Friday, May 17, 2019

ദക്ഷിണാമൂർത്തി സ്തോത്രം-28
ധ്യാനത്തിന്റെ ഉദ്ദേശം തന്നെ മനസ്സ് ക്രമേണ ശ്രദ്ധാശക്തിയായി ഉരുത്തിരിയാനാണ്. യച്ഛേദി വാങ് മനസ്സി പ്രാജ്ഞ:
ചിത്ത ശുദ്ധി എന്ന് പറയുന്നത് ഇതാണ്. മനസ്സ് ശുദ്ധമാകുന്തോറും മനസ്സല്ലാതെയായി മാറി ശ്രദ്ധയായി മാറും. ശ്രദ്ധ കൊണ്ട് എന്ത് പ്രയോജനം? ശ്രദ്ധാവാൻ ലഭതേ ജ്ഞാനം.ശ്രദ്ധയുണ്ടായാൽ ശ്രദ്ധാ ശക്തി സ്വരൂപത്തെ ഗ്രഹിക്കും. അകമേയ്ക്ക് അന്തർയാമിയായിട്ട് പ്രകാശിക്കുന്ന ഭഗവാനെ അറിയണമെങ്കിൽ ശ്രദ്ധാ ശക്തി ഉണരണം. നമ്മുടെ ശ്രദ്ധയെ സ്വരൂപത്തിനു നേർക്ക് തിരിക്കുന്നതിന് പകരംഎപ്പോഴും ബാഹ്യമായ കാര്യങ്ങളിൽ വ്യാപരിച്ചു കൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം ഊർജ്ജവും ഈ ശരീരത്തെ നിലനിർത്തുന്നതിന് വേണ്ടിയും , അതിന്റെ സൗഖ്യത്തിനും, അതിനെ കുറിച്ചുള്ള ചിന്തയിലും, അതിനെ കുറിച്ചുള്ള വ്യാകുലതകളിലും ആണ് നാം ചിലവിടുന്നത്. നിരന്തരം നമ്മുടെ ഊർജ്ജം ഇതിലേയ്ക്ക് പോകുന്നത് കണ്ടിട്ടാണ് ഋഷികൾ ഇതിനെ നിരോധിക്കാനായുള്ള വഴി തേടിയത്.
ഒരു വഴി എല്ലാം ഭഗവാന് വിട്ടു കൊടുക്കു എന്നുള്ളതായിരുന്നു. അപ്പോൾ അത്രകണ്ട് ഭഗവാനിൽ വിശ്വാസം പോരെന്നായി ചിലർക്ക്. എങ്കിൽ മായ എന്ന വിശദീകരണം വന്നു. എല്ലാം മായയാണ് അതിൽ ഇത്രയധികം ശ്രദ്ധ പതിപ്പിക്കരുത്. ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ശ്രദ്ധയെ അവിടുന്ന് എടുക്കലാണ് ഉദ്ദേശം.
ബീജസ്യാംതതി വാംകുരോ ജഗദിതം പ്രാങ് നിർവികല്പം പുനഃ
മായാകല്പിത ദേശകാലകലനാ വൈചിത്ര്യചിത്രീകൃതമ് |
മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
തസ്മൈ ശ്രീഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 2 ||
ബീജസ്യാംതതി വാംകുരോ
ഒരാൽ വൃക്ഷത്തിന്റെ വിത്ത് പോലെ വളരെ ചെറിയ വിത്ത്. സാധാരണ പക്ഷി തിന്ന് കാഷ്ടിച്ചിട്ടാണ് ആൽ വൃക്ഷമൊക്കെ മുളച്ച് വരുന്നത്. കിണറ്റിൻ കരയിലും, അമ്പല പരിസരത്തും ഒക്കെ മുളയ്ക്കും. ഇത്രയും ചെറിയ വിത്തിൽ നിന്നും അംഗുരം മുളയ്ക്കും പിന്നെ ചെടിയാകും, മരമാകും, വലിയ ശാഖോപശാഖയായിട്ട് വളരും.അതിൽ ആയിരക്കണക്കിന് വിത്തുകളുണ്ടാകും, അതിൽ ഒരു വിത്ത് മുളപ്പിച്ചാൽ ഇതേ പോലൊരു വൃക്ഷം ഉണ്ടാകും. ആ വൃക്ഷത്തിലും ആയിരക്കണക്കിന് വിത്തുകളുണ്ടാകും, അതിലെ വിത്തുകളും ഇതു പോലെ വലിയ വൃക്ഷങ്ങളാകും. ഇവിടെ വിത്തിന്റെ ശക്തിക്ക് യാതൊരു കുറവും വരുന്നില്ല. ഇപ്പൊഴും ഒരു വിത്ത് മുളപ്പിച്ചാൽ ആദ്യത്തെ വൃക്ഷം പോലെ തന്നെയുണ്ടാകും. ഒരു വിത്തിന്റെ ഉള്ളിൽ ഇത്രയും പരമ്പരയുണ്ടാക്കാനുള്ള ശക്തിയുണ്ട്. ഈ വിത്തെടുത്ത് നോക്കിയാൽ ഇതിനുള്ളിൽ ഇത്രയും വലിയ വൃക്ഷമുണ്ടെന്ന് പറയാനേ കഴിയില്ല.
പണ്ടൊരിക്കൽ രമണ ഭഗവാൻ ഭക്തരോടൊപ്പം സമുദ്രം ഏരി എന്ന ഒരു ജല സംഭരണി കാണാൻ പോയിരുന്നു. അവിടുത്തെ രാജ്ഞിക്ക് സമുദ്രം എങ്ങനെയിരിക്കുന്നു എന്നറിയാൻ ആഗ്രഹമുണ്ടായതിനെ തുടർന്ന് രാജാവ് നിർമ്മിച്ചതാണ് സമുദ്രം ഏരിയെന്ന ഈ ജല സംഭരണി. അവിടേയ്ക്ക് പോകുന്ന വഴിക്ക് അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു പനയുടെ പൊത്തിൽ പക്ഷി ആൽ മരത്തിന്റെ വിത്ത് കാഷ്ടിച്ചിട്ടാകാം, ആ ദ്വാരത്തിൽ ഒരു വലിയ ആൽമരം വളർന്ന് വന്ന് പനയെ അതിന്റെ ഉള്ളിലാക്കി നിൽക്കുകയാണ്. ഇത് കാണിച്ച് കൊടുത്തിട്ട് രമണ ഭഗവാൻ രണ്ട് ഉദാഹരണം പറഞ്ഞു.
ഒന്നാമത്തെ ഉദാഹരണം അജ്ഞാനിയുടെ ഉള്ളിൽ വാസനയുടെ വിത്ത് വീണാൽ ആ വാസനാ ബീജം ആൽമരം പനയെ മുഴുവൻ വളച്ച് പിടിച്ച പോലെ നമ്മുടെ മനസ്സും നമുക്കുള്ളിൽ പൊന്തിയിട്ട് നമ്മളെ കെട്ടി വരിഞ്ഞ് നിർത്തിയിരിക്കുന്നു. രണ്ടാമത്തെ ഉദാഹരണം ഗുരുകൃപ ഒരു വിത്തായിട്ടുള്ളിൽ വീണാലും അത് ജ്ഞാനമാകുന്ന വൃക്ഷമായി മുളച്ച് പൊന്തി അനുഭൂതിയായിട്ട് വളരും.
Nochurji.
Malini dipu

No comments: