Tuesday, March 26, 2019

രാവണന് നഷ്ടമായ വൈദ്യനാഥ ജ്യോതിര്‍ലിംഗം

Wednesday 27 March 2019 3:00 am IST
ഇരുപത്തിരണ്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ് വൈദ്യനാഥ് ധാമം. വിശ്വകര്‍മാവാണ് ക്ഷേത്രശില്പി എന്നത്രേ സങ്കല്പം. പാര്‍വതി,മഹാകാളി, ജഗത്ജനനി, കാലഭൈരവന്‍, ലക്ഷ്മീനാരായണന്‍, തുടങ്ങിയവയാണ് അനുബന്ധ ക്ഷേത്രങ്ങളിലെ പ്രധാനപ്രതിഷ്ഠകള്‍
ലങ്കാധിപന്‍ രാവണന്  മഹാദേവന്‍ ദര്‍ശനം നല്‍കിയ ജ്യോതിര്‍ലിംഗക്ഷേത്രമാണ് ഝാര്‍ഖണ്ഡിലെ വിഖ്യാതമായ വൈദ്യനാഥ് ക്ഷേത്രം. സാന്താള്‍ പര്‍ഗാനയിലെ ദേവ്ഗഢിലാണ് ക്ഷേത്രമുള്ളത്. ശിവനെ കാണാന്‍  കൈലാസത്തിലെത്തിയ രാവണന്റെ  കഥയുടെ അനുബന്ധമാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. 
 ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തിയ രാവണന്‍ ശിവനോട് തന്റെയൊപ്പം ലങ്കയില്‍ വന്ന് ലങ്കാനഗരിയെ സ്വര്‍ഗസമാനമാക്കിത്തീര്‍ക്കണമെന്നാവശ്യപ്പെട്ടു. ഭഗവാനത് നിരാകരിച്ചു. കോപിഷ്ഠനായ രാവണന്‍ കൈലാസം പൊക്കിയെടുത്ത് ശിവനെ കൊണ്ടുപോകാന്‍ തുനിഞ്ഞു. സംഹാരരുദ്രനായ ശിവന്‍ കൈലാസം ചവിട്ടിപ്പിടിച്ചപ്പോള്‍ രാവണന്റെ കൈകള്‍ ഞെരിഞ്ഞമര്‍ന്നു. ഭയന്നു വിറച്ച  രാവണന്‍ തന്നെ രക്ഷിക്കണമെന്നും ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ അനുവദിക്കണമെന്നും ശിവനോട് അപേക്ഷിച്ചു. 
ശിവന്‍ തന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളിലൊന്ന് രാവണന് നല്‍കിയ ശേഷം അത് ലങ്കയില്‍ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു.  കൊണ്ടുപോകും മുമ്പ് ഭഗവാന്‍ ഒരു കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തി.  യാത്രയില്‍ ഒരിക്കലുമത് താഴെ വെയ്ക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ലിംഗം അവിടെ വേരുപിടിക്കും. പ്രപഞ്ചമുള്ളിടത്തോളം അതവിടെ  തുടരും. 
അതെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യാമെന്ന് ഉറപ്പുനല്‍കി രാവണന്‍ മടങ്ങി. യാത്രമധ്യേ രാവണന്റെ ശരീരത്തില്‍ വായുഭഗവാന്‍ പ്രവേശിച്ചു. ഉടനെ രാവണന് മൂത്രശങ്കയുണ്ടായി. ജ്യോതിര്‍ലിംഗം കൈയില്‍ വെച്ച് ധര്‍മസങ്കടത്തിലായ രാവണനെ രക്ഷിക്കാന്‍ വിഷ്ണു ഭഗവാന്‍ ഒരു കുഞ്ഞിന്റെ രൂപത്തിലെത്തി, മൂത്രശങ്ക തീര്‍ത്ത് രാവണനെത്തും വരെ ജ്യോതിര്‍ലിംഗം താന്‍ കൈയില്‍ സൂക്ഷിക്കാമെന്നു പറഞ്ഞു.
വിഷ്ണു ഭഗവാന്‍ അല്പനേരം കൈയില്‍ വെച്ച ശേഷം അത് മണ്ണില്‍ വെച്ചു. ഉടനെ അത് മണ്ണില്‍ വേരുറച്ചു. അതു കണ്ട രാവണന്‍ പശ്ചാത്താപവിവശനായി തന്റെ പത്തു തലകളില്‍ ഒമ്പതും വെട്ടിക്കളഞ്ഞു. ഇതു കണ്ട് ശിവന്‍ പ്രത്യക്ഷനായി രാവണന്റെ തലകള്‍ പഴയ രൂപത്തിലാക്കി. ഒരു വൈദ്യനെ പോലെ രാവണന്റെ തലകള്‍ പൂര്‍വാവസ്ഥയില്‍ ഉറപ്പിച്ചതിനാലാണ് അവിടെ വേരുറച്ച ജ്യോതിര്‍ലിംഗം വൈദ്യനാഥ് എന്ന പേരില്‍ വിഖ്യാതമായത്. 
 22 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് വൈദ്യനാഥ് ധാമം. വിശ്വകര്‍മാവാണ് ക്ഷേത്രശില്പി എന്നത്രേ സങ്കല്പം. പാര്‍വതി, മഹാകാളി, ജഗത്ജനനി, കാലഭൈരവന്‍, ലക്ഷ്മീനാരായണന്‍, തുടങ്ങിയവയാണ് അനുബന്ധ ക്ഷേത്രങ്ങളിലെ  പ്രധാനപ്രതിഷ്ഠകള്‍. പാര്‍വതീ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്.  പ്രധാനകോവിലുമായി പര്‍വതീമണ്ഡപത്തെ ചുവന്ന നിറത്തിലുള്ള ചരടുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ശിവന്റെയും ശക്തിയുടേയും ഐക്യത്തിനു പ്രതീകമാണിത്. ശിവപുരാണത്തില്‍  മനസ്സുകള്‍ തമ്മിലുള്ള ഐക്യത്തെയാണ് വൈദ്യനാഥന്‍ 
പ്രതിനിധാനം ചെയ്യുന്നതെന്ന് പരാമര്‍ശിക്കുന്നുണ്ട്.  അതുകൊണ്ട് വിവാഹം പോലുള്ള പവിത്രകര്‍മങ്ങള്‍ക്ക് ഈ ക്ഷേത്രസന്നിധി ഉത്തമമാണ്. മത്സ്യപുരാണത്തില്‍ ആരോഗ്യബൈദ്യനാഥ് ദീയെന്നാണ് വൈദ്യനാഥക്ഷേത്രത്തെക്കുറിച്ച് വിവരിക്കുന്നത്. ശിവനും സഹായിയായി പാര്‍വതിയും ചേര്‍ന്ന് ഇവിടെയെത്തുന്ന ഭക്തരുടെ മാറാവ്യാധികള്‍ക്ക് ശമനം നല്‍കുന്നുവെന്നാണ് വിശ്വാസം. 
വെളുപ്പിന് നാലുമണിക്ക് ക്ഷേത്രനടതുറക്കും.  പ്രധാനപൂജാരിയുടെ പൂജാചടങ്ങുകള്‍ക്കു ശേഷം ഭക്തര്‍ക്ക് ജ്യോതിര്‍ലിംഗത്തില്‍ ജലധാരയും കൂവളാര്‍ച്ചനയും നടത്താം. ഉച്ചകഴിഞ്ഞ് 3.30 വരെ ഇത് തുടരുന്നു. അതു കഴിഞ്ഞ് ക്ഷേത്രനട അടച്ചാല്‍ വൈകിട്ട് ആറു മണിക്ക് വീണ്ടും തുറക്കും. രാത്രി ഒമ്പതു മണിക്കാണ് വീണ്ടും നടയടയ്ക്കുക. 
ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ നടക്കുന്ന ശ്രാവണമേളയാണ് ക്ഷേത്രത്തിലെ പ്രധാനാഘോഷം.  ലക്ഷക്കണക്കിന് ആളുകള്‍ എല്ലാവര്‍ഷവും മേളയ്ക്കെത്തും. 108 കിലോമീറ്റര്‍ ദൂരെയുള്ള സുല്‍ത്താന്‍ഗഞ്ചില്‍ നിന്ന് ഗംഗാജലം ശേഖരിച്ച് വൈദ്യനാഥ ക്ഷേത്രത്തിലേക്ക് കാവിവസ്ത്രധാരികളായ ഭക്തര്‍ കാല്‍നടയായെത്തുന്ന കാഴ്ച, മേളയുടെ അപൂര്‍വതയാകുന്നു. അണമുറിയാതെ, ഒരിടത്തും നില്‍ക്കാതെ, വിശ്രമിക്കാതെയാണ്  തീര്‍ഥാടകര്‍ അത്രയും ദൂരം താണ്ടുക.

No comments: