിൽ, ഉഗ്രസേനനെ നമസ്കരിച്ചത് രണ്ടുകയ്യും കൃപ്പിക്കൊണ്ട് എല്ലാവരും കേൾക്കുന്ന വിധത്തിൽ ജംബുദ്വീപിന്റെ സ്വാമിയായ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.
മഹാരാജൻ! ഇവരെ നോക്കിയാലും! നരപതിമാരിൽ ശ്രേഷ്ഠനായ രാജാ ഇന്ദ്രനീലൻ വളരെ പ്രേമത്തോടെ താങ്കളുടെ ചരണങ്ങളിൽ വീണിരിക്കുകയാണ്. താങ്കൾ അദ്ദേഹത്തെ ദേവതമാരെപ്പോലെ എഴുന്നേൽപ്പിച്ചാലും ! ഹോമാംഗദൻ, അനുശ്വാലൻ, ബിന്ദു, ചന്ദ്രഹാസൻ , ഭീഷ്മർ എന്നിവരും താങ്കളുടെ സമീപത്ത് വന്നിരിക്കുകയാണ്. താങ്കൾ ഇവരെ കടാക്ഷിച്ചാലും എൻറെ രക്ഷകനായ സാംബൻ വന്നിരിക്കുകയാണ്. അദ്ദേഹത്തെ നോക്കിയാലും ! ശ്രീരുദ്രദേവനാൽ കൊല്ലപ്പെട്ടിരുന്ന എന്നെയും വീണ്ടും ജീവിപ്പിച്ച ശ്രീ കൃഷ്ണഭഗവാനേയും അവിടുന്നു ദർശിച്ചാലും ! ഇപ്രകാരം രുദ്രനാൽ കൊല്ലപ്പെടുകയും ശ്രീകൃഷ്ണ കൃപകൊണ്ട് പുനരുജ്ജീവിപ്പിക്കുകയും ചെയ്യപ്പെട്ട സുനന്ദനും അതുപോലെ ശ്രീകൃഷ്ണ കൃപകൊണ്ട് മാത്രം ഇവിടെ തിരിച്ചെത്തിയിരിക്കുന്ന മറ്റ് യാദവരെയും കണ്ടാലും. നിർവിഘ്നം തിരിച്ചുവന്ന ഈ യജ്ഞകുതിരയേയും താങ്കൾ യുദ്ധം ചെയ്യാനായി തന്നിരുന്ന വാളിനേയും തിരിച്ചു വാങ്ങിയാലും . താങ്കൾക്ക് നമസ്കാരം!
അനിരുദ്ധന്റെ ഈ വാക്കുകൾ കേട്ടിട്ട് യാദവരാജൻ ഉഗ്രസേനൻ വളരെ പ്രസന്നനായി. അദ്ദേഹം അനിരുദ്ധനെ പ്രശംസിച്ച് മറ്റുള്ള രാജാക്കന്മാരെയും യഥായോഗ്യം ആശിർവദിച്ചു. ആ രാജാക്കന്മാരെയും പൂജിച്ചത് അദ്ദേഹം ദേവവ്രതനായ ഭീഷ്മരോട് ഇപ്രകാരം പറഞ്ഞു. ഭീഷ്മരെ! വരൂ എന്നോടൊപ്പം ഹൃദയത്തോട് ഹൃദയം ചേർക്കൂ. ഇത്രയും പറഞ്ഞ് യദുകുലനാഥൻ ഉഗ്രസേനൻ എഴുന്നേറ്റ് അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു.
അതിനുശേഷം ദാനമാനങ്ങളാൽ ബഹുമാനിക്കപ്പെട്ട ആ രാജക്കന്മാർ യാദവരോടൊപ്പം വളരെ സന്തോഷവാനായി ദ്വാരകയിലേക്ക് പല വീടുകളിലായി താമസിക്കാൻ തുടങ്ങി
അതിനുശേഷം അനിരുദ്ധൻ സാംബൻ മുതലായവരോടൊപ്പം വന്നിരിക്കുന്നതു കണ്ടിട്ട് ദേവകി , രോഹിണി, രുഗ്മവതീ മുതലായ പൂജനീയ സ്ത്രീകൾ അവരെ മാറോടുചേർത്ത് ആനന്ദമഗ്നരായി. സുരൂപാ, രോചനാ, ഉഷ എന്നിവരും വളരെ പ്രസന്നരായി. സാംബനെ പ്രശംസിക്കുന്നത് കേട്ടിട്ട് ദുര്യോധന പുത്രി ലക്ഷ്മണ ആനന്ദാശ്രുക്കൾ പൊഴിച്ചു വളരെ സന്തോഷവതിയായി. സേനാസഹിതം അനിരുദ്ധൻ തിരിച്ചുവന്നത് ദ്വാരകയിലെ വീടുതോറും മംഗളോത്സവം ആഘോഷിക്കപ്പെട്ടു.
*സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു*
✍ കൃഷ്ണശ്രീ
No comments:
Post a Comment