Wednesday, May 08, 2019

ഭക്ഷണം രോഗകാരണമാകുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റാനും സഹായിക്കും. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകും. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. ആന്റി ഓക്സിഡന്റുകൾ അഥവാ നിരോക്സീകാരികൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും പതിവായി ഉപയോഗിക്കുന്നത് കാൻസർ വരാതെ തടയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കാൻസറിനെ തടയും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചില ഭക്ഷണങ്ങൾ ഇതാ. 
1. വെളുത്തുള്ളി 
കറികൾക്ക് രുചി കൂട്ടുക മാത്രമല്ല, കാൻസർ തടയാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയ ഡയാലിൽ ഡൈസർഫൈഡ് സ്തനാർബുദം തടയും. ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. 
2. കാരറ്റ്
കാരറ്റിൽ അടങ്ങിയ ബീറ്റാകരോട്ടിൻ കാൻസറിനെ പ്രതിരോധിക്കും. ഈ ആന്റിഓക്സിഡന്റ്, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും കാൻസർ വരാതെ തടയുകയും ചെയ്യും. ഒന്നിടവിട്ട ദിവസം ഒരു ചെറിയ ബൗൾ കാരറ്റ് അരിഞ്ഞത് പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്. 
3. മഞ്ഞൾ
മഞ്ഞളിന് കാൻസർ തടയാൻ കഴിവുണ്ട് എന്നത് നിരവധി ഗവേഷണഫലങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. അനിയന്ത്രിതമായ കോശവളർച്ച, മെറ്റാസ്റ്റാസിസ് ഇവ കുർകുമിൻ തടയുന്നു. ദിവസവും ഒരു ടീസ്പൂൺ മഞ്ഞൾ ഉപയോഗിക്കാം. 
4. പപ്പായ 
പപ്പായയും പപ്പായ ഇലയുടെ സത്തും കാൻസർ തടയാന്‍ സഹായിക്കുന്നു. പപ്പായയിലടങ്ങിയ ഫ്ലേവനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങൾ ഉള്ളതാണ്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നു. കൂടാതെ പപ്പായ ഇലയുടെ സത്ത് പ്രോസ്റ്റേറ്റ് അർബുദം തടയും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഴുത്തതോ പച്ചയോ ആയ പപ്പായ ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കാം. 
5. നെയ്യ്
ആയുർവേദത്തിൽ പിത്തദോഷങ്ങളെ ശമിപ്പിക്കാൻ നെയ്യ് ഉപയോഗിക്കുന്നു. നെയ്യ് ഉപയോഗിക്കുന്നത് കരളിലെ അർബുദത്തെ പ്രതിരോധിക്കും. ദിവസവും ഒന്നു രണ്ട് ടീസ്പൂൺ നെയ്യ് ഉപയോഗിക്കാം. നെയ്യ് അമിതമായി ചൂടാക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം. 
6. കൂൺ 
 പ്രോട്ടീൻ ധാരാളമടങ്ങിയ കൂൺ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ആന്റി ഓക്സിഡേറ്റീവ്, ആന്റി മൈക്രോബിയൽ ഗുണങ്ങളുള്ള കൂൺ, അലർജി, അർബുദം, ഇവയെ തടയുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ക്രെസ്റ്റിൻ, കാൽസെയ്‍ലിൻ, ഹിസ്പോളൻ, ലെന്റിനാൻ തുടങ്ങിയ കാൻസറിനെ തടയുന്ന സംയുക്തങ്ങൾ കൂണിൽ ഉണ്ട്. സ്തനാർബുദം, മലാശയ അർബുദം, ശ്വാസകോശാർബുദം, രക്താർബുദം, പ്രോസ്റ്റേറ്റ് അർബുദം എന്നിവയെ പ്രതിരോധിക്കാൻ കൂണിന് കഴിവുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ അര മുതൽ ഒരു കപ്പ് വരെ കൂൺ ഉപയോഗിക്കാം. വേവിച്ച് കഴിക്കുന്നതാണ് നല്ലത്. 
7. കറുവാപ്പട്ട
കറുവാപ്പട്ടയിൽ ടാനിൻ, എസൻഷ്യൽ ഓയിൽ, കാർബോഹൈഡ്രേറ്റ് തുടങ്ങിയവ ഉണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനാകും. ആന്റി ഓക്സിഡന്റ് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. കാൽ ഇഞ്ച് കറുവാപ്പട്ടയോ 1/4 ടീസ്പൂൺ കറുവപ്പട്ട പൊടിച്ചതോ ദിവസവും ഉപയോഗിക്കാം. കറുവാപ്പട്ട വെള്ളത്തിൽ ഒരു രാത്രി ഇട്ടുവച്ചശേഷം ആ വെള്ളം കുടിക്കുകയോ കറുവപ്പട്ട ചേർത്ത ചായ കുടിക്കുകയോ ചെയ്യാം. 
8. തക്കാളി
കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ തക്കാളി സഹായിക്കുന്നു. ലൈക്കോപ്പീൻ ആണ് ഈ ഗുണങ്ങളേകുന്നത്. ശ്വാസകോശം, പ്രോസ്റ്റേറ്റ്, ഫാരിൻക്സ്, ലാരിൻക്സ്, മലാശയം, സ്തനം, സെർവിക്സ്, അണ്ഡാശയം, വായ എന്നിവിടങ്ങളിലെ അർബുദം തടയാൻ ഫലപ്രദം. ദിവസവും ഒന്നോ രണ്ടോ തക്കാളി കഴിക്കാം. പച്ചയ്ക്കു കഴിക്കുന്നതാണ് ഏറെ നല്ലത്. യൂറിക് ആസിഡിന്റെ അളവ് നിങ്ങളുടെ ശരീരത്തിൽ കൂടുതലാണെങ്കിൽ കുരു നീക്കം ചെയ്തശേഷം കഴിക്കാൻ ശ്രദ്ധിക്കുക. 
9. നാരകഫലങ്ങൾ 
ഓറഞ്ച്, ചെറുനാരങ്ങ ഇവയെല്ലാം ജീവകം സി എന്ന ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതാണ്. ഇവയിൽ അർബുദം പ്രതിരോധിക്കുന്ന പോളിമീഥോക്സി ഫ്ലേവോണുകൾ അടങ്ങിയിട്ടുണ്ട്. നാരകഫലങ്ങളുടെ തോലിന്റെ സത്ത് പ്രോസ്റ്റേറ്റ് അർബുദം തടയും എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ദിവസവും 75 മുതല്‍ 90 മില്ലിഗ്രാം വരെ ഈ പഴങ്ങൾ കഴിക്കാം. പഴങ്ങളായോ പഴച്ചാറുകൾ (juice) ആയോ ഉപയോഗിക്കാം.
10. ഇഞ്ചി
കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമറുകളുടെ വളർച്ച തടയുകയും ചെയ്യുന്ന ജിഞ്ചെറോൾ (gingerol), ഷോഗോൾ (shogaol) എന്നീ ബയോ ആക്ടീവ് സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. ഇഞ്ചിനീര് ഇൻഫ്ലമേഷൻ കുറയ്ക്കുന്നു, കരളിലെ അർബുദം തടയാനും സഹായിക്കുന്നു. ദിവസവും ഒരു അരഇഞ്ച് നീളത്തിലുള്ള ഇഞ്ചി കഷണം ഉപയോഗിക്കാം. 
11. ആപ്പിൾ
കോളോറെക്ടൽ കാൻസർ തടയാൻ സഹായിക്കുന്നു. ആപ്പിളിലടങ്ങിയ വൈറ്റമിനുകളും ഫിനോളിക് സംയുക്തങ്ങളും നിരവധി രോഗങ്ങൾ തടയാൻ സഹായിക്കുന്നു. ദിവസവും ഒരാപ്പിൾ കഴിക്കാം. 
12. ചോളം
അർബുദകോശങ്ങളുടെ വളർച്ചതടയുന്നു. കാർബോഹൈഡ്രേറ്റ് ധാരാളമുള്ള ചോളം ഊർജ്ജത്തിന്റെ കലവറയാണ്. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി, ആന്റി ട്യൂമർ, ആന്റി ഹൈപ്പർടെൻസീവ് ഗുണങ്ങൾ ചോളത്തിനുണ്ട്. ദിവസവും അരകപ്പ് ചോളം വേവിച്ച് കഴിക്കാം. ചോളം വറുത്ത് കഴിക്കുന്നത് ഒഴിവാക്കണം. 
13. ഈന്തപ്പഴം
കരളിലെ കാൻസർ തടയാൻ ഫലപ്രദം. ഇൻഫ്ലമേഷൻ കുറയ്ക്കുന്നു, രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു, കരളിന്റെ നാശം തടയുന്നു. ദിവസവും ആറോ ഏഴോ ഈന്തപ്പഴം വീതം കഴിക്കാം. 
14. മുന്തിരിക്കുരു
മുന്തിരിക്കുരുവിന്റെ  സത്തിന് കാൻസർ തടയാനുള്ള കഴിവുണ്ട്. Proanthocyanidins ഇവയിലുണ്ട്. ചർമാർബുദം, പ്രോസ്റ്റേറ്റ്, സ്തന അർബുദങ്ങൾ, കോളൻ കാൻസർ ഇവ തടയുന്നു. രാവിലെയും രാത്രികിടക്കും മുൻപും ഇത് കഴിക്കുന്നത് നല്ലതാണ്. 
15. മാതളം 
മാതളത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അതിലൊന്നാണ് അർബുദം തടയും എന്നത്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള മാതളം, ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്നു. സ്തനാർബുദം, ശ്വാസ കോശാർബുദം, മലാശയം, ചർമം, പ്രോസ്റ്റേറ്റ് അർബുദങ്ങളെ തടയുന്നു. ദിവസവും അര കപ്പോളം മാതളം കഴിക്കാം.

Ref....silverdrop coconut

No comments: