Monday, September 30, 2019

ശ്രീ രുദ്രം
              -------------
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)

              പ്രഥമോ/നുവാക:

 ഈശ്വരന്റെ തടസ്ഥലക്ഷണവും സ്വരൂപ ലക്ഷണവും പ്രത്യേകം പറഞ്ഞു പിന്നേയും അധർമ്മത്തെ നശിപ്പിക്കുന്ന ഉഗ്രരൂപം ഓർത്ത് ഭക്തനെ മാത്രമല്ല സ്ഥാവരജംഗമങ്ങളേയും കൂടി ഹിംസിക്കരുതെന്നു പ്രാർത്ഥിക്കുന്നു.

               ശ്ലോകം   - 4 -

    യാമിഷ്ഠം ഗിരിശന്ത ഹസ്തേ ബിഭർഷ്യസ്തവേ
ശിവാ ഗിരിത്ര താം കരു മാ ഹിംസീ :പുരുഷം ജഗത് .

   അന്വയം :-

ഹേ ഗിരിശന്ത! അസ്തവേ യാം ഇഷ്ഠം ഹസ്തേ ബിഭർഷി , താം ശിവാം കുരു ഹേ ഗിരിത്ര! പുരുഷം ജഗത് മാ ഹിംസീ :

അർത്ഥം :-

കൈലാസവാസിയും ലോകക്ഷേമത ല്പരനുമായ രുദ്ര ,അങ്ങയുടെ ഗുണങ്ങളെ കീർത്തിക്കാത്തവരിൽ പ്രയോഗിക്കുവാൻ കയ്യിൽ ധരിച്ചിട്ടുള്ള ആ ബാണത്തെ ഹേ ഗിരിത്ര , ശാന്തമാക്കിച്ചെയ്താലും .അതുകൊണ്ട് മനുഷ്യനേയും ഇതര പ്രാണികളേയും ഹിംസിക്കാതിരിക്കേണമേ!

വിവരണം :-

ഈ മന്ത്രത്തിൽ 'ഗിരിശന്ത' എന്ന സംബോധന കൊണ്ട് സകല സുഖദാതൃത്വം എന്ന ഗുണത്തെ അനുസ്മരിപ്പിക്കുന്നു. അതുകൊണ്ട് അധാർമ്മികരെ ശിക്ഷിപ്പാൻ കയ്യിലെടുത്തിട്ടുള്ള ആ ശരം കർത്തവ്യനിഷ്ഠനായ ഭക്തന്റെ പ്രാർത്ഥനകൊണ്ട് അവന് ഗുണമായി ശാന്തമാക്കി തീർത്തിരിക്കുന്നു. എന്ന് അർത്ഥം.
'ശിരിത്ര' എന്ന സംബോധനകൊണ്ട് സത്കർമ്മം ചെയ്യുന്നവരെ രക്ഷിക്കുന്നവനെന്നും കാലവർഷാദി കൊണ്ട് ലോകത്തെ സസ്യ സമ്പൂർണ്ണമാക്കുന്നവനെന്നും അഭീഷ്ടദാനംകൊണ്ട് പ്രാർത്ഥിക്കുന്നവരെ രക്ഷിക്കുന്നവനെന്നും അർത്ഥം സിദ്ധിക്കുന്നു.

പ്രതിജ്ഞാബദ്ധമായി കർത്തവ്യകർമ്മത്തിൽ ബദ്ധശ്രദ്ധനായ ഭക്തൻ ലോകങ്ങളുടെ ക്ഷേമത്തിന് പ്രവർത്തിക്കുമ്പോൾ അതിവൃഷ്ടി ,അനാവൃഷ്ടി മുതലായ ഈതികളില്ലാതിരിപ്പാനും എല്ലാ പ്രാണികൾക്കും അന്നപാനാദികളെ കൊണ്ട് തൃപ്തിയും താപത്രയനിവൃത്തിയും ഉണ്ടാകുവാനും ഈശ്വര കാരുണ്യം ആവശ്യമാണെന്ന് നിശ്ചയിച്ച് അതിനു വേണ്ടി പ്രാർത്ഥിക്കേണ്ടതാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. ഈശ്വര കാരുണ്യം കൊണ്ട് മാത്രമേ ഇന ലോകം നിരുപദ്രവമായിരിക്കുകയുള്ളൂ .അല്ലാതെ ദേഹാഭിമാനികളുമായി എന്തല്ലാം ആലോചിച്ചു പ്രവർത്തിച്ചാലും ക്ഷേമമുണ്ടാകുകയില്ല.

സനാതന ധർമ്മത്തിന്റെ സാരതരമായ ധർമ്മമാണ് ഹിംസ ശൂന്യത ,അതായത് അഹിംസ .ആ അഹിംസ ദേഹാഭിമാനം ഉള്ളതു വരെ ആർക്കും കണകാൺമാൻ സാധിക്കുന്നതല്ല. നേരെ മറിച്ച് അഹിംസാ സ്വരൂപവും പരമാനന്തരൂപവുമായ ആ ജഗന്നിയന്താവിനെ ശരിക്കും ഭാവന ചെയ്യുന്നവന് മാത്രമേ അത് ഉണ്ടാകുകയുള്ളൂ ഈ തത്ത്വത്തെ ഉള്ളിൽ വെച്ചു കൊണ്ടാണ് ഈ മന്ത്രം ഒരു പ്രാണിയേയും ഹിംസിക്കരുതെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നത്.

ഈശ്വരാനുഗ്രഹം കൊണ്ടു തിരുപദ്രവമായ ഈ ലോകത്തെ സേവനം ചെയ്യാൻ അടിയനെ അനുഗ്രഹിക്കേണമേ എന്നാണ് ഈ പ്രാർത്ഥനയുടെ സാരം
           
                   (തുടരും )

 അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച

            പി.എം.എൻ.നമ്പൂതിരി.

No comments: