Saturday, May 04, 2019

മഹാഭാരത യുദ്ധത്തിന് മുമ്പ്‌ അര്‍ജുനനും ദുര്യോധനനും സഹായത്തിനായി കൃഷ്‌ണന്റെ അടുത്ത് ചെല്ലുകയുണ്ടായി...
അപ്പോൾ കൃഷ്ണൻ നിദ്രയിലായിരുന്നൂ...
ആദ്യം എത്തിയ ദുര്യോധനന്‍ കൃഷ്‌ണന്റെ തലയുടെ പിറകില്ലുള്ളൊരു പീഠത്തിൽ(കസേരയിൽ) ഇരുന്നു...
വൈകിയെത്തിയ അര്‍ജുനന്‍ കൃഷ്‌ണന്റെ പാദങ്ങള്‍ക്കടുത്തായി നിലത്തിരുന്നു...

കൃഷ്‌ണന്‍ ഉണര്‍ന്നപ്പോള്‍ കണ്ണിന്‌ നേരെ ഇരുന്ന അര്‍ജുനനെ ആദ്യം കാണുകയും സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്താണന്ന്‌ അർജുനനോട് ചോദിക്കുകയും ചെയ്‌തു...
എന്നാല്‍, അര്‍ജുനനേക്കാള്‍ മുമ്പേ എത്തിയ ദുര്യോധനന്‌ ഇതില്‍ ദേഷ്യം വരികയും അദ്ദേഹമാണ് ആദ്യം എത്തിയതെന്ന്‌ പറഞ്ഞു തർക്കിക്കുകയും ചെയ്തു...
പക്ഷേ, കൃഷ്ണൻ പറഞ്ഞു ആര് ആദ്യം വന്നാലും ശരി, ഞാൻ ആദ്യം കണ്ടത് അർജുനനെയാണ് അതുകൊണ്ട് അർജുനൻ അവന്റെ ആവശ്യം പറയട്ടെ...

ദുര്യോധനൻ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു:
"കൃഷ്ണാ... ബലരാമൻ ജ്യേഷ്ഠൻ പറഞ്ഞത് അങ്ങ് പക്ഷപാതം കാണിക്കില്ലന്നാണ്... പക്ഷേ, ഈ കാണിക്കുന്നത് പക്ഷപാതമാണ്"...

"ദുര്യോധനൻ ജ്യേഷ്ഠാ... ഇത് പക്ഷപാതമല്ല, ആദ്യം എന്റെ മുമ്പിൽ വരുന്നവരാരോ അവരുടെ ആവശ്യമാണ് ആദ്യം നിറവേറ്റുക എന്നാണ് പറഞ്ഞത്...
ആദ്യം എന്റെ മുന്നിൽ വന്നത് അർജുനനാണ്, താങ്കൾ പിറകിലാണിരുന്നത്... അത് കാരണം താങ്കളെ ആദ്യം കാണാനുമായില്ല...
അതുകൊണ്ട്, അർജുനൻ തന്നെ ആദ്യം ആവശ്യപ്പെടേണ്ടതാണ്"...
എന്ന് കൃഷ്ണൻ പറഞ്ഞു...

കൂടാതെ, കൃഷ്ണനും തന്റെ നാരായണീ സേനയും ഒരു പക്ഷത്ത് നിൽക്കുകയില്ലന്ന് അർജുനനോടും ദുര്യോധനനുമോടായി പറഞ്ഞു...
അതായത് കൃഷ്ണൻ ആരുടെ പക്ഷത്താണോ അതിനെതിരായിരിക്കും കൃഷ്ണന്റെ നാരായണീ സേനയെന്ന സൈന്യം നിൽക്കുക...

നാരായണീ സേന വിശ്വത്തിലെ ഏറ്റവും ശക്തിയും ബുദ്ധിയുമുള്ള സേനയാണ്...
അവരെ തോല്പിക്കുക എന്നത് അസാദ്ധ്യമാണ്...
പക്ഷേ, സുദർശന ചക്രത്താൽ അവരെ നിഷ്പ്രയാസം ഇല്ലാതാക്കാനുമാകും...
അതുകൊണ്ട്, ആരുടെ പക്ഷത്താണെങ്കിലും ഈ യുദ്ധത്തിൽ കൃഷ്ണൻ ആയുധം എടുക്കുകയില്ലെന്നും നിരായുധനായായിരിക്കും യുദ്ധഭൂമിയിൽ ഉണ്ടാവുകയെന്നും രണ്ടുപേരെയും ബോധിപ്പിച്ചു...
ഒരു പക്ഷത്ത് കൃഷ്ണൻ മാത്രം, മറുപക്ഷത്ത് വിശ്വത്തിലെ ശ്രേഷ്ഠമായ നാരായണീ സേനയും...
തുടർന്ന് ഇതിൽ ഏതാണെങ്കിലും ആവശ്യപ്പെടാമെന്ന് കൃഷ്ണൻ അർജുനനോട് പറഞ്ഞു... 

കൃഷ്‌ണന്‍ സ്വന്തം പക്ഷത്ത്‌ നില്‍ക്കണം എന്നാണ്‌ അര്‍ജുനന്‍ ആവശ്യപ്പെട്ടത്‌...
ഇത്‌ കേട്ട ദുര്യോധനന് സന്തോഷമായി...
കാരണം, അദ്ദേഹത്തിന്‌ ആവശ്യം കൃഷ്‌ണന്റെ നാരായണീ സേനയെ മാത്രം ആയിരുന്നു...
നിരായുധനായ കൃഷ്‌ണനെ ആയിരുന്നില്ല...
നിരായുധനായ കൃഷ്ണനെ തിരഞ്ഞെടുത്തത് മൂഢത്വമാണെന്ന് പറഞ്ഞ് ദുര്യോധനൻ അർജുനനെ കളിയാക്കുകയും ചെയ്തു...
ദുര്യോധനൻ തനിക്ക് ലഭിച്ച നാരായണീ സേനയിൽ അഹങ്കരിക്കുകയും ചെയ്തു...
കാരണം ദുര്യോധനന് യുദ്ധത്തിന്റെ വിജയം മാത്രമാണ് ലക്ഷ്യം...

എന്നാൽ അർജുനന്റെ ലക്ഷ്യം കൃഷ്ണന്റെ ധർമ്മം മാത്രമാണ്...
യുദ്ധത്തിൽ ആര് ജയിച്ചാലും ശരി തോറ്റാലും ശരി, പക്ഷേ, യുദ്ധം തീർത്തും ധർമ്മയുദ്ധമായിരിക്കണം... യുദ്ധം ധർമ്മയുദ്ധമാകണമെങ്കിൽ കൃഷ്ണൻ സ്വന്തം പക്ഷത്ത് നിൽക്കണമെന്ന് അർജുനൻ ആഗ്രഹിച്ചു...
ആ ആഗ്രഹം നടക്കുകയും യുദ്ധം പാണ്ഡവപക്ഷത്തിനെ വിജയിപ്പിക്കുകയും ചെയ്തു...

സത്യത്തിൽ കരുത്തും ആൾബലവുമാണ് ശക്തിയെന്ന് തെറ്റുദ്ധരിച്ച ദുര്യോധനൻ(കൗരവർ) പരാജയപ്പെടുകയും തനിച്ചാണെങ്കിലും ധർമ്മമാണ് ശരിയെന്ന് മനസ്സിലാക്കിയ അർജുനൻ(പാണ്ഡവർ) വിജയിക്കുകയും ചെയ്തു എന്ന് പറയുന്നതാവും ശരി...

നമ്മളിൽ പലരും ഇതുപോലാണ്...
ചെറിയ കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിലത് തിരഞ്ഞെടുക്കും, ഗുണമില്ലന്ന് കരുതി പലതും വേണ്ടെന്ന് വെക്കും...
എന്നാൽ തിരഞ്ഞെടുത്തത് വലിയ എന്തോ ആണെന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യും...
എന്നിട്ട് വിചാരിച്ച നേട്ടം കിട്ടുന്നുണ്ടോ???

തിരഞ്ഞെടുക്കേണ്ടത് നമ്മുക്ക് വേണ്ടുന്നതിനെയല്ല നമ്മളെ വേണ്ടതിനെയാണ്...
കൃഷ്ണന്റെ മനസ്സറിഞ്ഞ് അർജുനൻ തിരഞ്ഞെടുത്തത് പോലെ...
നിരായുധനായ കൃഷ്ണനെക്കൊണ്ട് എന്ത് നേട്ടം എന്നായിരുന്നു ദുര്യോധനൻ ചിന്തിച്ചത്...
പക്ഷേ, നിരായുധനായ കൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് പാണ്ഡവർ യുദ്ധത്തിൽ വിജയിക്കുന്നത്...
ആ വിജയത്തിനു പിന്നിൽ കൃഷ്ണൻ മാത്രമാണ് എന്ന് പറയുന്നതിലും നല്ലത് കൃഷ്ണനിൽ ഉറച്ച് വിശ്വസിച്ച് കൃഷ്ണന്റെ നിർദ്ദേശങ്ങളെല്ലാം പൂർണമായി അനുസരിച്ച പാണ്ഡവരുമാണ് എന്നൂടെ പറയുന്നതാണ്...

ജീവിതത്തിൽ പലരും തോറ്റുവെന്ന് തോന്നുന്നതിന്റെ കാരണം ഇതാണ്...
സ്വന്തം ലാഭത്തിനു വേണ്ടിയും ഫലം പ്രതീക്ഷിച്ചുമല്ല നന്മയും തിന്മയും ചെയ്യേണ്ടത്...
ഫലം പ്രതീക്ഷിച്ച് നന്മ ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്!!!
അതൊരിക്കലും നന്മയുടെ ഉന്നതിയിലേക്ക് എത്തുകയില്ല...
അതുകൊണ്ട്, ഫലം എന്തുമായിക്കൊള്ളട്ടെ...
എപ്പോഴും ധർമ്മം മാത്രം തിരഞ്ഞെടുക്കുക...
അതാണ് സ്വമനസ്സിനെ യഥാർത്ഥ നന്മയിലേക്ക് എത്തിക്കുക...

"കർമഫലകാംക്ഷ കൂടാതെ കടമയെന്ന നിലയ്ക്ക് കർത്തവ്യം നിറവേറ്റുക...
നിഷ്കാമപ്രവർത്തനം ഭക്തനെ പരമപദത്തിലെത്തിക്കും"...

എന്തു ചെയ്യുമ്പോഴും ഫലം പ്രതീക്ഷിക്കാതെ കടമയെന്ന നിലയ്ക്ക് നല്ല ആത്മാർത്ഥയോടെ ചെയ്യുക...
കർമ്മഫലം ആഗ്രഹിക്കാതെയുള്ള പ്രവർത്തനം മനുഷ്യനെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിലെത്തിക്കും...
😊😊😊

കൃഷ്ണാർപ്പണം.

No comments: