Sunday, May 12, 2019

ശ്രീമദ് ഭാഗവതം 148* 

അപ്പോ പ്രഹ്ലാദനെ കൂട്ടിക്കൊണ്ടു പോയി പാഠശാലയിൽ വെയ്ക്കാ. ആ സാന്നിദ്ധ്യം നമുക്കും ഒന്ന് കിട്ടട്ടെ. ശണ്ഡാമർക്കന്മാർക്കും ഒരു സന്തോഷം ണ്ടേ. ജീവിതത്തിന് ഒരു അർത്ഥം ണ്ടെന്ന് തോന്നണു . കൂട്ടിക്കൊണ്ടു പോയി പ്രഹ്ലാദനെ. പ്രഹ്ലാദൻ തീരുമാനിച്ചു ഇനി ഇപ്പൊ എല്ലാർക്കും കൊടുക്കന്നെ. തനിക്ക് കിട്ടിയ ആനന്ദം എല്ലാവരും കേൾക്കണം എല്ലാവരും അനുഭവിക്കണം. 

ശൃണ്വന്തു വിശ്വേ അമൃതസ്യപുത്രാ
ആ യേ ധാമാനി ദിവ്യാനി തസ്ഥു. 

എല്ലാലോകത്തിലുള്ളവരും കേൾക്കട്ടെ. ഗുരുക്കന്മാരാണെങ്കിലും നമുക്ക് ഹിതമല്ലാത്തത് പറഞ്ഞാൽ സ്വീകരിക്കരുത്. നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം ണ്ട്. 

ചെറിയ കുട്ടി ആയിരിക്കുമ്പോൾ മുതൽ ഭക്തി ചെയ്യണം. 
കൗമാര ആ ചരേത് പ്രാജ്ഞ: ധർമ്മാൻ ഭാഗവതാനിഹ 

ദുർല്ലഭം മാനുഷം ജന്മ തദപി അധ്രുവം അർത്ഥദം. 

ഈ മനുഷ്യജന്മം കെട്ടിയിരിക്കണത് വളരെ ദുർല്ലഭം. കുമിളപോലെ എപ്പോ  പൊട്ടിപോകുമെന്ന് പറയാൻ വയ്യ. അതുകൊണ്ട് ഭഗവാനെ ഭജിക്കണം. 

ഭഗവദ് ഭക്തിക്ക് കഷ്ടം ഒന്നൂല്ല്യ. ഭഗവാൻ നമ്മുടെ അന്തരാത്മാവാണ്. കിട്ടിയിട്ടുള്ള വസ്തു ആണ്. അത് നമ്മുടെ സ്വരൂപം ആണ്. സിദ്ധമായ ബോധം ആണ്. 

പ്രത്യഗാത്മസ്വരൂപേണ ദൃശ്യരൂപേണ ച സ്വയം 
ഉള്ളില് പ്രത്യഗാത്മാവായി സാക്ഷി ആയി ഇരുന്നിട്ടും പുറമേയ്ക്ക് ദൃശ്യ പ്രപഞ്ചമായിട്ട് നില്ക്കുന്നതും ഒരേ ബോധവസ്തു ആണ്. ആ ഭഗവാൻ സിദ്ധവസ്തു ആയി ഇരിക്കുന്നു. കേവലാനന്ദസ്വരൂപമായി ഹൃദയത്തിൽ സിദ്ധിച്ചിരിക്കുന്നു. ആ ഭഗവാനെ ഭക്തി കൊണ്ട് ഭജിക്കണം.

ഇങ്ങനെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോ കുട്ടികൾ ചൊദിച്ചു പ്രഹ്ലാദാ ഇതൊക്കെ നിനക്ക് എവിടുന്ന് കിട്ടി? നമ്മളൊക്കെ ഒരേ പാഠശാലയിൽ പഠിച്ചതാണല്ലോ ഈ ശണ്ഡാമർക്കന്മാര് നമുക്കിതൊന്നും പറഞ്ഞു തന്നില്ലല്ലോ. നിനക്ക് ഇത് എവിടുന്ന് കിട്ടി?

 പ്രഹ്ലാദൻ പറഞ്ഞു നാരദമഹർഷി ഇട്ടു തന്ന ഭിക്ഷ. എന്റെ അച്ഛൻ മന്ദരാചലത്തിൽ തപസ്സിനായി പോയപ്പോ അമ്മ കയാധു ഗർഭിണി ആയിരുന്നു. അമ്മയുടെ ഗർഭത്തിലുള്ള എന്നെ ഇന്ദ്രൻ അപഹരിച്ചു കൊണ്ട് പോയി. നാരദമഹർഷി വന്നു. ഇന്ദ്രനോട് ചോദിച്ചു "എങ്ങടാ കൊണ്ട് പോകുന്നത് കയാധുവിനെ?"

"ഇവളുടെ ഗർഭത്തിൽ ഹിരണ്യകശിപുവിന്റെ ശുക്ലം ണ്ട്. ഒരു ഹിരണ്യകശിപുവിനെ കൊണ്ട് തന്നെ ഞങ്ങൾക്ക് സഹിക്കവയ്യ. അതുകൊണ്ട് ഈ ശിശുവിനെ വധിക്കാനായിട്ട് കൊണ്ട് പോവാണ്."

നാരദമഹർഷി പറഞ്ഞു. 'പരമഭാഗവതരാണ് ഇവളുടെ ഗർഭത്തിലുള്ളത്. ഇവളെ എനിക്ക് തരൂ."

 നാരദമഹർഷി കുറേ കാലായി കാത്തിരിക്കായിരുന്നത്രേ.  എല്ലാവർക്കും ആനന്ദത്തെ കൊടുക്കണമെന്ന് നാരദമഹർഷി ക്ക് ആഗ്രഹം. അദ്ദേഹം വിചാരിച്ചു വയസ്സായിട്ടിരിക്കണവരൊക്കെ റിട്ടയറായിട്ടിരിക്കണ്ടല്ലോ. അവർക്ക് കൊടുക്കാം. അവരൊക്കെ വന്നു കേൾക്കും തലയാട്ടും. കുറച്ച് പേര് വന്നിരുന്ന് ഉറങ്ങും. കുറച്ച് ആളുകള് കേട്ടിട്ട് പറയും നിങ്ങളുടെ പ്രസംഗം വളരെ നന്നായിരുന്നു. എന്ന് പറഞ്ഞ് ഈ പറയണ ആൾക്ക് ഒരു സർട്ടിഫിക്കറ്റ് കൊടുത്തിട്ട് പോകും.

നാരദർക്ക് തൃപ്തി ആയില്ല്യ. ശരി, കുറച്ച് ചെറുപ്പക്കാരായ കുറേ ആളുകളെ പിടിക്കാം. youngsters.   അവരെയൊക്കെ പിടിച്ച് പഠിപ്പിച്ചു. അവർക്കൊന്നും രുചിച്ചില്ല്യ. അപ്പോ നാരദമഹർഷി തീരുമാനിച്ചു ചെറുപ്പക്കാർക്ക് മനസ്സില് കളങ്കം വന്നു പോണു. ചെറിയ കുട്ടികളെ വേണം പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ. കാര്യം വളരെ എളുപ്പാണ്. ഇതൊന്നും ബുദ്ധി കൊണ്ട് പഠിക്കേണ്ട വിദ്യ ഒന്നും അല്ലല്ലോ. ഒറിജനൽ നോളേജാ. അപ്പോ ധ്രുവനെ പിടിച്ചു. 

ധ്രുവനോട് ചോദിച്ചു. 
"കുഞ്ഞേ എങ്ങടാ പോണേ." 
"തപസ്സിന്."
 "എന്തിനാ തപസ്സ് ചെയ്യണത്."
 ചിറ്റമ്മ അപമാനിച്ചു. 
"കുഞ്ഞേ ഈ അപമാനം സമ്മാനം ഒക്കെ സമം ആയിട്ട് എടുക്കൂ. തിരിച്ചു ചെല്ലൂ വീട്ടിൽ ചെന്ന് സമാധാനത്തോടെ ഇരിക്കൂ. വരുന്ന സുഖദുഖങ്ങളെ ഒക്കെ സമഭാവത്തോടെ അനുഭവിച്ചാൽ തന്നെ ഭഗവാൻ പ്രീതനായി. ക്രമേണ ഭഗവദ് അനുഭവം ണ്ടാവും."
" പറ്റില്ല്യ. ഞാൻ ഘോരമായ ക്ഷത്രിയ 
വംശ ത്തിൽ ജനിച്ചവനാണ്. എനിക്കീ അപമാനം സഹിക്കവയ്യ."
 കാന്താരിമുളക് എന്ന് പറയില്ലേ അഞ്ച് വയസ്സ്. അത് അപമാനം സമ്മാനം എന്നൊക്കെ പറയണു. അതുകൊണ്ട് ഇനി ഗർഭത്തിൽ നിന്ന് പുറത്ത് വരുന്നതിനു മുന്നേ പിടിക്കണം. പുറത്ത് വന്നാൽ അപകടം ആണ്. അങ്ങനെ ആണ് പ്രഹ്ലാദനെ കയാധുവിന്റെ ഗർഭത്തിൽ വെച്ച് പിടിച്ചത്
ശ്രീനൊച്ചൂർജി .
Lakshmi Prasad

No comments: