Friday, September 27, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  190
അപ്പൊ സുഖം വേണം എന്നു ജീവൻ നിശ്ചയിക്കണം ഒന്നാമത്തെ സ്റ്റെപ്പ്.രണ്ടാമത്തെ സ്റ്റെപ്പ് സുഖത്തിനു വിരോധിയായ വസ്തുക്കളെ ഒന്നുകിൽ കഴിയുമെങ്കിൽ ധൈര്യമുണ്ടെങ്കിൽ തള്ളി മാറ്റാ അതിനെയാണ് സന്യാസം എന്നു പറയാ . തള്ളിമാറ്റാൻ കഴിവില്ലെങ്കിൽ അതു കൊണ്ട് ആന്തരികമായി ബാധിക്കപ്പെടാതെ നില്ക്കാ ഇതിനു യോഗം എന്നു പേര് രണ്ടു മാർഗ്ഗം. സന്യാസം എന്താണ്? വലിച്ചെടുത്ത് എറിയാ.രണ്ടാമത്തെ മാർഗ്ഗം യോഗം എന്താണ്? അതുമായിട്ടു ബാധിക്കപ്പെടാതെ നിൽക്കാ. രണ്ടു മാർഗ്ഗം ആണ് ഉള്ളത്. ഈ രണ്ടു മാർഗ്ഗത്തിൽ ആദ്യത്തെ മാർഗ്ഗത്തിനെ ഭഗവാൻ ആദ്യം പറഞ്ഞു.രണ്ടാമത്തെ മാർഗ്ഗത്തിനെയാണ് ഭഗവാൻ ഇവിടെ പറയണത്. ഈ യോഗ മാർഗ്ഗത്തിൽ പതുക്കെ പതുക്കെ പരിശീലിച്ചു വന്നാലും മതി എന്നാണ്. ഉള്ളിൽ ലക്ഷ്യബോധം ഉറപ്പിച്ചിട്ട് സഞ്ചരിക്കാ. ലക്ഷ്യം ലൗകികമായിട്ടൊന്നും അല്ല നമ്മുടെ സ്വത്ത് എവിടെ ഉണ്ടോ നമ്മളുടെ മനസ്സ് അവിടെ ഉണ്ടാവും. നമ്മുടെ സ്വത്ത് പാക്കറ്റിൽ ആണെങ്കിൽ പാക്കറ്റിൽ എപ്പോഴും ശ്രദ്ധ ഉണ്ടാവും. നമ്മുടെ സ്വത്ത് ബാങ്കിലാണെങ്കിൽ ബാങ്കിനെക്കുറിച്ച് ആലോചിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ സ്വത്ത് ഓഫിസിലാണെങ്കിൽ ഓഫീസിനെക്കുറിച്ച് ചിന്തിക്കും. നമ്മുടെ സ്വത്ത് ആന്തരികമായ ശാന്തി ആണെങ്കിലോ അതു നഷ്ടപ്പെടുത്താതെ എപ്പോഴും  അതിൽ ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കും. ഭഗവാൻ പറയണത് നിങ്ങളുടെ സ്വത്ത് എന്താണെന്ന് ആദ്യം നിശ്ചയിക്കൂ. നിങ്ങളുടെ സ്വത്ത് പണമോ പ്രസിദ്ധിയോ ശരീരാരോഗ്യമോ കുടുംബ സൗഖ്യമോ ലോകത്തിൽ എന്തെങ്കിലും ആണെങ്കിൽ ഒരു കാര്യം ഞാൻ പറയാം ഇതു വരെ ആർക്കും ഈ വക കാര്യങ്ങളിലൊന്നും പെർഫക്ട് ആയിട്ടിരിക്കാൻ പറ്റിയിട്ടില്ല. അതു കൊണ്ട് കുടുബ ജീവിതത്തിൽ എപ്പോഴും സൗഖ്യമായിട്ടിരിക്കാ എന്നുള്ളത് സാധ്യമല്ല പണം എപ്പോഴും വച്ചു കൊണ്ടിരിക്കാ എന്നുള്ളതും സാധ്യമല്ല. ആരോഗ്യമായിട്ടിരിക്കാ എന്നുള്ളതും സാധ്യമല്ല .ഇത് ഒന്നും ഉറപ്പ് പറയാൻ പററണ കാര്യം അല്ല . പക്ഷേ നിങ്ങളുടെ ശ്രദ്ധ ആത്മാവിലാണെങ്കിൽ ശാന്തിയിലാണെങ്കിൽ , ശാന്തിയാണ് ആത്മാവിന്റെ സ്വരൂപം. ശാന്തിയിലാണെങ്കിൽ അത് നഷ്ടപ്പെടാതെ രക്ഷിക്കുവാനുള്ള വഴി പറഞ്ഞു തരാം. അതിനെ യോഗം എന്നു പറയുന്നു. അത് ശാശ്വതമാണ് അതൊന്നും നഷ്ടപ്പെട്ടു പോവൂല്യാ എത്രകണ്ട് നേടിയോ അത് അങ്ങനെത്തന്നെ നിൽക്കും . ഒരിക്കലും നഷ്ടമാവില്ല അതിന് റിയാക്ഷനും ഇല്ല. നേരെ മറിച്ച് സുഖത്തിനൊക്കെ റിയാക്ഷനും ഉണ്ട്. നമ്മള് വല്ലാതെ സുഖിച്ചാൽ അത് കഴിഞ്ഞാൽ അടുത്തത് ഡിപ്രഷൻ വരും. ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പൊ ഈ സത്സംഗത്തിൽ തന്നെ ചിലര് ഇമോഷണലി റിയാക്റ്റ് ചെയ്യും. സപ്താഹം ഒക്കെ കഴിയുമ്പോൾ വല്ലാത് ആനന്ദിച്ച് തുള്ളിയും ആടിയും ഒക്കെ ചെയ്ത് അത് കഴിയുമ്പോൾ ഒരു ഡിപ്രഷൻ ആവും. ചിലപ്പൊ ഭജനക്ക് ഒക്കെ വല്ലാതെ നർത്തനം ചെയ്യും ലഹരി കാണിക്കും അത് കഴിഞ്ഞാൽ ഡിപ്രഷൻ ആയിരിക്കും. എന്തിനും മേലെ കയറിയാൽ ചുവട്ടില് വരും. അത് പ്രകൃതിയുടെ നിയമമാണ്. മേപ്പട്ട് പോയാൽച്ചുവട്ടിലേക്ക് വരും. ഭഗവാൻ പറയണത് അങ്കടും ഇങ്കടും പോവാതെ അങ്കട് നില്ക്കാ നിൽക.നിലക്ക് നിന്നാൽ മലക്ക് സമം. ഈ ഇമോഷൻ, മനസ്സാണ്  ഈ മേലോട്ടും താഴോട്ടും പോകുന്നത്. എവിടെ ഒക്കെ എക്സൈറ്റുമെന്റ് ഉണ്ടോ അവിടെ ഒക്കെ മനസ്സുണ്ട് . ഇത് അറിഞ്ഞിട്ട് ശാന്തിയില് ഗ്രഡേഷനേ ഇല്ല. ശാന്തിയില് ഏറ്റക്കുറവ് ഒന്നും ഇല്ല . ശാന്തി പൂർണ്ണമാണ്.ശാന്തി ആത്മാവിന്റെ സ്വരൂപമാണ് എന്ന് അറിഞ്ഞ് ആന്തരികമായ ആ ശാന്തിയെ നേടിയിട്ട് അതിനെ നഷ്ടപ്പെടാതെ രത്നം പോലെ സൂക്ഷിക്കണം. ബാക്കി ഒക്കെ എന്തു വേണങ്കിലും ആവട്ടെ ഒക്കെ നഷ്ടമാകും പണം പോവാണെങ്കിൽ പോട്ടെ, പേരും പ്രശസ്തിയും ഒക്കെ നഷ്ടമാവാണോ നഷ്ടമാകട്ടെ നമ്മുടെ ശരീരത്തിൽ കൈയ്യും കാലും മുറിഞ്ഞുപോവുന്നുവോ പോട്ടെ എന്തൊക്കെ പോയാലും ഈ ഉള്ളിലുളള എന്റെ വലിയ സമ്പത്തായിട്ടുള്ള ശാന്തി, ആ ശാന്തിയെ ഇനി മേലാൽ ഞാൻ നഷ്ടപ്പെടുത്തി കളയില്ലാ എന്നു തീരുമാനിക്കാ . ഇതിൽ ചിലപ്പോൾ നമുക്ക് സ്വാർത്ഥതയാണോ എന്നൊക്കെ തോന്നിപ്പോവും സ്വാർത്ഥതയാണെങ്കിൽ ആ സ്വാർത്ഥത ഇരിക്കട്ടെ എന്നു വക്കാ. നമുക്ക് ചിലപ്പോൾ വേണ്ടപ്പെട്ടവർക്ക് വല്ലാത്ത വിഷമം വരുമ്പോൾ ഇത് നടുവില് വരും ശാന്തമായിട്ടു നിൽക്കണം എന്നു തോന്നും അപ്പൊ ലോകത്തിലുള്ളവര് കരയുമ്പോൾ നമ്മള് കരയാതിരുന്നാൽ ശരിയാവുമോ എന്നു തോന്നും അപ്പോൾ കരയാതെ നിന്നു നോക്കാ. സ്വാർത്ഥമായി ശാന്തിയെ പിടിച്ചു നിർത്തിയിട്ട് ആ കരയണ ആളെ ഒന്നു പോയി തൊടൂ .അയാൾക്ക് വലിയ അനുഗ്രഹമാവും. കൂടെകരയുന്നവരെക്കാളും ശാന്തമായി നിൽക്കണവർ അടുത്തു വന്നു നിന്നാൽ അയാൾക്ക് ആശ്വാസം ഉണ്ടാവും. അപ്പോൾ മനസ്സിലാവും നമ്മളുടെ സ്വാർത്ഥതയാണ് ലോകത്തിന് ഏറ്റവും വലിയ ഗുണം. ശാന്തിയെ പിടിക്കണതിൽ സ്വർത്ഥത.അത് ഏറ്റവും വലിയ നിസ്വാർത്ഥതയാണ്.ഈ ഒരു കാര്യം നിശ്ചയിച്ച് എന്റെ ജീവിത ലക്ഷ്യം ശാന്തി ആണെന്നും ഏത് അവസ്ഥയിലും , ഏതു ദ്വന്ദങ്ങളിലും, എന്തൊക്കെ ഉണ്ടായാലും ഈ ഉള്ളിലുള്ള ഈ വലിയ സമ്പത്തിനെ ഇനി മേലാൽ നഷ്ടപ്പെടുത്തി കളയില്ല എന്ന് തീരുമാനിച്ച് ശ്രദ്ധയെ സദാ അവിടെ വച്ചു കൊണ്ടിരിക്കുന്നവൻ വടക്കുനോക്കിയന്ത്രം പോലെ ജീവിതം എങ്ങോട്ട് ഒഴുകിയാലും ബുദ്ധി ഈ ശാന്തിയെ രക്ഷിക്കുന്നതിലാണ് എന്നത് ആർക്കുണ്ടോ അയാളുടെ ജീവിത നിശ്ചയം വ്യവസായാത്മികാ ബുദ്ധി എന്ന് ഭഗവാൻ അടുത്ത ശ്ലോകത്തില് പറയുണൂ. ഗീതയിൽ വഴികാട്ടി ശ്ലോകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം ആണ് ഇത്.
(നൊച്ചൂർ ജി )
Sunil Namboodiri 

No comments: