Tuesday, March 26, 2019

ദക്ഷിണാമൂർത്തി സ്തോത്രം-2

മിണ്ടാതിരുന്നാൽ മൗനമാകുമോ? മിണ്ടികൊണ്ടേയിരുന്നാലും മൗനമുണ്ട്. രമണമഹർഷി ഒരു പാട്ടിൽ പറയുന്നു കല്ലു പോലെ ഇങ്ങനെയിരുന്നാൽ മൗനമാകുമോ അരുണാചലാ. കല്ലിന് വ്യാപ്തിയില്ല അതിൽ മൗനമില്ല. എന്നാൽ വാസ്തവത്തിൽ മൗനം എല്ലാ ഹൃദയത്തിലും പ്രവേശിക്കുന്നു. (All pervasive). സ്വയം വിനിമയ ശക്തി ഉള്ളതാണ്. ഉള്ളിൽ പ്രവേശിക്കാൻ നമ്മുടെ അനുവാദം പോലും വേണ്ടാത്ത പ്രബലമായ ശക്തി വിശേഷമാണ് മൗനം. മുനിയുടെ ഭാവമാണ് മൗനം. വെറും വാക്കുകളുടെ അഭാവമല്ല മൗനം. ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേയ്ക്ക് ഭാഷയുടെ സഹായമില്ലാതെ ആശയത്തെ വിനിമയിപ്പിക്കുന്ന കൗശലമാണ് മൗനം.

സംഗീതവും ഇതുപോലെയാണ്. ഭാഷയറിയില്ലെങ്കിലും സംഗീതം എല്ലാവരും ആസ്വദിക്കും.
പശുർവേത്തി ശിശുർവേത്തി വേത്തിഗാനര സംഫണി
പശുവിന് മനസ്സിലാകുന്നു ശിശുവിനും മനസ്സിലാകുന്നു പാമ്പിനും മനസ്സിലാകുന്നു. നമ്മളെ ആഴത്തിൽ സ്പർശിക്കുന്നതാണ് സംഗീതത്തിലും പ്രബലമായിരിക്കുന്ന മൗനത്തിന്റെ ശക്തി. എന്നാൽ അത് ചിലർക്കെ മനസ്സിലാവുകയുള്ളു.

പണ്ട് രാമകൃഷ്ണ ദേവന്റെ പത്നിയായ ശാരദാ ദേവി ഒരു ശിഷ്യന് മന്ത്രമുപദേശിച്ചു. ഒരിക്കൽ ശിഷ്യൻ പറഞ്ഞു അമ്മേ മന്ത്രം എത്ര ജപിച്ചിട്ടും ആത്മീയ പുരോഗതി ഉണ്ടാകുന്നില്ലല്ലോ. ശാരദാ ദേവി പറഞ്ഞു. ചിലപ്പോൾ കുട്ടികൾ ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങും. അമ്മ ഉറക്കത്തിൽ എഴുന്നേൽപ്പിച്ച് ഭക്ഷണം നല്കും. പിറ്റേന്ന് കുട്ടി ചോദിക്കും അയ്യോ ഞാനിന്നലെ അത്താഴം കഴിച്ചില്ലല്ലോ എന്ന്. കുട്ടിക്ക് അത് ഓർമ്മയുണ്ടാകില്ല. എന്നാൽ പൂർണ്ണ ബോധമില്ലാതെയാണ് ഭക്ഷണം കഴിച്ചതെങ്കിലും ഭക്ഷണം ഉള്ളിൽ ചെന്നിരിക്കുന്നു. അതു പോലെയാണ് ഗുരു നല്കുന്ന മന്ത്രവും. ശിഷ്യന് ഗുണപ്രദമായി തോന്നിയില്ലെങ്കിലും അതിന്റെ ഗുണം കുറച്ചു കഴിഞ്ഞേ അറിയു.
ഇതുപോലെ മൗനത്തിലൂടെയുള്ള  വിനിമയങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു. അരുണാചലേശ്വരൻ തന്നെ ബ്രഹ്മോപദേശം ചെയ്തു കൊണ്ടേയിരിക്കുന്നു. 

Nochurji.
malini dipu

No comments: