Tuesday, March 26, 2019

ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് കാശിവിശ്വനാഥ ക്ഷേത്രം. ഗംഗാനദിക്കരയില്‍ പ്രപഞ്ചനാഥനായ വിശ്വനാഥന്‍ പന്ത്രണ്ടു ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്നായി കുടികൊള്ളുന്നു. ജോതിര്‍ലിംഗമായി ശ്രീപരമേശ്വരന്‍  ആദ്യം പ്രത്യക്ഷപ്പെട്ടത് കാശിയിലാണെന്നാണ് സങ്കല്‍പം. കാശിയില്‍ നിന്ന് ദേഹവിയോഗമുണ്ടായാല്‍ പിന്നെ പുനര്‍ജന്മമില്ലെന്നാണ് ഹൈന്ദവ വിശ്വാസം. മോക്ഷസ്ഥാനമാണ് കാശി. ഭൂമിയില്‍ ആദ്യമായി വെളിച്ചം പതിച്ചയിടമെന്ന പ്രത്യേകതയും ഈ പുണ്യഭൂമിക്കുണ്ട്. ബ്രഹ്മാവാണ് കാശിയില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. 
ഇസ്ലാമിക അധിനിവേശത്തില്‍ പലപ്പോഴായി തകര്‍ത്തെറിഞ്ഞ ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. ഭരണാധികാരികള്‍ മാറിവരുമ്പോഴെല്ലാം  അവര്‍ ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു. ക്ഷേത്രം അവസാനമായി തകര്‍ത്തത്  മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബാണ്. അതിനു ശേഷം അതേയിടത്ത് ഗ്യാ
ന്‍വ്യാപി എന്ന പേരില്‍ പള്ളി പണിതു. ക്ഷേത്രത്തിലെ യഥാര്‍ഥ ജ്യോതിര്‍ലിംഗം പ്രധാനക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വ്യാപി കിണറിനകത്താണ് ഉള്ളതെന്ന് പറയപ്പെടുന്നു. ക്ഷേത്രം തകര്‍ക്കുമെന്ന ഘട്ടത്തില്‍ മുഖ്യപൂജാരി ജ്യോതിര്‍ലിംഗം കിണറ്റില്‍ നിക്ഷേപിച്ചെന്നാണ് വിശ്വാസം.  
1776 ല്‍ ഇന്‍ഡോറിലെ മഹാറാണിയായിരുന്ന അഹല്യാഭായിയാണ് ഇന്നു കാണുന്ന രൂപത്തില്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചത്. പഞ്ചാബിലെ രാജാവായിരുന്ന രഞ്ജിത് സിങ് ക്ഷേത്രത്തിന് 1000 കിലോ സ്വര്‍ണമാണ് പൂശിയത്. വെള്ളിയില്‍ നിര്‍മിച്ച പീഠത്തിനുള്ളിലാണ് ശിവലിംഗപ്രതിഷ്ഠ. വിശ്വനാഥന് ചുറ്റുമായി അന്നപൂര്‍ണാദേവി ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, തിലഭണ്ഡേശ്വര ക്ഷേത്രം തുടങ്ങി രണ്ടായിരത്തിലധികം ക്ഷേത്രങ്ങളുണ്ട്. 
കാശി വിശ്വനാഥനെ ദര്‍ശിച്ച് ഗംഗയില്‍ കുളിച്ചാല്‍ മോക്ഷപ്രാപ്തി നേടാം. വിശ്വനാഥന്റെ മണ്ണിലെത്തി പ്രകൃത്യാലുള്ള മൃത്യുവരിക്കുന്നവരുടെ കാതില്‍ ശിവന്‍ മോക്ഷമന്ത്രം ചൊല്ലിക്കൊടുക്കുമെന്നാണ് വിശ്വാസം.
janmabhumi

No comments: