Tuesday, March 26, 2019

സര്‍വാധാരം ബ്രഹ്മം

Tuesday 26 March 2019 3:19 am IST
ഒന്നാം അധ്യായത്തിലെ മൂന്നാം പാദത്തില്‍ 13 അധികരണങ്ങളാണുള്ളത്. ഇതില്‍ 43 സൂത്രങ്ങളുണ്ട്.  കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ബ്രഹ്മത്തിന്റെ സര്‍വ്വവ്യാപകത്വത്തെ വിശദമാക്കി. ഇനി പരമാത്മാവിന്റെ സര്‍വ്വാധാരത്വത്തെ ഈ പാദത്തിലൂടെ ഉറപ്പിക്കുന്നു.
ദ്യുഭ്വാദ്യധികരണം
സൂത്രം- ദ്യുഭ്വാദ്യായതനം സ്വശബ്ദാത്
ദ്യോവ്, പൃഥ്വി (സ്വര്‍ഗം, ഭൂമി) മുതലായവയ്ക്ക് ആധാരമായിരിക്കുന്നത് ആത്മശബ്ദപ്രയോഗത്തില്‍ ബ്രഹ്മമാണ്.
സ്വര്‍ഗം, ഭൂമി, ആകാശം മുതലായവയുടെ ആധാരമായിരിക്കുന്നത് പരബ്രഹ്മമാണ്. എന്തെന്നാല്‍ ആത്മാവ് എന്നാണ് പി
ന്നീട് ഉപയോഗിച്ചിരിക്കുന്നത്.
മുണ്ഡകോപനിഷത്തില്‍ 
'യസ്മിന്‍ ദ്യൗഃ പൃഥിവീ ചാന്തരീക്ഷ-
മോതം സഹ പ്രാണൈശ്ച സര്‍വ്വൈഃ
തമേവൈകം ജാനഥ ആത്മാനം
അന്യാവാചോ വിമുഞ്ചഥാമൃത
സൈ്യഷ സേതുഃ' എന്ന് പറയുന്നു.
ഏതൊന്നിനെയാണോ സ്വര്‍ഗവും ഭൂമിയും ആകാശവും ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ ആശ്രയിച്ചിരിക്കുന്നത് അദ്വിതീയനായ ആ പുരുഷനെത്തന്നെ എല്ലാത്തിന്റെയും ആത്മാവായി അറിയുക. മറ്റ് വാക്കുകളെല്ലാം വിട്ടു കളയുക. സംസാരസാഗരത്തെ തരണം ചെയ്ത് മോക്ഷമടയാനുള്ള പാലം ഇതാണ്. അമൃതത്തിന്റെ അതിര്‍ത്തിയുമിതാണ്.
ഇവിടെ 'സേതുഃ' എന്നത് മറുകരയിലേക്ക് കടക്കാനുള്ള മാര്‍ഗത്തെ പറയുന്നുണ്ട്. ബ്രഹ്മത്തിന് മറുകരയില്ലല്ലോ എന്ന് സംശയം ഉന്നയിക്കുന്നു.ബൃഹദാരണ്യകത്തില്‍ ബ്രഹ്മത്തെ 'അനന്തമപാ
രം'- അന്തവും മറുകരയുമില്ലാത്തത് എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ 'ആയതന'മെന്ന് പറഞ്ഞത് സ്മൃതിയില്‍ പറയുന്ന പ്രധാനത്തെയാകാം എന്ന് പൂര്‍വപക്ഷം വാദിക്കുന്നു. അല്ലെങ്കില്‍ ശ്രുതിപ്രസിദ്ധമായ വായുവാകാമെന്ന് അവര്‍ വാദമുന്നയിക്കുന്നു.
ബൃഹദാരണ്യകത്തിലെ 'വായുര്‍വൈ ഗൗതമ...  സംദൃബ്ധാനി ഭവന്തി' എന്ന മന്ത്രത്തെ ഇതിനായി അവര്‍ എടുത്തുകാട്ടുന്നു. വായു തന്നെയാകുന്നു ആ സൂത്രം. വായുവാകുന്ന സൂത്രത്തില്‍ ഈ ലോകവും പരലോകവും സര്‍വ്വ ഭൂതങ്ങളും കോര്‍ക്കപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് വായുവുമാകാം. ജീവന്‍ ഭോക്താവായതിനാല്‍ ഭോഗ്യമായ ലോകം അതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വാദിക്കുന്നു. മറുകരയില്ലാത്തതിനാല്‍ പരബ്രഹ്മം ആയതനമോ സേതുവോ ആകില്ലെന്ന് പൂര്‍വപക്ഷം പറയുന്നു.
ഈ വാദങ്ങളെയെല്ലാം നിഷേധിക്കുകയാണ് ഈ സൂത്രത്തില്‍. ഭൂമി, സ്വര്‍ഗം മുതലായ ലോകങ്ങള്‍ക്ക് ആയതനം ആത്മാവ് തന്നെയാണ്. പ്രധാനമോ വായുവോ ജീവനോ ആയതനമോ അല്ല.കാരണം ഇവിടെ ആത്മശബ്ദം തന്നെ പ്രയോഗിച്ചിട്ടുണ്ട്. തമേവൈകം ജാനഥ ആത്മാനം- ഏകനും അദ്വയനുമായ ആത്മാവ് പരമാത്മാവ് തന്നെയാണ്.
 ഛാന്ദോഗ്യോപനിഷത്തില്‍ 'പുരുഷ ഏവേദം വിശ്വം കര്‍മ്മ തപോ ബ്രഹ്മപരാമൃതം' എന്ന് പറയുന്നതും പരമാത്മാവിനെ ഉദ്ദേശിച്ച് തന്നെയാണ്. അന്യമായ മറ്റ് വാക്കുകളെ വെടിയൂ എന്ന് പറഞ്ഞത് ശ്രുതി കാണിച്ചു തന്ന പരബ്രഹ്മവാചകത്തെ എടുക്കാന്‍ വേണ്ടിയാണ്. സേതു എന്നതിന് വിധാരണ അര്‍ത്ഥമേ സ്വീകരിക്കാനാവൂ. മറുകര എന്ന അര്‍ഥം ഇവിടെ ചേരുകയില്ല. ഇവിടെ ആത്മ ശബ്ദം ബ്രഹ്മ വാചകമാണ്. ബ്രഹ്മം എപ്രകാരം സര്‍വ്വവ്യാപകമാണോ അതുപോലെ സര്‍വ്വാധാരവുമാണ്.

No comments: