Friday, March 29, 2019

ഭഗവാനും ധർമ്മസങ്കടമോ ?
നമ്മൾ മനുഷ്യർക്കൊക്കെ ജീവിതത്തിൽ ധർമ്മസങ്കടത്തിലാകുന്ന അവസ്ഥകൾ ഉണ്ടാകാം. പക്ഷെ ഇവിടെ വിഷയം ഭഗവാന് ഉണ്ടായ ഒരു ധർമസങ്കടമാണ്. നമുക്ക് പതുക്കെ ഭഗവാനും രുഗ്മിണീ ദേവിയും കൂടി ചതുരംഗം കളിച്ചിരിക്കുന്ന മുറിയിലേക്ക് കടന്ന് ഒരു മൂലയിൽ ഒതുങ്ങിയിരുന്ന് ഒക്കെ കണ്ടു മനസ്സിലാക്കാം.
ഭഗവാനും രുഗ്മിണീദേവിയും രസം പിടിച്ച് വാശിയോടെ ചതുരംഗക്കളിയിൽ മുഴുകിയിരിക്കുന്നു. രുഗ്മിണീദേവി ഒരു ചൂത് നീക്കി, ഇനി ഭഗവാന്റെ ഊഴം. ചതുരംഗക്കളം നോക്കി ആലോചനാ നിമഗ്നനായി ഇരിക്കുന്ന ഭഗവാൻ പെട്ടെന്ന് ചാടി എഴുന്നേറ്റ്
കൈകൾ പിന്നിൽ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താൻ തുടങ്ങി. രുഗ്മിണീ ദേവിക്ക് ഒന്നും മനസ്സിലായില്ല. ഭഗവാന്റെ കൂടെ നടന്ന് ദേവി ചോദിച്ചു:
" എല്ലാവരുടേയും അസ്വസ്ഥതകൾ നശിപ്പിച്ച്. സ്വസ്ഥത നൽകുന്ന അങ്ങ് എന്താണിങ്ങനെ അസ്വസ്ഥനായി കാണപ്പെടുന്നത്? അത് കണ്ട് എനിക്കും അസ്വസ്ഥത "
ഭഗവാൻ മൊഴിഞ്ഞു: " പ്രിയേ, എന്റെ ഭക്തയായ, പാണ്ഡവപത്നിയായ ദ്രൌപദി ആപത്തിൽ അകപ്പെട്ടിരിക്കുന്നു. വലിയ സദസ്സിന് മുന്നിൽ രജസ്വലയായ ദ്രൌപദിയെ ദുര്യോധനാജ്ഞ പ്രകാരം ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യുന്നു."
രുഗ്മിണി അത്ഭുതപ്പെട്ടു ചോദിച്ചു:
"കൃഷ്ണ , ഭക്തവത്സലനായ അങ്ങ് എന്താണ് ദ്രൌപദിയെ രക്ഷിക്കാൻ അമാന്തം കാണിക്കുന്നത്?"
കൃഷ്ണൻ പറഞ്ഞു:
"രുഗ്മിണീ, ഞാൻ ധർമ്മസങ്കടത്തിലാണ്. എനിക്ക് ദ്രൌപദിയെ സഹായിക്കണമെന്നുണ്ട്. പക്ഷെ ദ്രൗപദി അതാ എന്നെ ശരണാഗതിയടയുന്നതിനു പകരം സ്വന്തം കൈകളാൽ വസ്ത്രം പിടിച്ച് അതിശക്തിമാനായ ദുശ്ശാസനന്റെ ഉദ്യമത്തെ തടയാൻ ശ്രമിക്കുന്നു. എന്നെ വിളിക്കുന്നതു വരെ, എന്റെ സഹായം ദ്രൌപദിക്ക് വേണമെന്ന് തോന്നി എന്നെ സർവഥാ ആശ്രയിക്കുന്നതുവരെ ഞാനെങ്ങനെ അവിടെ ചെല്ലും? സഹായഹസ്തം നീട്ടുമ്പോൾ അത് അഭയം ആഗ്രഹിക്കുന്ന കൈകളുമായി കോർക്കണം. ദ്രൌപദിയുടെ കൈകൾ എന്റെ കൈകളിൽ കോർക്കാൻ ഇനിയും സ്വതന്ത്രമായിട്ടില്ല. അതാ , ആദ്യം രണ്ടു കൈകൾ കൊണ്ടും വസ്ത്രം പിടിച്ചിരുന്നു. ഇപ്പാൾ ഒറ്റ കയ്യാൽ വസ്ത്രം പിടിച്ച മറ്റേ കൈ എന്റെ നേർക്ക് നീട്ടിയിരിക്കുന്നു. രണ്ട് കൈകളും എന്റെ നേരെ നീട്ടുന്ന നിമിഷം ഞാൻ ഹസ്തിനപുരത്തെത്തും തുഗ്മിണീ . ഞാൻ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു. അതു വരെയും രക്ഷിക്കണമെന്നുണ്ടെങ്കിലും ഞാൻ ധർമ്മസങ്കടമനുഭവിച്ച് കഴിയുന്നു.
അതാ, അവസാനം രണ്ടു കൈകളും തലക്കു മുകളിൽ കൂപ്പി ദ്രൌപദി എന്നെ ആശ്രയിച്ചിരിക്കുന്നു. എന്റെ ധർമ്മസങ്കടവും തീർന്നു. ഞാൻ പോയി വരാം രുഗ്മിണീ "
മറ്റൊരു കമനീയകൃഷ്ണൻ രുഗ്മിണിയുമായി ചതുരംഗക്കളി തുടങ്ങിയപ്പോൾ നമ്മളൊക്കെ ഭഗവാനെ ധർമ്മസങ്കടത്തിലാക്കിക്കൊണ്ട് ബുദ്ധിമുട്ടിക്കുന്ന രംഗങ്ങൾ ഒന്നൊന്നായി ഓർമയിൽ മിന്നി മറഞ്ഞു. ശാപഗ്രസ്തനായ ഗജേന്ദ്രനും നമ്മളും ഒക്കെ ദ്രൌപദി മാർ തന്നെ! കൃഷ്ണനെ സദാ സങ്കടത്തിലാക്കുന്ന അപരാഭക്തർ!
യാ ത്വരാ ദ്രൗപദീത്രാണേ
യാ ത്വരാ ഗജരക്ഷണേ
മയ്യ്യാർത്തേ കരുണാസിന്ധോ
സാ ത്വരാ ക്വ ഗതാ ഹരേ
എല്ലാ ത്രാണനങ്ങളും അത്ര ത്വരിതമായിരുന്നോ? ആർത്തനായാൽ പോരാ, ആർത്തി തീർക്കാൻ ആർത്തിഹരനെ
അന്യഥാ ആശ്രയിക്കണം. അതിന് അനുഗ്രഹിക്കണേ! അതുവരെ ഭഗവാനടക്കം എല്ലാവർക്കും സങ്കടം തന്നെ, കാരണം നമ്മുടെ അഹങ്കാരമാണത്രെ ഭഗവാന്റെ സങ്കടം.
സങ്കടഹരണ വെങ്കടരമണ!
ശ്രീകൃഷ്ണാർപ്പണമസ്തു.
savithri puram

No comments: